ആര്‍എസ്എസിന്റെ വിശ്വസ്ത ഇമാം കേരളത്തില്‍; പുതിയ ദൗത്യം ദുരൂഹം

ആര്‍എസ്എസ്സിന് കീഴിലുള്ള മുസ് ലിം രാഷ്ട്രീയ മഞ്ച് സ്ഥാപക നേതാവും അജ്മീര്‍ സ്‌ഫോടന കേസില്‍ ആരോപണ വിധേയനുമായ ഇന്ദ്രേഷ് കുമാറുമായും അടുത്ത ബന്ധമാണ് ഉമര്‍ അഹമ്മദ് ഇല്ല്യാസിക്കുള്ളത്.

ആര്‍എസ്എസിന്റെ വിശ്വസ്ത ഇമാം കേരളത്തില്‍;  പുതിയ ദൗത്യം ദുരൂഹം

കൊച്ചി: ആര്‍എസ്എസ്സുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉമര്‍ അഹമ്മദ് ഇല്ല്യാസി വീണ്ടും കേരളത്തിലെത്തി. ന്യൂനപക്ഷങ്ങളെ പാട്ടിലാക്കാന്‍ മോദി വിളിച്ചു ചേര്‍ത്ത സൂഫി സമ്മേളനത്തിന്റെ പ്രധാന സംഘാടകനായിരുന്ന ഇല്ല്യാസിയുടെ കേരളത്തിലെ ദൗത്യം ദുരൂഹമാണ്. കൊച്ചിയിലെത്തിയ അദ്ദേഹം കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിലുമായി ബിഷപ്പ് ഹൗസില്‍ കൂടിക്കാഴ്ച്ച നടത്തി.


കഴിഞ്ഞ വര്‍ഷവും ഉമര്‍ അഹമ്മദ് ഇല്ല്യാസി കേരളം സന്ദര്‍ശിച്ചിരുന്നു. കാസര്‍കോട് എത്തിയ അദ്ദേഹം കേരള-കര്‍ണാടക അതിര്‍ത്തിയിലെ വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ആര്‍എസ്എസ്സിന്റെ കര്‍ണാടകയിലെ പ്രമുഖ നേതാവിനോടൊപ്പമാണ് അന്ന് ഇല്ല്യാസി കേരളത്തിലെത്തിയത്.

ഡല്‍ഹിയിലെ ഒരു പള്ളിയിലെ ഇമാമായ ഇല്ല്യാസിയെ ഡല്‍ഹി ഇമാം എന്നാണ് സംഘാടകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തിയത്. ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ എന്ന കടലാസ് സംഘടനയുടെ ചെയര്‍മാനായ ഇല്ല്യാസിയെ രാജ്യത്തെ ഇമാമുമാരുടെ പ്രതിനിധിയായാണ് ചില മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.


എന്നാല്‍, രാജ്യത്തെ പ്രമുഖ മുസ്‌ലിം സംഘടനകളോ വിഭാഗങ്ങളോ അദ്ദേഹത്തെ അംഗീകരിക്കുന്നില്ല. കേരളത്തില്‍ പ്രബലമായ ഇരു സുന്നി വിഭാഗങ്ങളും മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി വിഭാഗങ്ങളും ഇമാം ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയുടെ ഭാഗമല്ല. യാഥാര്‍ത്ഥ്യം ഇതായിരിക്കെ രാജ്യത്തെ ഇമാമുമാരുടെ പ്രതിനിധിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സംഘപരിവാര അനുകൂല മാധ്യമങ്ങളും വെബ്‌സൈറ്റുകളും ഇല്ല്യാസിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത സൂഫി സമ്മേളനത്തിന്റെ പ്രധാന സംഘാടകനായിരുന്നു ഉമര്‍ അഹമ്മദ് ഇല്ല്യാസ്. സൂഫി സമ്മേളനത്തിലേക്ക് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പണ്ഡിതന്‍മാരെ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. മാത്രമല്ല, 2015 ജൂണില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച പ്രതിനിധി സംഘത്തിന് ഉമര്‍ അഹമ്മദ് ഇല്ല്യാസിയാണ് നേതൃത്വം നല്‍കിയത്. 30 മുസ് ലിം പണ്ഡിതന്‍മാരാണ് ഇദ്ദേഹത്തിന്റെ കൂടെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.

ആര്‍എസ്എസ്സിന് കീഴിലുള്ള മുസ് ലിം രാഷ്ട്രീയ മഞ്ച് സ്ഥാപക നേതാവും അജ്മീര്‍ സ്‌ഫോടന കേസില്‍ ആരോപണ വിധേയനുമായ ഇന്ദ്രേഷ് കുമാറുമായും അടുത്ത ബന്ധമാണ് ഉമര്‍ അഹമ്മദ് ഇല്ല്യാസിക്കുള്ളത്. മംഗലാപുരത്ത് റൈറ്റ്‌സ്, അവേര്‍നസ് ആന്‍ഡ് നോളജ് സൊസൈറ്റി(റാങ്ക്‌സ്) വിളിച്ചു ചേര്‍ത്ത സമ്മേളനത്തിലും ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിനൊപ്പം അഹമ്മദ് ഇല്ല്യാസിയും പങ്കെടുത്തിരുന്നു. ഇസ്രായേലുമായും അഹമ്മദ് ഇല്ല്യാസ് ബന്ധം പുലര്‍ത്തിയിരുന്നു. ഇസ്രായേല്‍ മുന്‍ പ്രസിഡന്റ് ഷിമോന്‍ പെരസുമായി കൂടിക്കാഴ്ച്ച നടത്തിയതിന്റെ ചിത്രങ്ങള്‍ ഇല്ല്യാസി തന്നെ തന്റെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
RELATED STORIES

Share it
Top