Sub Lead

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: അഹമ്മദ് പട്ടേലിന്റെ മകന് അഞ്ചാമതും നോട്ടീസ്

കഴിഞ്ഞ ദിവസത്തെ ചോദ്യംചെയ്യലിനിടെ സന്ദേശര ഗ്രൂപ്പിലെ ജീവനക്കാരന്റെ സാന്നിധ്യത്തിലുണ്ടായ ചോദ്യംചെയ്യലില്‍, ഫൈസല്‍ പട്ടേലും സുഹൃത്തുക്കളും ഫാം ഹൗസില്‍ വച്ച് പാര്‍ട്ടി നടത്തിയിരുന്നുവെന്നും എല്ലാ ചെലവുകളും വഹിച്ചത് ചേതന്‍ സന്ദേശരയാണെന്നു മൊഴി നല്‍കിയിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: അഹമ്മദ് പട്ടേലിന്റെ മകന് അഞ്ചാമതും നോട്ടീസ്
X

ന്യൂഡല്‍ഹി: ഗുജറാത്ത് ആസ്ഥാനമായുള്ള സ്‌റ്റെര്‍ലിങ് ബയോടെകിനെതിരായ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേലിനു അഞ്ചാമതും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. കഴിഞ്ഞ ദിവസം എട്ടുമണിക്കൂറോളം ചോദ്യം ചെയ്തതിനു പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാവാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത്. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യല്‍ തൃപ്തികരമല്ലെന്നും തിങ്കളാഴ്ച രാവിലെ 11ന് വീണ്ടും ഹാജരാവണമെന്നുമാണ് നോട്ടീസിലുള്ളത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) ഫൈസല്‍ പട്ടേലില്‍ നിന്ന് നേരത്തേ നാലുതവണ മൊഴിയെടുത്തിരുന്നു.

വഡോദര ആസ്ഥാനമായുള്ള സ്‌റ്റെര്‍ലിങ് ബയോടെക് കമ്പനിയുടെ പ്രമോട്ടര്‍മാരായ സന്ദേശര സഹോദരന്മാരുമായി ഫൈസല്‍ പട്ടേലിന്റെ ബന്ധമാണ് ഇഡി പ്രധാനമായും കണ്ടെത്താന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ചോദ്യംചെയ്യലിനിടെ സന്ദേശര ഗ്രൂപ്പിലെ ജീവനക്കാരന്റെ സാന്നിധ്യത്തിലുണ്ടായ ചോദ്യംചെയ്യലില്‍, ഫൈസല്‍ പട്ടേലും സുഹൃത്തുക്കളും ഫാം ഹൗസില്‍ വച്ച് പാര്‍ട്ടി നടത്തിയിരുന്നുവെന്നും എല്ലാ ചെലവുകളും വഹിച്ചത് ചേതന്‍ സന്ദേശരയാണെന്നു മൊഴി നല്‍കിയിരുന്നു. ഇതോടെ, ഫൈസല്‍ പട്ടേലും സഹോദരി ഭര്‍ത്താവ് ഇര്‍ഫാന്‍ സിദ്ദീഖിയും സന്ദേശര ഗ്രൂപ്പുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഇഡിയുടെ സംശയം. ഇക്കഴിഞ്ഞ ജൂലൈ 30നു ഇക്കാര്യത്തില്‍ ഫൈസല്‍ പട്ടേലിനെയും അഡ്വ. ഇര്‍ഫാന്‍ സിദ്ദീഖിയെയും ഇഡി ചോദ്യംചെയ്തിരുന്നു.

ഇര്‍ഫാന്‍ സിദ്ദീഖിയെയും ഫൈസല്‍ പട്ടേലിനെയും കോഡ് ഭാഷയിലാണ് വിശേഷിപ്പിച്ചതെന്നും ഫൈസലിനെ ഐ വണ്‍ എന്നും ഇര്‍ഫാനെ ഐ ടു എന്നുമാണ് വിളിച്ചതെന്നുമാണ് ഇഡി കണ്ടെത്തല്‍. പുഷ്പാഞ്ജലി ഫാം ഹൗസില്‍ വച്ച് പാര്‍ട്ടി നടത്തിയെന്നും ചെലവുകളെല്ലാം ചേതന്‍ സന്ദേശരയാണ് വഹിച്ചതെന്നും ഇഡി പറയുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2017 ആഗസ്തിലാണ് സന്ദേശര സഹോദരങ്ങള്‍ക്കെതിരേ 5700 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. സന്ദേശര ഗ്രൂപ്പിലെ സഹോദരങ്ങളായ നിതിന്‍ സന്ദേശര, ചേതന്‍ സന്ദേശര, ദീപ്തി സന്ദേശര എന്നിവരും മറ്റുള്ളവരും ചേര്‍ന്ന് ബാങ്ക് തട്ടിപ്പിനു ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം. ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാ എംപിയായ അഹമ്മദ് പട്ടേല്‍ കോണ്‍ഗ്രസിന്റെ ട്രഷററും യുപിഎ ചെയര്‍പേഴ്‌സണും കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്നു.




Next Story

RELATED STORIES

Share it