Sub Lead

കശ്മീര്‍ വിരുദ്ധ സംഘര്‍ഷം വ്യാപിക്കുന്നു; ജമ്മുവിന് പിന്നാലെ ഡെറാഡൂണിലും ആക്രമണം; ഭയന്ന് വിറച്ച് മുസ്ലിം വിദ്യാര്‍ഥികള്‍

വ്യാഴാഴ്ച രാവിലെ മുതല്‍ കശ്മീരി വിദ്യാര്‍ഥികള്‍ക്കുനേരെ ഡെറാഡൂണില്‍ നിരവധി ആക്രമണങ്ങളുണ്ടായതായി കശ്മീരി വിദ്യാര്‍ഥിയെ ഉദ്ധരിച്ച് കശ്മീര്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

കശ്മീര്‍ വിരുദ്ധ സംഘര്‍ഷം വ്യാപിക്കുന്നു;  ജമ്മുവിന് പിന്നാലെ ഡെറാഡൂണിലും   ആക്രമണം; ഭയന്ന് വിറച്ച് മുസ്ലിം വിദ്യാര്‍ഥികള്‍
X

ജമ്മു: പുല്‍വാമയില്‍ 44 സൈനികരുടെ ജീവനെടുത്ത ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘ പരിവാര സംഘടനകളുടെ നേതൃത്വത്തില്‍ തെരുവിലിറങ്ങിയ ജനക്കൂട്ടം ജമ്മുവില്‍ കശ്മീരി മുസ്ലിംകള്‍ക്കെതിരേ വ്യാപക ആക്രമണം അഴിച്ചുവിട്ടതിനു പിന്നാലെ കശ്മീര്‍ വിരുദ്ധ പ്രക്ഷോഭം ഉത്തരാഖണ്ഡിലേക്കും വ്യാപിക്കുന്നു. ഡെറാഡൂണിലെ സുധോവാല മേഖലയില്‍ കശ്മീരി വിദ്യാര്‍ഥികളെ ജനക്കൂട്ടം ആക്രമിച്ചു.

ആക്രമണത്തെതുടര്‍ന്ന് മേഖലയിലെ വിവിധ കോളജുകളില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ ഭയന്ന് കഴിയുകയാണ്. വ്യാഴാഴ്ച രാവിലെ മുതല്‍ കശ്മീരി വിദ്യാര്‍ഥികള്‍ക്കുനേരെ ഡെറാഡൂണില്‍ നിരവധി ആക്രമണങ്ങളുണ്ടായതായി കശ്മീരി വിദ്യാര്‍ഥിയെ ഉദ്ധരിച്ച് കശ്മീര്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ശുഭഹാര്‍ത്തി സര്‍വകലാശാലയില്‍ പഠിക്കുന്ന രണ്ടു കശ്മീരി വിദ്യാര്‍ഥികളെ ആദ്യം ഏതാനും പേര്‍ പിന്തുടര്‍ന്നു ആക്രമിച്ചു. തൊട്ടു പിന്നാലെ ജനക്കൂട്ടവും ആക്രമിക്കാനെത്തിയതായി വിദ്യാര്‍ഥികള്‍ വ്യക്തമാക്കുന്നു. പിന്നീട് കശ്മീര്‍ വിരുദ്ധ മുദ്രാവാക്യമുയര്‍ത്തിയ ജനക്കൂട്ടം വിദ്യാര്‍ഥികള്‍ ഉടന്‍ സംസ്ഥാനം വിടണമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.

കശ്മീരികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് കശ്മീരി നേതാക്കള്‍

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ലയും മെഹ്ബൂബ മുഫ്തിയും ജനങ്ങളോട് ശാന്തരാവാന്‍ ആവശ്യപ്പെടുകയും രാജ്യത്തെ കശ്മീരി വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനോട് അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ അപലപിച്ച ഇരുവരും മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണം ഇന്ത്യയെ പിളര്‍ത്തുമെന്നും ചൂണ്ടിക്കാട്ടി.

ജമ്മുവില്‍ വ്യാപക ആക്രമണം; വാഹനങ്ങള്‍ അഗ്നിക്കിരയാക്കി


ജമ്മുവില്‍ ജമ്മുവില്‍ സംഘ പരിവാര സംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെ മുസ്ലിംങ്ങള്‍ക്കെതിരേ വ്യാപക ആക്രമണം അഴിച്ചുവിട്ടിരുന്നു.ഗുജ്ജാര്‍ നഗറിനു സമീപം കശ്മീര്‍ രജിസ്‌ട്രേഷനിലുള്ള 80ല്‍ അധികം വാഹനങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായി. 50 ഓളം വാഹനങ്ങള്‍ കത്തിച്ചു. കശ്മീര്‍, പാകിസ്താന്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി നൂറുകണക്കിനു പേരാണ് ഇവിടെ തെരുവിലിറങ്ങിയത്. പുരാനി മന്ദി, ജുവല്‍ ചൗക്, ദോഗ്ര ചൗക്, റിഹാരി, ജനിപൂര്‍, ഗാന്ധി നഗര്‍, ബക്ഷി നഗര്‍ തുടങ്ങി നിരവധിയിടങ്ങളില്‍ പ്രതിഷേധ റാലികള്‍ നടന്നു.

ജമ്മുവില്‍ കര്‍ഫ്യൂ

പ്രതിഷേധ റാലികള്‍ അക്രമാസക്തമായതോടെ ജമ്മു നഗരത്തിലെ വിവിധ മേഖലകളില്‍ പോലിസ് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ജനങ്ങള്‍ സമാധാനം പുലര്‍ത്തണമെന്ന് സൈന്യവും ആഹ്വാനം ചെയ്തു. ക്രമസമാധാനം നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്ത സൈന്യം ഫഌഗ് മാര്‍ച്ച് നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷം വര്‍ഗീയ കലാപത്തിലേക്ക് നീങ്ങിയേക്കുമെന്ന റിപോര്‍ട്ടുകളെതുടര്‍ന്നാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.കര്‍ഫ്യൂ വിവരം ഉച്ചഭാഷണികളില്‍ അറിയിച്ചിട്ടും പ്രതിഷേധക്കാര്‍ തെരുവുകളില്‍തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. ജമ്മുവില്‍ കടകള്‍ അടഞ്ഞുകിടക്കുകയാണ്.പാകിസ്താന്‍, തീവ്രവാദ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെത്തിയ പ്രകടനക്കാര്‍ റോഡുകളില്‍ ടയര്‍കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തി. പ്രതികാരം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് തെരുവിലിറങ്ങിയത്. ബജറംഗ ദള്‍, ശിവസേന, ദോഗ്രാ ഫ്രണ്ട് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.






Next Story

RELATED STORIES

Share it