Sub Lead

ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ സന്ദര്‍ശനം: 'ഗോ പട്ടേല്‍ ഗോ' വിളിച്ച് പാത്രം കൊട്ടി പ്രതിഷേധിക്കും

അഡ്മിനിസ്‌ട്രേറ്റര്‍ വരുന്ന ദിവസം രാത്രി കൃത്യം ഒമ്പതിന് ലക്ഷദ്വീപിലെ എല്ലാ വീടുകളിലും വിളക്കണച്ച് മെഴുകുതിരി കത്തിച്ച് പാത്രവും ചിരട്ടയും കൊട്ടി 'ഗോ പട്ടേല്‍ ഗോ' എന്ന മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കും.

ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ സന്ദര്‍ശനം:   ഗോ പട്ടേല്‍ ഗോ വിളിച്ച് പാത്രം കൊട്ടി പ്രതിഷേധിക്കും
X

കവരത്തി: കിരാത നിയമങ്ങളിലൂടെ പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ ലക്ഷദ്വീപ് സന്ദര്‍ശിക്കുന്ന ദിവസം കരിദിനം ആചരിക്കാന്‍ സേവ് ലക്ഷദ്വീപ് ഫോറം തീരുമാനം. ജൂണ്‍ 14നു പ്രഫുല്‍ ഖോഡാ പട്ടേല്‍ ദ്വീപിലെത്തുന്ന ദിവസം തന്നെ ബഹിഷ്‌കരണവും ശക്തമായ സമരമുറകളുമാണ് ദ്വീപ് ജനത ആവിഷ്‌കരിച്ചിട്ടുള്ളത്. അഡ്മിനിസ്‌ട്രേറ്റര്‍ വരുന്ന ദിവസം രാത്രി കൃത്യം ഒമ്പതിന് ലക്ഷദ്വീപിലെ എല്ലാ വീടുകളിലും വിളക്കണച്ച് മെഴുകുതിരി കത്തിച്ച് പാത്രവും ചിരട്ടയും കൊട്ടി 'ഗോ പട്ടേല്‍ ഗോ' എന്ന മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കും.

ഇവയെല്ലാം വീഡിയോയും ഫോട്ടോയുമെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പോസ്റ്റ് ചെയ്യും. അന്നേദിവസം എല്ലാ വീടുകളിലും കറുത്ത കൊടികള്‍ കൊണ്ട് നിറയ്ക്കും. റോഡരികിലുള്ളവര്‍ റോഡിലേക്ക് കാണുന്ന രീതിയിലായിരിക്കും കൊടികള്‍ കെട്ടുക. കറുത്ത വസ്ത്രമുള്ളവര്‍ അന്നേ ദിവസം അത് ധരിക്കും. കറുത്ത മാസ്‌ക് വയ്ക്കാനും ഇല്ലാത്തവര്‍ അത് സംഘടിപ്പിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. കറുത്ത മാസ്‌കോ, വസ്ത്രമോ ഇല്ലാത്തവര്‍ കറുത്ത ബാഡ്ജ് ധരിക്കും. കരിനിയമങ്ങള്‍ക്കെതിരേ പ്ലക്കാഡുകള്‍ ഉയര്‍ത്തും. കൊവിഡ് മാനദണ്ഡം പൂര്‍ണമായും പാലിക്കണമെന്നും പ്രതിഷേധമെല്ലാം വീടിനകത്തായിരിക്കണമെന്നും സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്തു. പ്രതിഷേധ സമരത്തിന്റെ രണ്ടാംഘട്ടമായാണ് ഇത്തരമൊരും സമരരീതി ആവിഷ്‌കരിക്കുന്നത്. നേരത്തേ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 12 മണിക്കൂര്‍ നിരാഹാരം സംഘടിപ്പിക്കുകയും വെള്ളത്തിനടിയില്‍ പോലും സേവ് ലക്ഷദ്വീപ് എന്ന പ്ലക്കാര്‍ഡേന്തി പ്രതിഷേധിച്ചതും ദേശീയ മാധ്യമങ്ങളില്‍ വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

കൊവിഡിനെതിരായ പോരാട്ടത്തില്‍ പാത്രം മുട്ടി ഗോ കൊറോണ, ഗോ എന്ന് വിളിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത രീതിയിലാണ് ലക്ഷദ്വീപില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. സീറോ കൊവിഡ് മേഖലയായിരുന്ന ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രോട്ടോക്കോളില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്ന് കൊവിഡ് വ്യാപിച്ചിരുന്നു. ഇതിനെതിരേ വിമര്‍ശനമുയര്‍ത്തിയതിനും ചാനല്‍ ചര്‍ച്ചയില്‍ 'ബയോ വെപ്പണ്‍' എപ്പ് പ്രയോഗിച്ചതിനും ചലച്ചിത്ര സംവിധായകയും ലക്ഷദ്വീപ് നിവാസിയുമായ ഐഷ സുല്‍ത്താനയ്‌ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കവരത്തി പോലിസ് കേസെടുത്തിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരേ രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവര്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തുകയും അതിനേക്കാള്‍ വലിയ വാചകമാണ് ഉപയോഗിക്കേണ്ടതെന്ന് ചിലര്‍ പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരായ പുതിയ സമരമുറയും ശ്രദ്ധേയമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Administrator's visit to Lakshadweep: protest by shouting 'Go Patel Go'


Next Story

RELATED STORIES

Share it