Sub Lead

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയും കുട്ടിയായിരുന്നുവെന്ന് 37 വര്‍ഷത്തിന് ശേഷം കണ്ടെത്തി; 53കാരനെ ജുവനൈല്‍ ബോര്‍ഡ് വിചാരണ ചെയ്യും

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയും കുട്ടിയായിരുന്നുവെന്ന് 37 വര്‍ഷത്തിന് ശേഷം കണ്ടെത്തി; 53കാരനെ ജുവനൈല്‍ ബോര്‍ഡ് വിചാരണ ചെയ്യും
X

ന്യൂഡല്‍ഹി: 1988ല്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ ശിക്ഷ സുപ്രിംകോടതി റദ്ദാക്കി. സംഭവസമയത്ത് പ്രതിക്ക് 16 വയസും രണ്ടു മാസവും മൂന്നു ദിവസവും പ്രായമേ ഉണ്ടായിരുന്നുള്ളൂ എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവില്‍ 53 വയസുള്ള പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിചാരണ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.

രാജസ്ഥാനിലെ അജ്മീര്‍ സ്വദേശിയായ പ്രതിയെ 1993ല്‍ വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. ഇത് കഴിഞ്ഞ ജൂലൈയില്‍ രാജസ്ഥാന്‍ ഹൈക്കോടതി ശരിവച്ചു. ഈ വിധിയെ ചോദ്യം ചെയ്താണ് പ്രതി സുപ്രിംകോടതിയില്‍ എത്തിയത്. താന്‍ ജനിച്ചത് 1972 സെപ്റ്റംബര്‍ 14നാണെന്നും സംഭവസമയത്ത് തന്റെ പ്രായം 16 വയസും രണ്ടു മാസവും മൂന്നു ദിവസവും ആയിരുന്നുവെന്നും പക്ഷേ മുതിര്‍ന്നവരെ പോലെ വിചാരണ ചെയ്‌തെന്നും പ്രതി വാദിച്ചു. തുടര്‍ന്ന് ഇക്കാര്യത്തില്‍ റിപോര്‍ട്ട് നല്‍കാന്‍ അജ്മീര്‍ ജില്ലാ കോടതിക്ക് നിര്‍ദേശം നല്‍കി. രേഖകളെല്ലാം പരിശോധിച്ച ജില്ലാ കോടതി പ്രതിയുടെ വാദം ശരിയാണെന്ന റിപോര്‍ട്ടാണ് നല്‍കിയത്. തുടര്‍ന്നാണ് ശിക്ഷാവിധികള്‍ റദ്ദാക്കിയത്. പ്രായത്തിന്റെ കാര്യം കേസിന്റെ ഏതുഘട്ടത്തിലും വിധി വന്നു കഴിഞ്ഞാലും ഉയര്‍ത്താമെന്ന് സുപ്രിംകോടതി പറഞ്ഞു. അതിനാല്‍, 2025 സെപ്റ്റംബര്‍ 15ന് ജുവനൈല്‍ ബോര്‍ഡിന് മുന്നില്‍ വിചാരണ നടത്തണമെന്ന് ഉത്തരവിട്ടു.

Next Story

RELATED STORIES

Share it