Sub Lead

അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗുഢാലോചന:ദിലീപിന്റെ ജാമ്യ ഹരജി പരിഗണിക്കുന്നത് മാറ്റി; 21 വരെ അറസ്റ്റു പാടില്ലെന്ന് ഹൈക്കോടതി

ദിലീപ്,സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരടക്കം അഞ്ചു പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജിയാണ് പരിഗണിക്കുന്നത് മാറ്റിയത്.പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് നടപടി.പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴിയെടുക്കാനും അന്വേഷണ സംഘം നടപടി തുടങ്ങി

അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗുഢാലോചന:ദിലീപിന്റെ ജാമ്യ ഹരജി പരിഗണിക്കുന്നത് മാറ്റി; 21 വരെ അറസ്റ്റു പാടില്ലെന്ന് ഹൈക്കോടതി
X

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കം അഞ്ചു പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 21 ലേക്ക് മാറ്റി.അതുവരെ അറസ്റ്റു പാടില്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടര്‍ന്നാണ് ഹരജി പരിഗണിക്കുന്നത് മാറ്റിയത്.

ദിലീപിനെക്കൂടാതെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്,അപ്പു,ബൈജു,തിരിച്ചറിയാത്ത ഒരു വി ഐ പി എന്നിങ്ങനെ ആറു പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.പള്‍സര്‍ സുനി നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് കണ്ടു,സാക്ഷികളെ സ്വാധീനിച്ചു, അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി എന്നിങ്ങനെയായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.ഇതേ തുടര്‍ന്നാണ് ക്രൈംബാഞ്ച് കേസെടുത്തത്.ക്രൈംബ്രാഞ്ച് സംഘത്തിന്റെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ തനിക്കെതിരെ കെട്ടിച്ചമച്ച കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് ദിലീപിന്റെ വാദം.കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ വിചാരണക്കോടതി വിസ്തരിക്കാനിരിക്കെയാണ് തനിക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഇതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നുമാണ് ദിലീപിന്റെ വാദം. നാലു വര്‍ഷത്തിനു മുന്‍പു കേസിനാസ്പദമായ സംഭവുണ്ടായെന്നു ഇപ്പോള്‍ വെളിപ്പെടുത്തുന്നതു സംശയകരമാണെന്നും ദിലീപ് വാദിക്കുന്നു.ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ദിലീപ് സഹോദരന്‍ അനൂപ് എന്നിവരുടെ വീടുകുളിലും ഇവരുടെ ഉടമസ്ഥതയിലുള്ള സിനിമാ നിര്‍മ്മാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ഓഫിസിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.ദിലീപിന്റെ വീട്ടില്‍ നിന്നും ഹാര്‍ഡ് ഡിസ്‌ക്ക്,മൊബൈല്‍ ഫോണുകള്‍,പെന്‍ഡ്രൈവുകള്‍, ടാബ് എന്നിവ പരിശോധനയില്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു.ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ദിലീപിന്റെ സുഹൃത്തായ വ്യവസായി ശരതിന്റെ ആലുവയിലെ വീട്ടിലും സഹോദരി ഭര്‍ത്താവ് സുരാജിന്റെ കൊച്ചിയിലെ ഫ് ളാറ്റിലും ഇന്നലെ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.ഇതിനുളള നടപടികളും ക്രൈംബ്രാഞ്ച് തുടങ്ങി.ഒപ്പം പള്‍സര്‍ സുനിയെ ജെയിലെത്തി ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യും.

Next Story

RELATED STORIES

Share it