Sub Lead

'പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തി, ചെയ്യിച്ചത് എടയന്നൂരിലെ നേതാക്കള്‍'; സിപിഎമ്മിനെതിരേ വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി

പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തി, ചെയ്യിച്ചത് എടയന്നൂരിലെ നേതാക്കള്‍; സിപിഎമ്മിനെതിരേ വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി
X

കണ്ണൂര്‍: സിപിഎമ്മിന് വേണ്ടി കൊലപാതകം നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലുമായി ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി രംഗത്ത്. എടയന്നൂരിലെ സിപിഎം നേതാക്കളാണ് കൊലപാതകത്തിന് ആഹ്വാനം നല്‍കിയത്. എന്നാല്‍, ഇതിനുശേഷം പാര്‍ട്ടി ഞങ്ങളെ കൈവിട്ടെന്നും തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിലെ കമന്റില്‍ പറഞ്ഞു. കൊലയ്ക്ക് ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലി കിട്ടി. ഞങ്ങള്‍ പെരുവഴിയിലുമായി. പാര്‍ട്ടി തള്ളിയതോടെയാണ് സ്വര്‍ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്.

തെറ്റിലേക്ക് പോവാതെ തിരുത്താന്‍ പാര്‍ട്ടി ശ്രമിച്ചില്ല. ഞങ്ങള്‍ വാ തുറന്നാല്‍ പലര്‍ക്കും പുറത്തിറങ്ങി നടക്കാനാവില്ലെന്നും നേതാക്കളെ വെല്ലുവിളിച്ച് തില്ലങ്കേരി പറഞ്ഞു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ്ബി പോസ്റ്റിലാണ് സിപിഎമ്മിനെ വെട്ടിലാക്കുന്ന ആകാശിന്റെ കമന്റ് വന്നത്. ക്ഷമ നശിച്ചത് കൊണ്ടാണ് ഇപ്പോള്‍ ഇതൊക്കെ തുറന്നുപറയേണ്ടിവന്നതെന്നും ആകാശ് തില്ലങ്കേരി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി ആകാശ് തില്ലങ്കേരിയും സംഘവും സിപിഎം പ്രാദേശിക നേതാക്കളും തമ്മില്‍ ഫേസ്ബുക്കിലൂടെ വാക്ക് തര്‍ക്കങ്ങളുണ്ടായിരുന്നു.

ഡിവൈഎഫ്‌ഐ നേതാവ് ഷാജര്‍, ആകാശിന് ട്രോഫി നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളിലും തുടര്‍ന്നത്. ഷാജറിനെ കുടുക്കുന്നതിന് വേണ്ടി ആകാശ് മനപൂര്‍വമുണ്ടാക്കിയതാണ് പ്രശ്‌നങ്ങളെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. ഇതിന്റെ തെളിവുകളും പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ സരീഷ് എന്ന ഡിവൈഎഫ് ഐ നേതാവിട്ട പോസ്റ്റിന് കമന്റായാണ് ആകാശ് വെളിപ്പെടുത്തലുകള്‍ നടത്തിയത്.

പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന ആകാശിന്റെ വാക്കുകള്‍ വാര്‍ത്തയായതോടെ ആകാശ് തില്ലങ്കേരിയെ പരാമര്‍ശിക്കുന്ന പോസ്റ്റ് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സരീഷ് ഡിലീറ്റ് ചെയ്തു. അതേസമയം, സ്വര്‍ണക്കടത്ത് കേസുകളിലൂടെ കുപ്രസിദ്ധനായ അര്‍ജുന്‍ ആയങ്കിക്കും കുടുംബത്തിനുമെതിരേ ഗാര്‍ഹിക പീഡന പരാതി ഉന്നയിച്ച് അര്‍ജുന്റെ ഭാര്യ അമല കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഈ വിഷയം പരിശോധിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് അര്‍ജുന്റെ സുഹൃത്ത് കൂടിയായ ആകാശ് തില്ലങ്കേരി സിപിഎം നേതാക്കള്‍ക്കെതിരേ രംഗത്തെത്തിയത്.

Next Story

RELATED STORIES

Share it