Sub Lead

സാമ്പത്തിക സംവരണം: കോളജ് സീറ്റുകള്‍ 25 ശതമാനം വര്‍ധിപ്പിച്ചു

പട്ടികജാതി-വര്‍ഗ, മറ്റു പിന്നാക്ക വിഭാഗങ്ങളുടെ നിലവിലുള്ള സംവരണം തടസ്സപ്പെടുത്താതിരിക്കാനാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചത്

സാമ്പത്തിക സംവരണം:  കോളജ് സീറ്റുകള്‍ 25 ശതമാനം  വര്‍ധിപ്പിച്ചു
X
ന്യൂഡല്‍ഹി: ജനറല്‍ കാറ്റഗറിയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ പത്ത് ശതമാനം സംവരണം ഉറപ്പുവരുത്തുന്നതിന് രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകള്‍ 25 ശതമാനം വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കറാണ് ഇക്കാര്യം അറിയിച്ചത്. പട്ടികജാതി-വര്‍ഗ, മറ്റു പിന്നാക്ക വിഭാഗങ്ങളുടെ നിലവിലുള്ള സംവരണം തടസ്സപ്പെടുത്താതിരിക്കാനാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചത്.ഈ മാറ്റം 2019-2020 അക്കാദമിക് കാലയളവില്‍ പ്രാബല്യത്തില്‍ വരുമെന്ന് ജാവേദ്കര്‍ വ്യക്തമാക്കി.

യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനുമായും ആള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ (എഐസിടിഇ) പ്രതിനിധികളുമായും ചൊവ്വാഴ്ച നടത്തിയ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഇഡബ്ല്യുഎസ് ക്വാട്ടയുടെ വിശദാംശങ്ങള്‍ മുഴുവന്‍ സര്‍വകലാശാലകളും അവരുടെ പ്രോസ്‌പെക്ടറ്റസില്‍ ഉള്‍പ്പെടെ ഉടന്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിനു കീഴിലോ സ്വകാര്യ ഉടമസ്ഥതയിലുള്ളതോ ആയ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്വാട്ട നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 40000 കോളജുകളിലും 900 സര്‍വകലാശാലകളിലും ഈ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉന്നത ജാതിയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തികൊണ്ടുള്ള ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതിനു പിന്നാലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റു വര്‍ധിപ്പിച്ചത്.

Next Story

RELATED STORIES

Share it