Big stories

രാജ്യത്തെ അസംഘടിത മേഖലയിലെ 70% തൊഴിലാളികൾ ആദിവാസി-ദലിത്-പിന്നാക്ക വിഭാഗങ്ങൾ

92 ശതമാനത്തിനും പ്രതിമാസ വരുമാനം 10,000 രൂപയും അതിൽ താഴെയുമാണ്. 6 ശതമാനം പേർക്ക് 10,000-15,000 രൂപയ്ക്കും ഇടയിലാണ്. കൂടാതെ, ഒരു ശതമാനം പേർക്ക് 15,000-18,000 രൂപയും 0.5 ശതമാനം പേർക്ക് 18,000-21,000 രൂപയും വരുമാനമുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യത്തെ അസംഘടിത മേഖലയിലെ 70% തൊഴിലാളികൾ ആദിവാസി-ദലിത്-പിന്നാക്ക വിഭാഗങ്ങൾ
X

ന്യൂഡൽഹി: രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികളിൽ ഭൂരിപക്ഷവും ആദിവാസി-ദലിത്-പിന്നാക്ക വിഭാ​ഗങ്ങളിൽ നിന്നുള്ളവരാണെന്ന് കണക്കുകൾ. അസംഘടിത തൊഴിലാളികളുടെ രാജ്യത്തെ ആദ്യത്തെ കേന്ദ്രീകൃത ഡാറ്റാബേസ് ആയ ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്ത 7.86 കോടിയിലധികം പേരുടെ വിവരങ്ങളിൽ നിന്നാണ് ഈ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. രജിസ്‌റ്റർ ചെയ്യപ്പെട്ടവരിൽ 40.5 ശതമാനം പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ് (ഒബിസികൾ), 23.7 ശതമാനം പേർ ദലിത് വിഭാ​ഗത്തിൽ നിന്നും 8.3 ശതമാനം ആദിവാസികളുമാണ്.

2011-ലെ സെൻസസ് പ്രകാരം ദലിതരുരുടെ ജനസംഖ്യാ വിഹിതം 16.2 ശതമാനവും ആദിവാസികളുടെ 8.2 ശതമാനവുമാണ്. ഒബിസികളുടെ എണ്ണം സെൻസസിൽ വിശദമാക്കിയിട്ടില്ല, എന്നാൽ നാഷണൽ സാംപിൾ സർവേ ഓർഗനൈസേഷൻ (എൻഎസ്എസ്ഒ) 2007-ൽ നടത്തിയ ഒരു സർവേയിൽ ഒബിസികളുടെ ജനസംഖ്യാ വിഹിതം 40.9 ശതമാനമായി കണക്കാക്കിയിരുന്നു. പൊതുവിഭാഗത്തിലെ ജനസംഖ്യ ഏകദേശം 34 ശതമാനമാണ്.

ഇ ശ്രം രജിസ്ട്രേഷൻ വിവര പ്രകാരം കാർഷിക മേഖലയിൽ (53.6 ശതമാനം) ഏറ്റവും കൂടുതൽ രജിസ്ട്രേഷനുകൾ നടന്നതായി കാണിക്കുന്നു. നിർമ്മാണ മേഖലയിൽ 12.2 ശതമാനവും ഗാർഹിക തൊഴിലാളികൾ 8.71 ശതമാനവും വരും. രജിസ്ട്രേഷൻ വിപുലമായി നടന്നാൽ കണക്കുകൾ ഇതിലും വ്യത്യസ്തമായിരിക്കുമെന്നാണ് വിദ​ഗ്ധരുടെ വെളിപ്പെടുത്തൽ.

കാർഷിക മേഖലയിൽ പശ്ചിമ ബംഗാളാണ് രജിസ്ട്രേഷനിൽ മുന്നിട്ട് നിൽക്കുന്നത്. 13.38 ശതമാനം അല്ലെങ്കിൽ 1.05 കോടി പേരാണ് ഇവിടെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒഡീഷ 10.5 ശതമാനം (82.6 ലക്ഷം), ഉത്തർപ്രദേശ് 9.15 ശതമാനം (71.9 ലക്ഷം), ബിഹാർ 5.71 ശതമാനം (44.9 ലക്ഷം) ജാർഖണ്ഡിൽ 3.03 ശതമാനം (23.82 ലക്ഷം) എന്നിങ്ങനെയാണ് കണക്കുകൾ. കർഷകത്തൊഴിലാളികളിൽ നിന്നാണ് ഏറ്റവുകൂടുതൽ രജിസ്‌ട്രേഷൻ നടന്നിരിക്കുന്നത്.

നിർമ്മാണ മേഖലയിൽ 17.03 ലക്ഷം രജിസ്‌ട്രേഷനുമായി പശ്ചിമ ബംഗാൾ തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. ഉത്തർപ്രദേശ് (14.95 ലക്ഷം), ബിഹാർ (13.13 ലക്ഷം), ഒഡീഷ (12.04 ലക്ഷം) എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ രജിസ്‌ട്രേഷൻ രേഖപ്പെടുത്തിയിരിക്കുന്ന മറ്റു സംസ്ഥാനങ്ങൾ.

68.47 ലക്ഷം പേർ ഗാർഹിക തൊഴിലാളികൾ എന്ന തൊഴിൽ വിഭാഗമാണ് മൂന്നാമത്തെ ഉയർന്ന രജിസ്‌ട്രേഷനിൽ എത്തിയിരിക്കുന്നത്. അതിൽ ഏറ്റവും കൂടുതൽ പങ്കാളിത്തം ഗാർഹിക പാചകക്കാരും (56.02 ലക്ഷം) ശുചീകരണത്തൊഴിലാളികളും സഹായികളും (12.45 ലക്ഷം) ആണ്. ഗാർഹിക തൊഴിലാളികളുടെ രജിസ്‌ട്രേഷനിൽ ഉത്തർപ്രദേശിൽ 21.63 ലക്ഷം, പശ്ചിമ ബംഗാളിൽ 14.29 ലക്ഷം, ബിഹാർ 13 ലക്ഷം എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മൊത്തം രജിസ്ട്രേഷനിൽ 51.61 ശതമാനവും സ്ത്രീ തൊഴിലാളികളാണ്. മൊത്തം രജിസ്‌ട്രേഷനിൽ 61 ശതമാനത്തിലേറെയും 18-40 വയസിനിടയിലുള്ള തൊഴിലാളികളാണ്. കൂടാതെ, മൊത്തം രജിസ്ട്രേഷനുകളുടെ 86.33 ശതമാനവും ബാങ്ക് അക്കൗണ്ടുകൾ ഉള്ളവരാണ്.

രജിസ്റ്റർ ചെയ്തവരിൽ 92 ശതമാനത്തിനും പ്രതിമാസ വരുമാനം 10,000 രൂപയും അതിൽ താഴെയുമാണ്. 6 ശതമാനം പേർക്ക് 10,000-15,000 രൂപയ്ക്കും ഇടയിലാണ്. കൂടാതെ, ഒരു ശതമാനം പേർക്ക് 15,000-18,000 രൂപയും 0.5 ശതമാനം പേർക്ക് 18,000-21,000 രൂപയും വരുമാനമുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it