Sub Lead

അജിത് പവാറിനെ എന്‍സിപി നിയമസഭാകക്ഷി നേതൃസ്ഥാനത്ത് നിന്നു മാറ്റി; യോഗത്തില്‍ 50 എന്‍സിപി എംഎല്‍എമാര്‍ പങ്കെടുത്തു

ബിജെപിയുമായി കൈകോര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കുകയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തതിനു പിന്നാലെയാണ് അജിത് പവാറിനെതിരേ പാര്‍ട്ടി നടപടി സ്വീകരിച്ചത്.

അജിത് പവാറിനെ എന്‍സിപി നിയമസഭാകക്ഷി   നേതൃസ്ഥാനത്ത് നിന്നു മാറ്റി;  യോഗത്തില്‍ 50 എന്‍സിപി എംഎല്‍എമാര്‍ പങ്കെടുത്തു
X
മുംബൈ: വൈ ബി ചവാന്‍ സെന്ററില്‍ ചേര്‍ന്ന എന്‍സിപി നിയമസഭാകക്ഷി യോഗം തങ്ങളുടെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തുനിന്നും അജിത് പവാറിനെ നീക്കി. ദിലീപ് പാട്ടീലിനാണു പകരം ചുമതല. അജിത് പവാറുള്‍പ്പെടെ 4 എന്‍സിപി എംഎല്‍എമാര്‍ യോഗത്തില്‍ നിന്നു വിട്ടുനിന്നപ്പോള്‍

പാര്‍ട്ടിയുടെ 50 എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുത്തു. ബിജെപിയുമായി കൈകോര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കുകയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തതിനു പിന്നാലെയാണ് അജിത് പവാറിനെതിരേ പാര്‍ട്ടി നടപടി സ്വീകരിച്ചത്.അജിത് പവാറിന്റെ ഭാവി തീരുമാനിക്കാന്‍ ശരത് പവാറിനെയും ജയന്ത് പാട്ടീലിനെയും ചുമതലപ്പെടുത്തിയതായും പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

35 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്നാണ് അജിത് പവാറിന്റെ അവകാശവാദം.ബിജെപിയെ പിന്തുണയ്ക്കുന്ന ഒന്‍പത് എന്‍സിപി എംഎല്‍എമാരെ ഡല്‍ഹിയിലേക്കു മാറ്റുമെന്ന് റിപോര്‍ട്ടുകളുണ്ട്. വിശ്വാസ വോട്ടെടുപ്പു പരിഗണിച്ച് കോണ്‍ഗ്രസ് നിയമസഭാംഗങ്ങളെയും റിസോര്‍ട്ടുകളിലേക്കു മാറ്റും. മധ്യപ്രദേശിലേക്കാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ കൊണ്ടുപോകുക.

എന്‍സിപിക്കും ശിവസേനയ്ക്കും മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അംഗബലമുണ്ടെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പ്രതികരിച്ചു. 170 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്നും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ ഒപ്പം ചേര്‍ന്നു നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പവാര്‍ വ്യക്തമാക്കി. ഇന്നത്തെ സംഭവങ്ങള്‍ അദ്ഭുതപ്പെടുത്തി. ഈ സര്‍ക്കാരിനെ തങ്ങള്‍ പിന്തുണയ്ക്കുന്നില്ല. അജിത് പവാറിനെതിരെ നടപടിയുണ്ടാകും. അജിത്തിനൊപ്പം 10-11 എംഎല്‍എമാര്‍ ഉണ്ടെന്നാണു മനസ്സിലാകുന്നത്. ഇവര്‍ ആരൊക്കെയാണെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. കൂറുമാറ്റ നിരോധന നിയമം ഉണ്ടെന്ന കാര്യം ഇവര്‍ മറക്കരുത്. ശരിയായ എന്‍സിപി പ്രവര്‍ത്തകന്‍ ബിജെപിയുമായി കൈകോര്‍ക്കില്ലെന്നും പവാര്‍ വ്യക്തമാക്കി.

ഇന്നു രാവിലെയാണ് ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു. ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ ധാരണയിലെത്തിയതിനു തൊട്ടുപിന്നാലെയാണ് അപ്രതീക്ഷിതമായി ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സര്‍ക്കാര്‍ രൂപീകരണത്തിനും ഗവര്‍ണറുടെ പക്ഷപാതപരമായ നടപടികള്‍ക്കുമെതിരേ കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും സുപ്രിംകോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it