Sub Lead

''വടികൊണ്ട് തല്ലിക്കൊല്ലുന്നത് ചെറിയ കുറ്റമാണോ ?''; അഖ്‌ലാഖിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന കേസ് റദ്ദാക്കാനുള്ള നീക്കത്തിനെതിരേ കുടുംബം ഹൈക്കോടതിയില്‍

വടികൊണ്ട് തല്ലിക്കൊല്ലുന്നത് ചെറിയ കുറ്റമാണോ ?; അഖ്‌ലാഖിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന കേസ് റദ്ദാക്കാനുള്ള നീക്കത്തിനെതിരേ കുടുംബം ഹൈക്കോടതിയില്‍
X

ലഖ്‌നോ: മുഹമ്മദ് അഖ്ലാഖിലെ തല്ലിക്കൊന്ന ഹിന്ദുത്വ സംഘത്തിനെതിരായ കേസ് പിന്‍വലിക്കണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അപേക്ഷക്കെതിരെ കുടുംബം അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. കേസിലെ പതിനാല് പ്രതികളും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടക്കം 21 പേരാണ് ഈ ഹരജിയിലെ എതിര്‍കക്ഷികള്‍. വീട്ടില്‍ ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് 2015ല്‍ ഹിന്ദുത്വ സംഘം അഖ്ലാഖിനെ ദാദ്രിയില്‍ വച്ച് കൊലപ്പെടുത്തിയത്. മകന്‍ ഡാനിഷിനും ഗുരുതരമായി പരിക്കേറ്റു. കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി 2015 ഡിസംബറില്‍ തന്നെ പോലിസ് കുറ്റപത്രം നല്‍കി. 2021 ഫെബ്രുവരിയിലാണ് വിചാരണ തുടങ്ങിയത്.

എന്നാല്‍, സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ കേസ് പിന്‍വലിക്കുന്നത് അത്യാവശ്യമാണെന്ന് വാദിച്ച് കഴിഞ്ഞ മാസം സര്‍ക്കാര്‍ വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി. ഇരുവിഭാഗങ്ങളും തമ്മില്‍ മുന്‍കാല ശത്രുതയില്ല, കൊലപാതകത്തിന് തോക്ക് ഉപയോഗിച്ചിട്ടില്ല, അഖ്‌ലാഖിന്റെ വീട്ടില്‍ നിന്നും ലഭിച്ചത് പശുവിന്റെയും പശുക്കിടാവിന്റെയോ മാംസമാണെന്ന് ഫോറന്‍സിക് റിപോര്‍ട്ട് പറയുന്നു എന്നൊക്കെയായിരുന്നു വാദം. എന്നാല്‍, അഖ്‌ലാഖിന്റെ കുടുംബം ഈ അപേക്ഷയെ ശക്തമായി എതിര്‍ത്തു. അതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

വടി കൊണ്ട് ഒരാളെ തല്ലിക്കൊല്ലുന്നത് ചെറിയ കുറ്റമാണോ, കേസ് പിന്‍ലിച്ചാല്‍ സാമുദായിക സൗഹാര്‍ദ്ദമുണ്ടാവുമോ എന്നീ ചോദ്യങ്ങളും കുടുംബം ഹൈക്കോടതിയില്‍ ഉയര്‍ത്തുന്നുണ്ട്. '' കേസ് എടുത്താല്‍ കുറ്റപത്രം നല്‍കണം. കുറ്റം ചുമത്തണം. അഖ്‌ലാഖിന്റെ മകള്‍ ശൈസ്തയുടെ മൊഴി പോലിസ് രേഖപ്പെടുത്തിയതാണ്. അഖ്‌ലാഖിന്റെ ഭാര്യ ഇക്രമന്റെയും മകന്‍ ഡാനിഷിന്റെയും മൊഴികള്‍ രേഖപ്പെടുത്തിയതാണ്.'' -ഹൈക്കോടതി അഭിഭാഷകന്‍ ഒമന്‍ സമീന്‍ പറഞ്ഞു.

ആള്‍ക്കൂട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ഇത്തരം കേസുകള്‍ പിന്‍വലിക്കുന്നത് അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടന സര്‍ക്കാരിന് നല്‍കുന്ന അധികാരങ്ങളെ ഭരണഘടനാപരമായ രീതിയില്‍ വേണം ഉപയോഗിക്കാനെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനുവരി അഞ്ചിനാണ് കോടതി കേസ് പരിഗണിക്കുക.

Next Story

RELATED STORIES

Share it