Sub Lead

പ്രധാനമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി കര്‍ഷകര്‍

കര്‍ഷകരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിലൂടെ നിങ്ങള്‍ പാപം ചെയ്യുകയാണെന്നാണ് സിംഗു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ കത്തിലൂടെ തുറന്നടിച്ചു.

പ്രധാനമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി കര്‍ഷകര്‍
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ രക്തം കൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ത്തിയാണ് കത്തെഴുതിയത്. കര്‍ഷകരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിലൂടെ നിങ്ങള്‍ പാപം ചെയ്യുകയാണെന്നാണ് സിംഗു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ കത്തിലൂടെ തുറന്നടിച്ചു.


'ഇത് തങ്ങളുടെ രക്തമാണ്. നിങ്ങള്‍ അദാനിയുടെയും അംബാനിയുടെയും വക്താവായി മാറുകയാണ്. അവര്‍ക്ക് വേണ്ടിയാണ് ഈ നിയമങ്ങള്‍ ഉണ്ടാക്കുന്നത്. ഹിന്ദു വിശ്വാസ പ്രകാരം പശു മാംസം കഴിക്കുന്നത് എത്രത്തോളം പാപമാണോ, പന്നിയിറച്ചി കഴിക്കുന്നത് മുസ്‌ലിംകള്‍ക്ക് എത്രത്തോളം പാപമാണോ അതുപോലെ പാപമാണ് മറ്റുള്ളവരുടെ അവകാശങ്ങള്‍ കവരുന്നത് എന്ന് ഗുരു നാനാക് പറഞ്ഞിട്ടിണ്ട്. കര്‍ഷകരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിലൂടെ നിങ്ങള്‍ പാപം ചെയ്യുകയാണ്. പ്രധാനമന്ത്രി താങ്കള്‍ ഗുരുദ്വാരയില്‍ പോയി തലകുനിച്ച് പ്രാര്‍ത്ഥിച്ചില്ലോ, എന്നിട്ടും എന്തുകൊണ്ടാണ് അത് തിരിച്ചറിയാത്തത്'-കത്തില്‍ കര്‍ഷകര്‍ ചോദിച്ചു.


കര്‍ഷക പ്രക്ഷോഭം 26ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ച നടത്താനായി കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ ക്ഷണിച്ചിട്ടുണ്ട്. സമരം അവസാനിപ്പിക്കാനായി ഇതിനോടകം അഞ്ച് തവണ കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തിയിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും പകരം ഭേദഗതികള്‍ ആകാമെന്ന നിലപാടില്‍ സര്‍ക്കാരും നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.


Next Story

RELATED STORIES

Share it