Sub Lead

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവം: കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവം: കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി
X

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്നെന്ന പരാതിയില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യും. കോടതി ശിരസ്തദാറിനെയും തൊണ്ടി ചുമതലയുള്ള ക്ലര്‍ക്കിനെയുമാണ് ചോദ്യം ചെയ്യുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ചോദ്യം ചെയ്യലിന് ക്രൈബ്രാഞ്ചിന് അനുമതി നല്‍കിയത്. കോടതി കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന ക്രൈംബ്രാഞ്ച് റിപോര്‍ട്ടിന്‍മേലാണ് നടപടി. വൈകാതെ തന്നെ ക്രൈംബ്രാഞ്ച് ഇവരെ ചോദ്യംചെയ്യും. 2018 ഡിസംബര്‍ 13ന് കോടതിയുടെ കൈവശമായിരുന്നപ്പോഴാണ് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ദിലീപ് ഈ ദൃശ്യങ്ങള്‍ കണ്ടതായി സംവിധായകന്‍ ബാലചന്ദ്രകുമാറും വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ചാണ് ക്രൈംബ്രാഞ്ച് സംഘം ദൃശ്യങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. എന്നാല്‍, രേഖകള്‍ ചോര്‍ന്നതില്‍ വിചാരണ കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതിയില്ല. ദിലീപിന് കോടതി രേഖ കൈമാറിയ സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഈ ആവശ്യം നിരസിക്കുകയായിരുന്നു. കോടതി രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ഉദ്യോഗസ്ഥന് എന്ത് അധികാരമാണുള്ളതെന്ന് കോടതി ചോദിച്ചിരുന്നു.

ദീലിപിന്റെ മൊബൈലില്‍ നിന്നും ലഭിച്ച തെളിവുകള്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. അതിനിടെ, ചോദ്യംചെയ്യലിന് ഏതുദിവസവും ഹാജരാവാമെന്ന് ദിലീപിന്റെ സഹോദരന്‍ അനൂപും ഭാര്യാസഹോദരന്‍ സുരാജും ക്രൈംബ്രാഞ്ചിനെ അറിയിച്ചു. നേരത്തെ ചോദ്യംചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇരുവരുടെയും വീടുകളില്‍ നോട്ടീസ് പതിച്ചിരുന്നു. എന്നാല്‍, ഇവര്‍ രണ്ടുപേരും ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല. ഇതോടെ ക്രൈംബ്രാഞ്ച് തുടര്‍നടപടികളിലേക്ക് കടക്കാനിരിക്കെയാണ് ചോദ്യംചെയ്യലിന് എപ്പോള്‍ വേണമെങ്കിലും ഹാജരാവാമെന്ന് ഇരുവരും മറുപടി നല്‍കിയത്.

Next Story

RELATED STORIES

Share it