Sub Lead

രാജകീയ വിവാഹം സൗദി-ജോര്‍ദാന്‍ സംഘര്‍ഷത്തിന് അയവ് വരുത്തുമോ?

ഇരുവരുടേയും വിവാഹം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് അകല്‍ച്ചയിലുള്ള സൗദിക്കും ജോര്‍ദാനുമിടയില്‍ മഞ്ഞുരുക്കമുണ്ടാക്കുമെന്നാണ് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

രാജകീയ വിവാഹം സൗദി-ജോര്‍ദാന്‍ സംഘര്‍ഷത്തിന് അയവ് വരുത്തുമോ?
X

റിയാദ്/അമ്മാന്‍: ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ രാജകുമാരനും സൗദി വംശജ റജ്‌വ അല്‍സെയ്ഫുമായുള്ള വിവാഹനിശ്ചയം ദിവസങ്ങള്‍ക്കു മുമ്പാണ് സൗദി തലസ്ഥാനമായ റിയാദില്‍ നടന്നത്. റജ്‌വയുടെ വസതിയില്‍ നടന്ന അത്യാഢംബര വിവാഹനിശ്ചയം വധുവിന്റെ നിരവധി കുടുംബാംഗങ്ങള്‍ക്കൊപ്പം ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍, റാനിയ രാജ്ഞി, ജോര്‍ദാനിയന്‍ രാജകുടുംബാംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് നടന്നത്.ഇതോടെ, 28കാരിയായ റജ്‌വ ജോര്‍ദാനിലെ സൗദി വംശജയായ ആദ്യ രാജ്ഞിയാകുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

റിയാദില്‍ ജനിച്ചു വളര്‍ന്ന റജ്വ ന്യൂയോര്‍ക്കിലെ സിറാക്ക്യൂസ് യൂണിവേഴ്‌സിറ്റിയിലെ കോളജ് ഓഫ് ആര്‍ക്കിടെക്ചറില്‍ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ട്. 28 വയസ്സുള്ള കിരീടാവകാശിയായ ഹുസൈന്‍ ആവട്ടെ വാഷിംഗ്ടണ്‍ ഡിസിയിലെ ജോര്‍ജ്ജ്ടൗണ്‍ സര്‍വകലാശാലയിലാണ് പഠിച്ചത്. ഇരുവരുടേയും വിവാഹം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് അകല്‍ച്ചയിലുള്ള സൗദിക്കും ജോര്‍ദാനുമിടയില്‍ മഞ്ഞുരുക്കമുണ്ടാക്കുമെന്നാണ് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍, മൗലികമായ അഭിപ്രായ ഭിന്നതകളില്‍ അനുരഞ്ജത്തിന് സാധ്യതയില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വിവാഹനിശ്ചയ പ്രഖ്യാപനത്തിന് ശേഷം, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ജോര്‍ദാന്‍ ഭരണാധികാരിയെ വിളിച്ച് ദമ്പതികളെ ആശീര്‍വദിക്കുകയും അവര്‍ക്ക് വിജയവും സന്തോഷകരമായ ജീവിതവും ആശംസിക്കുകയും ചെയ്തതായി സൗദി സ്‌റ്റേറ്റ് മീഡിയ റിപോര്‍ട്ട് ചെയ്തിരുന്നു.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

പ്രാദേശിക സംഘട്ടനങ്ങളെക്കുറിച്ചുള്ള വ്യത്യസ്ത വീക്ഷണങ്ങള്‍, ജറുസലേമിന്റെ വിശുദ്ധ സ്ഥലങ്ങളുടെ ജോര്‍ദാനിയന്‍ കസ്റ്റഡിയന്‍ഷിപ്പിനെച്ചൊല്ലിയുള്ള പോരാട്ടങ്ങള്‍, കഴിഞ്ഞ വര്‍ഷം ജോര്‍ദാനെ ഏറെക്കുറെ അസ്ഥിരപ്പെടുത്തിയ അട്ടിമറി ശ്രമത്തിനു പിന്നില്‍ സൗദിയാണെന്ന ആരോപണം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും ഏറ്റുമുട്ടലിന്റെ പാതയില്‍ നില്‍ക്കവെയാണ് രാജകീയ വിവാഹനിശ്ചയം നടക്കുന്നത്.

ഇക്കഴിഞ്ഞ ജൂലൈയിലെ ജിദ്ദ ഉച്ചകോടിക്ക് മുമ്പ്, കിരീടാവകാശി ഹുസൈന്‍ രാജകുമാരനോടൊപ്പം അബ്ദുല്ല രാജാവ് 2019 ഒക്ടോബറിലെ അവസാന സന്ദര്‍ശനത്തിന് ശേഷം 2021 ല്‍ സൗദി അറേബ്യയിലേക്ക് ഒരു ഔദ്യോഗിക സന്ദര്‍ശനം മാത്രമേ നടത്തിയിട്ടുള്ളൂ.

ഉച്ചകോടിക്ക് ഒരു മാസം മുമ്പ്, മുഹമ്മദ് ബിന്‍ സല്‍മാന്‍ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി ജോര്‍ദാന്‍ സന്ദര്‍ശിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

രണ്ട് രാജ്യങ്ങളുടെയും 'അഗാധമായ' ബന്ധം ഉയര്‍ത്തിക്കാട്ടുന്നതിനായി അബ്ദുല്ല രാജാവ് സൗദി കിരീടാവകാശിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ചിരുന്നു. മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലത്താണ് സൗദി - ജോര്‍ദാന്‍ ബന്ധത്തില്‍ ആഴത്തില്‍ വിള്ളല്‍ വീഴുന്നത്. വാഷിംഗ്ടണുമായുള്ള റിയാദിന്റെ അടുത്ത ബന്ധം ഈ മേഖലയില്‍ ജോര്‍ദാന്റെ പങ്കിനെ ദുര്‍ബലപ്പെടുത്തിയിരുന്നു.

ജോര്‍ദാനിലെ അബ്ദുല്ല രാജാവ്

ജോര്‍ദാനിലെ അബ്ദുല്ല രാജാവ്

2021 ഏപ്രിലില്‍ ജോര്‍ദാനിയന്‍ അധികാരികള്‍ അബ്ദുല്ല രാജാവിന്റെ അര്‍ദ്ധസഹോദരനും മുന്‍ കിരീടാവകാശിയുമായ ഹംസ ബിന്‍ ഹുസൈന്‍ രാജകുമാരന്റെ നേതൃത്വത്തിലുള്ള അട്ടിമറി ഗൂഢാലോചന വെളിപ്പെടുത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെക്കുറെ താറുമാറായിരുന്നു. ജോര്‍ദാനിലെ മുന്‍ റോയല്‍ കോര്‍ട്ട് മേധാവിയും സൗദി അറേബ്യയിലെ മുഹമ്മദ് ബിന്‍ സല്‍മാന്റെ കണ്‍സള്‍ട്ടന്റ് ഉപദേശകനുമായ ബാസെം അവദല്ലയെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ വലിയ തോതിലുള്ള അറസ്റ്റുകള്‍ക്കാണ് രാജ്യം സാക്ഷ്യംവഹിച്ചത്. ജോര്‍ദാനിലെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അവദല്ലയും എംബിഎസും തമ്മിലുള്ള എന്‍ക്രിപ്റ്റ് ചെയ്ത ശബ്ദവും വാചക സന്ദേശങ്ങളും കണ്ടെത്തുകയും മനസ്സിലാക്കുകയും ചെയ്തതാണ് അവദല്ലയുടെ അറസ്റ്റിലേക്ക് നയിച്ചത്. ജോര്‍ദാന്‍ ജനതയ്ക്കിടയിലെ അസംതൃപ്തിയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലുണ്ടായ തകര്‍ച്ചയും

കൊവിഡ് 19 പാന്‍ഡെമിക്കും അബ്ദുള്ള രാജാവിന്റെ ഭരണം അട്ടിമറിക്കുന്നതിന് എങ്ങനെ, എപ്പോള്‍ ഉപയോഗിക്കണമെന്ന് ഇരുവരും ചര്‍ച്ച ചെയ്തിരുന്നതായാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.

എന്നാല്‍, ആരോപണങ്ങള്‍ സൗദി നിഷേധിക്കുകയും റിപോര്‍ട്ടുകള്‍ തെറ്റാണെന്ന് ബോധ്യപ്പെടുത്താന്‍ അമ്മാനിലേക്ക് ഒരു ഔദ്യോഗിക പ്രതിനിധി സംഘത്തെ അയയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ക്കു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ചെറിയ തോതിലുള്ള പുരോഗതി ദൃശ്യമായിട്ടുണ്ട്.

അതേസമയം, ജോര്‍ദാനിയന്‍ കിരീടാവകാശിയുടെ റജ്‌വയുമായുള്ള വിവാഹനിശ്ചയം ജോര്‍ദാന്‍-സൗദി ബന്ധം തുടര്‍ന്നും വളരുന്നതിന് ഒരു 'പുതിയ പ്രചോദനം' നല്‍കുമെന്ന് കരുതുന്നതായി ജോര്‍ദാന്‍ പൊളിറ്റിക്കല്‍ സയന്‍സ് സൊസൈറ്റി തലവന്‍ ഖാലിദ് ഷ്‌നൈകത്ത് പറഞ്ഞു.

'ഫലങ്ങളുണ്ടെങ്കില്‍ ദിവസങ്ങള്‍ക്കകം അത് നമുക്ക് കാണിച്ച് തരും, തുടക്കത്തില്‍, ഇത്തരത്തിലുള്ള വിവാഹം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും അടുപ്പം വര്‍ദ്ധിപ്പിക്കുന്നതിലും സ്വാധീനം ചെലുത്തും' ഷ്‌നൈകത്ത് പറഞ്ഞു.

Next Story

RELATED STORIES

Share it