Sub Lead

ആശുപത്രിയില്‍ പോലിസുകാരുടെ ക്രൂരമര്‍ദ്ദനത്തിനിരയായ മുസ്‌ലിം തടവുകാരന്‍ മരിച്ചു

മൂന്നു പോലിസുകാരാണ് തന്നെ പൈപ്പ് കൊണ്ടും മറ്റും 10ഓളം തവണ മര്‍ദ്ദിച്ചതെന്നു തടവുകാരന്‍ പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു

ആശുപത്രിയില്‍ പോലിസുകാരുടെ ക്രൂരമര്‍ദ്ദനത്തിനിരയായ മുസ്‌ലിം തടവുകാരന്‍ മരിച്ചു
X

ജയ്പൂര്‍: രാജസ്ഥാനിലെ കോട്ടയില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ പോലിസുകാരുടെ ക്രൂരമര്‍ദ്ദനത്തിനിരയായ മുസ്‌ലിം തടവുകാരന്‍ മരിച്ചു. മുഹമ്മദ് റംസാനാ(60)ണു വെള്ളിയാഴ്ച രാത്രി മരിച്ചത്. കുറ്റക്കാര്‍ക്കെതിരേ കേസെടുക്കണമെന്നും നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് റംസാന്റെ കുടുംബം മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ അനുവദിച്ചില്ല. അഞ്ചുദിവസം മുമ്പാണ് സംഭവം. ബറാന്‍ ജില്ലയിലെ മാംഗ്രോല്‍ സ്വദേശിയായ റംസാനെതിരേ 1992ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടുവര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചിരുന്നു. എന്നാല്‍ കീഴ്‌ക്കോടതി വിധിയെ എതിര്‍ത്ത് റംസാന്‍ മേല്‍ക്കോടതിയെ സമീപിച്ച് ജാമ്യം നേടി. പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ത്ത് ഹൈക്കോടതിയെ സമീപിച്ചതോടെ ജാമ്യം റദ്ദാക്കി 2018ല്‍ തടവുശിക്ഷ ശരിവച്ചു.

രോഗബാധിതനായ റംസാന് ജയിലിലായതോടെ അസുഖം മൂര്‍ച്ഛിച്ചു. തുടര്‍ന്ന് ജയിലില്‍ നിന്ന് അദ്ദേഹത്തെ വിദഗ്ധ ചികില്‍സയ്ക്കായി കോട്ട ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ആശുപത്രിയില്‍ കഴിയുന്നതിനിടെ അഞ്ചു ദിവസം മുമ്പാണ് സുരക്ഷാ ചുമതലയുണ്ടായിരുന്ന ഏതാനും പോലിസുകാരെത്തി റംസാനെ ക്രൂരമായി മര്‍ദ്ദിച്ചതെന്നു അഡ്വ. അന്‍സാര്‍ ഇന്‍ഡോരി പറഞ്ഞു. മദ്യലഹരിയിലായിരുന്ന പോലിസുകാര്‍ വര്‍ഗീയ വിദ്വേഷത്തോടെ പെരുമാറുകയും അസഭ്യം പറയുകയും പൈപ്പ് കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ് അവശനായ റംസാന്‍ വെള്ളിയാഴ്ച രാത്രിയാണു മരണപ്പെട്ടത്. തന്റെ സുരക്ഷയ്ക്കു നിയോഗിച്ച മൂന്നു പോലിസുകാരാണ് തന്നെ പൈപ്പ് കൊണ്ടും മറ്റും 10ഓളം തവണ മര്‍ദ്ദിച്ചതെന്നു തടവുകാരന്‍ പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ വീഡിയോയുടെ ആധികാരികത ഉറപ്പിച്ചിട്ടില്ലെന്നു ഇന്ത്യാ ടുമോറോ റിപോര്‍ട്ട് ചെയ്തു.




Next Story

RELATED STORIES

Share it