Sub Lead

ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസ്:വെറുതെ പറയുന്നത് ഗൂഢാലോചനയാകുമോയെന്ന് ഹൈക്കോടതി;തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍

കേസിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് ദിലീപ് കോടതിയില്‍ ആരോപിച്ചു. തനിക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകള്‍ പ്രാഥമികമായി നിലനില്‍ക്കില്ലെന്നും ദിലീപ് കോടതിയില്‍ വാദിച്ചു

ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസ്:വെറുതെ പറയുന്നത് ഗൂഢാലോചനയാകുമോയെന്ന് ഹൈക്കോടതി;തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍
X

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ വെറുതെ പറയുന്നത് വധ ഗൂഡാലോചനയാകുമോയെന്നു ഹൈക്കോടതി പ്രോസിക്യുഷനോട് ചോദ്യമുന്നയിച്ചു. വധ ഗൂഢാലോചനക്കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ രജിസ്്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലെ വാദത്തിനിടെയാണ് കോടതി ചോദ്യമുന്നയിച്ചത്. ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ ഒരു കുറ്റകൃത്യം സംഭവിക്കേണ്ടതല്ലേയെന്നും കോടതി പ്രോസിക്യുഷനോട് ചോദിച്ചു. എന്നാല്‍ ദിലീപ് പറഞ്ഞത് വെറും വാക്കല്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

വധഗൂഢാലോചനയ്ക്ക് തെളിവുകളുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. കേസിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് ദിലീപ് കോടതിയില്‍ ആരോപിച്ചു. തനിക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകള്‍ പ്രാഥമികമായി നിലനില്‍ക്കില്ലെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതിയാക്കുകയാണെന്നും ദിലീപിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.തന്റെ 87 വയസ്സുള്ള അമ്മയുടെ മുറിയില്‍ പോലും പരിശോധനയുടെ പേരില്‍ പോലിസ് കയറിയിറങ്ങി.വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിരന്തരം റെയ്ഡ് നടത്തുകയാണെന്നും ദിലീപ് പരാതിപ്പെട്ടു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബിജു പൗലോസ് തന്നെ ഈ കേസില്‍ അന്വേഷണം നടത്തുന്നത് ശരിയായ അന്വേഷണ രീതിയല്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. കേസില്‍ സാക്ഷിയാകേണ്ട ആള്‍ തന്നെ കേസിന്റെ അന്വേഷണം നടത്തുന്നത് ദുരുദ്ദേശപരമാമെന്നും ഹരജിഭാഗം കോടതിയില്‍ ബോധിപ്പിച്ചു. ദിലീപിന്റെ അഭിഭാഷകര്‍ സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണം കഴമ്പില്ലാത്തതാണെന്നും ഹരജിഭാഗം വാദിച്ചു. ഈ ആരോപണത്തെ കുറിച്ചു വേണ്ടവിധത്തില്‍ പരിശോധിക്കാതെയാണ് മുതിര്‍ന്ന അഭിഭാഷകനെതിരെ നടപടികളുമായി മുന്നോട്ടുപോയത്. സാക്ഷികളെ സ്വാധീനിച്ചുവെന്നു പറയുന്ന കാലയളവില്‍ മുതിര്‍ന്ന അഭിഭാഷകന്‍ കൊവിഡ് ബാധിതനായി ചികില്‍സയിലായിരുന്നുവെന്നും ദിലീപിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദം ഉന്നയിച്ചു. കേസില്‍ നാളെയും വാദം തുടരും. നാളെ പ്രോസിക്യുഷന്റെ വാദമാണ് നടക്കുക.

Next Story

RELATED STORIES

Share it