മായാവതിയെ അധിക്ഷേപിച്ച ബിജെപി എംഎല്‍എ ഏഴു ക്രിമിനല്‍ കേസുകളിലെ പ്രതി

2017ലെ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനിടെ റിട്ടേണിങ് ഓഫിസര്‍ക്കുമുമ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഏഴു ക്രിമിനല്‍ കേസുകളെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്‌

മായാവതിയെ അധിക്ഷേപിച്ച ബിജെപി  എംഎല്‍എ ഏഴു ക്രിമിനല്‍ കേസുകളിലെ പ്രതി

ലക്‌നോ: ബിഎസ്പി അധ്യക്ഷ മായാവതിക്കെതിരേ അക്ഷേപകരമായ പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എ സാധനാ സിങ് ഏഴു ക്രിമിനല്‍ കേസുകളിലെ പ്രതിയെന്ന് രേഖകള്‍. 2017ലെ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനിടെ റിട്ടേണിങ് ഓഫിസര്‍ക്കുമുമ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തനിക്കെതിരായ ഏഴു ക്രിമിനല്‍ കേസുകളെക്കുറിച്ച് പരാമര്‍ശിക്കുന്നത്.

കലാപം, പ്രകോപന പ്രസംഗം, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തല്‍, അക്രമത്തിലൂടെ വ്യക്തിസുരക്ഷയും ജീവനും അപകടത്തിലാക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഇവര്‍ക്കെതിരായ കേസുകള്‍. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുമ്പ് ഒന്നര പതിറ്റാണ്ടോളം ചന്ദൗലി വ്യാപാര്‍ മണ്ടല്‍ പ്രസിഡന്റായിരുന്നു സാധന. എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിനു തൊട്ടുപിന്നാലെ മുഗള്‍സറായി ഡിവിഷണല്‍ റെയില്‍വേ മാനേജറെ (ഡിആര്‍എം) അസഭ്യം പറഞ്ഞ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു ഇവര്‍.


മായാവതി അധികാരത്തിനായി മാനം വില്‍ക്കുന്നുവെന്ന ഇവരുടെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശം വന്‍വിവാദത്തിന് തിരികൊളുത്തിയിരുന്നു. മായാവതിക്ക് ആത്മാഭിമാനമില്ല. അവര്‍ നേരത്തേ പീഡനത്തിരയായിരുന്നു. ഇപ്പോഴും അതു തുടര്‍ന്നു കൊണ്ടിരിക്കുന്നു. എല്ലാം നഷ്ടപ്പെട്ടിട്ടും അവര്‍ അധികാരത്തിനു വേണ്ടി അന്തസ് കളഞ്ഞു കുളിക്കുകയാണ് എന്നായിരുന്നു സാധനയുടെ പരാമര്‍ശം. സംഭവം ശ്രദ്ധയില്‍പെട്ട ദേശീയ വനിതാ കമ്മീഷന്‍ സാധനക്കെതിരേ സ്വമേധയാ കേസെടുത്തിരുന്നു.

RELATED STORIES

Share it
Top