Sub Lead

ഹാഥ്‌റസിനെ നടുക്കി വീണ്ടും ക്രൂരത: ബന്ധുവിന്റെ പീഡനത്തിനിരയായ നാലു വയസ്സുകാരി കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ഇഗ്ലാസില്‍ ബന്ധുവിന്റെ വീട്ടില്‍ ബന്ദിയാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. സെപ്തംബര്‍ 17നാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതെന്നും പോലിസ് പറഞ്ഞു.

ഹാഥ്‌റസിനെ നടുക്കി വീണ്ടും ക്രൂരത: ബന്ധുവിന്റെ പീഡനത്തിനിരയായ നാലു വയസ്സുകാരി കൊല്ലപ്പെട്ടു
X

ലഖ്‌നൗ: ദലിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കത്തിപ്പടരുന്നതിനിടെ ഹാഥ്‌റസിനെ നടുക്കി വീണ്ടും ക്രൂരത. ബന്ധുവിന്റെ ക്രൂരപീഡനത്തെതുടര്‍ന്ന് ഡല്‍ഹി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നാലു വയസ്സുകാരിയാണ് മരിച്ചത്. ചൊവ്വാഴ്ച പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ഇഗ്ലാസില്‍ ബന്ധുവിന്റെ വീട്ടില്‍ ബന്ദിയാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. സെപ്തംബര്‍ 17നാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതെന്നും പോലിസ് പറഞ്ഞു.

ഒരു സാമൂഹിക സംഘടനയുടെ പരാതി പ്രകാരം നടത്തിയ റെയ്ഡിലാണ് ബന്ധുവിന്റെ വീട്ടില്‍നിന്ന് പോലിസ് പെണ്‍കുട്ടിയെ മോചിപ്പിച്ചത്. തുടര്‍ന്ന് ബാലികയെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, നില വഷളായതോടെ നാലു ദിവസം മുമ്പ് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി സ്ഥിരീകരിച്ചിട്ടുണ്ട്. തന്റെ മകളെ തടങ്കലിലാക്കി പീഡിപ്പിച്ചെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി ഹാഥ്‌റസ് ജില്ലയിലെ ഗ്രാമത്തില്‍ താമസക്കാരനായ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ സെപ്തംബര്‍ 21നാണ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

തുടര്‍ന്ന് കുറ്റസമ്മതം നടത്തിയ 15കാരനെ പോലിസ് അറസ്റ്റ് ചെയ്തതായി എസ്എസ്പി വ്യക്തമാക്കി. സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന പ്രതിയുടെ മാതാവ് ഒളിവിലാണ്. പ്രതിയുടെ മാതാവിനെ അറസ്റ്റ് ചെയ്യുന്നതില്‍ പോലിസ് പരാജയപ്പെട്ടെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ ഹാഥ്‌റസില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. നടപടിയെടുക്കുമെന്ന് പോലിസ് ഉറപ്പുനല്‍കിതിനെതുടര്‍ന്നാണ് ബന്ധുക്കള്‍ പിരിഞ്ഞ് പോവാനും പെണ്‍കുട്ടിയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ സമ്മതിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ചുമതലയില്‍ വീഴ്ചവരുത്തിയ ഇഗ്ലാസ് പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയെ സസ്‌പെന്റ് ചെയ്തതായി എസ്എച്ച്ഒ വ്യക്തമാക്കി. കാണാതായ സ്ത്രീയെ കണ്ടെത്തുന്നതിനായി രണ്ടു സംഘങ്ങളെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു. ഹാഥ്‌റസില്‍ കൂട്ടബലാത്സംഗത്തിനിരയായ ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ സംഭവവും പുറത്തുവരുന്നത്. ഉയര്‍ന്ന സമുദായത്തില്‍പ്പെട്ട നാല് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

Next Story

RELATED STORIES

Share it