Sub Lead

തിരുവനന്തപുരം വിമാനത്താവളത്തിന് പിന്നാലെ കഗോഷിമ; ബ്രിട്ടന്റെ യുദ്ധവിമാനം എഫ്-35ന് വീണ്ടും അടിയന്തര ലാന്‍ഡിങ്

തിരുവനന്തപുരം വിമാനത്താവളത്തിന് പിന്നാലെ കഗോഷിമ; ബ്രിട്ടന്റെ യുദ്ധവിമാനം എഫ്-35ന് വീണ്ടും അടിയന്തര ലാന്‍ഡിങ്
X

ടോക്കിയോ: ബ്രിട്ടന്റെ യുദ്ധവിമാനമായ എഫ്-35 ബി വീണ്ടും അടിയന്തരമായി ലാന്‍ഡ് ചെയ്യേണ്ടി വന്നെന്ന് റിപോര്‍ട്ട്. ശനിയാഴ്ച രാവിലെ തെക്കന്‍ ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തിലാണ് ഇക്കുറി ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സിന്റെ എഫ്-35ബി ലൈറ്റ്നിംഗ് -2 യുദ്ധവിമാനം അടിയന്തരമായി ലാന്‍ഡിംഗ് നടത്തിയതെന്ന് ജാപ്പനീസ് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസമാണ് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തി 22 ദിവസത്തിന് ശേഷം തിരിച്ചുപോയത്.

റോയല്‍ നേവിയുടെ വിമാനവാഹിനിക്കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സിലെ വിമാനം, ജപ്പാന്‍-യുഎസ്-യുകെ സംയുക്ത അഭ്യാസത്തില്‍ പങ്കെടുക്കുകയായിരുന്നു. ഇതിനിടെയാണ് കഗോഷിമയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. ഓഗസ്റ്റ് 12 വരെ അഭ്യാസം തുടരും. പ്രാദേശിക സമയം രാവിലെ 11:30 ഓടെയാണ് ലാന്‍ഡിഘ് നടന്നതെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.

ഉപകരണങ്ങളുടെ തകരാറുണ്ടെന്ന് സംശയിക്കുന്നതിനാല്‍ പൈലറ്റ് അടിയന്തര ലാന്‍ഡിംഗിന് അനുമതി തേടി. യുദ്ധവിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും 20 മിനിറ്റിനുള്ളില്‍ പരിശോധനയ്ക്കായി ടാക്‌സിവേയിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് ആറ് യാത്രാവിമാനങ്ങള്‍ വൈകി. ജൂണ്‍ 14നാണ് ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ്-35 വിമാനങ്ങളിലൊന്ന് തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തത്. ഒരുമാസത്തിലേറെ നീണ്ട അറ്റകുറ്റപ്പണിക്ക് ശേഷം ജൂലൈ 22നാണ് വിമാനം തിരിച്ചുപറന്നത്. 100 മില്യണ്‍ ഡോളറിലധികം വിലവരുന്ന, ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങള്‍ എന്നറിയപ്പെടുന്ന അഞ്ചാം തലമുറ ജെറ്റാണ് എഫ്-35.

Next Story

RELATED STORIES

Share it