Sub Lead

ഡല്‍ഹി സംഘര്‍ഷം: താഹിര്‍ ഹുസൈനെതിരായ സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളി

ഡല്‍ഹി സംഘര്‍ഷം: താഹിര്‍ ഹുസൈനെതിരായ സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളി
X

ന്യൂഡല്‍ഹി: ഡല്‍ഹി സംഘര്‍ഷക്കേസില്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരായ സാക്ഷി കൂറുമാറിയെന്ന് പ്രഖ്യാപിക്കണമെന്ന പോലിസിന്റെ ആവശ്യം വിചാരണക്കോടതി തള്ളി. സംഘര്‍ഷകാലത്ത് കരവാല്‍ നഗറില്‍ ഒരു ഇ റിക്ഷാ ഗോഡൗണില്‍ താഹിറും സംഘവും തീയിട്ടുവെന്ന കേസാണ് കോടതി പരിഗണിക്കുന്നത്. 2020 ഫെബ്രുവരി 24ന് താന്‍ താഹിര്‍ ഹുസൈന്റെ വീട്ടില്‍ പോയെന്നും അമാന്‍ ഇ-റിക്ഷാ ഗോഡൗണ്‍ കത്തിനശിച്ചതായി കണ്ടുവെന്നുമാണ് സാക്ഷിയായ പോലിസ് ഇന്‍സ്‌പെക്ടര്‍ ശിവ ചരണ്‍ മീന ക്രോസ് വിസ്താരത്തില്‍ പറഞ്ഞത്. എന്നാല്‍, പോലിസ് രേഖകള്‍ പ്രകാരം ഗോഡൗണ്‍ കത്തിനശിച്ചത് ഫെബ്രുവരി 25നാണ്. അതേസമയം, കേസിലെ 26ാം സാക്ഷിയായ അങ്കിത് മാലിക് എന്ന കോണ്‍സ്റ്റബിള്‍ പ്രോസിക്യൂഷന്‍ കേസിനെ പിന്താങ്ങി. ഫെബ്രുവരി 24ന് ഗോഡൗണ്‍ സാധാരണ നിലയില്‍ ആയിരുന്നുവെന്നും 25നാണ് തീയിട്ടതെന്നും അങ്കിത് മാലിക് മൊഴി നല്‍കി. തുടര്‍ന്നാണ് ശിവ ചരണ്‍ മീന കൂറുമാറിയതായി പ്രഖ്യാപിക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, കോടതി ഇതിനോട് വിസമ്മതം പ്രകടിപ്പിച്ചു. ഇതുവരെ മൊഴി രേഖപ്പെടുത്തിയ 26 പ്രോസിക്യൂഷന്‍ സാക്ഷികളില്‍ പത്തുപേര്‍ മാത്രമാണ് പോലിസ് വാദം ശരിവച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it