Sub Lead

തനിക്ക് മിഥ്യാക്കാഴ്ചയെന്ന് മൂന്നു മുസ്‌ലിംകളെ വെടിവച്ചു കൊന്ന ആര്‍പിഎഫുകാരന്‍; ജാമ്യം അനുവദിക്കരുതെന്ന് കൊല്ലപ്പെട്ടയാളുടെ ഭാര്യ

തനിക്ക് മിഥ്യാക്കാഴ്ചയെന്ന് മൂന്നു മുസ്‌ലിംകളെ വെടിവച്ചു കൊന്ന ആര്‍പിഎഫുകാരന്‍; ജാമ്യം അനുവദിക്കരുതെന്ന് കൊല്ലപ്പെട്ടയാളുടെ ഭാര്യ
X

മുംബൈ: ജയ്പൂര്‍-മുംബൈ ട്രെയ്‌നില്‍ മൂന്നു മുസ്‌ലിംകളെയും ദലിത് വിഭാഗത്തില്‍ നിന്നുള്ള മേലുദ്യോഗസ്ഥനെയും വെടിവച്ചു കൊന്ന റെയില്‍വേ സംരക്ഷണ സേന കോണ്‍സ്റ്റബിളിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊല്ലപ്പെട്ടയാളുടെ കുടുംബം. പ്രതി ക്രൂരമായ കൊലപാതകങ്ങളാണ് നടത്തിയതെന്ന് കൊല്ലപ്പെട്ട അഷ്ഗര്‍ അലി അബ്ബാസ് ശെയ്ഖിന്റെ ഭാര്യ ഉമേസ ഖാത്തൂന്‍ നല്‍കിയ ഇടപെടല്‍ അപേക്ഷ പറയുന്നു. 2023 ജൂലൈ 31ന് അഷ്ഗര്‍ അലി അബ്ബാസ് ശെയ്ഖ്, അബ്ദുല്‍ ഖാദര്‍ ഭാന്‍പൂര്‍വാല, സയ്യിദ് സൈഫുദ്ദീന്‍, ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ടിക്കാറാം മീണ എന്നിവരെയാണ് ചേതന്‍ കുമാര്‍ ചൗധുരി എന്ന ആര്‍പിഎഫുകാരന്‍ വെടിവച്ചു കൊന്നത്.

തനിക്ക് മാനസിക രോഗമാണെന്നും ജാമ്യം വേണമെന്നും ആവശ്യപ്പെട്ടാണ് പ്രതി ജാമ്യാപേക്ഷ നല്‍കിയത്. തനിക്ക് മിഥ്യാക്കാഴ്ച എന്ന രോഗമുണ്ടെന്നാണ് ജാമ്യാപേക്ഷയില്‍ പ്രതി അവകാശപ്പെടുന്നത്. ന്നാല്‍, ചേതന്‍ കുമാര്‍ ചൗധുരി ട്രെയ്‌നിലെ ഓരോ ബോഗികളിലും കയറി മുസ്‌ലിംകളെ തിരഞ്ഞുപിടിച്ചു കൊല്ലുകയായിരുന്നുവെന്ന് ഉമേസ ഖാത്തൂന്‍ ചൂണ്ടിക്കാട്ടി. ട്രെയ്‌നിലെ മനുഷ്യരുടെ സുരക്ഷ ഉറപ്പുവരുത്തലായിരുന്നു പ്രതിയുടെ ജോലി. പക്ഷേ, അയാള്‍ കൊലപാതകങ്ങള്‍ ചെയ്തു. ഇത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. അതിനാല്‍ വധശിക്ഷ വരെ ലഭിക്കാം. മാനസിക ആരോഗ്യം കൂടി പരിശോധിച്ചാണ് ആര്‍പിഎഫ് ഒരാളെ ജോലിക്ക് വയ്ക്കുക. അതിനാല്‍ തന്നെ മാനസിക ആരോഗ്യമില്ലെന്ന പ്രതിയുടെ വാദം അംഗീകരിക്കരുത്. കേസിലെ നിര്‍ണായക സാക്ഷികളെ വിചാരണക്കോടതി ഇതുവരെ വിസ്തരിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷനും എതിര്‍ത്തു.

തന്റെ മാനസിക ആരോഗ്യം പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്ന പ്രതിയുടെ ആവശ്യം 2023 ഡിസംബറില്‍ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് പുതിയ അപേക്ഷ നല്‍കിയത്. കേസില്‍ നിലവില്‍ 16 സാക്ഷികളെ മാത്രമാണ് വിചാരണക്കോടതി വിസ്തരിച്ചിട്ടുള്ളൂ. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്റെ വാദവും.

Next Story

RELATED STORIES

Share it