Sub Lead

ഓക്‌സിജന്‍ വിതരണം മുടങ്ങി; ആന്ധ്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പൊലിഞ്ഞത് 11 ജീവനുകള്‍

ഓക്‌സിജന്‍ വിതരണം മുടങ്ങി; ആന്ധ്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പൊലിഞ്ഞത് 11 ജീവനുകള്‍
X

തിരുപ്പതി: രാജ്യത്ത് ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് 11 കൊവിഡ് രോഗികള്‍കൂടി മരിച്ചു. ആന്ധ്രാപ്രദേശ് തിരുപ്പതിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ദാരുണ സംഭവമുണ്ടായത്. തിരുപ്പതിയിലുള്ള എസ്‌വിആര്‍ റുയ ആശുപത്രിയില്‍ ഐസിയുവില്‍ ചികില്‍സയില്‍ കഴിഞ്ഞ രോഗികളാണ് ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് മരിച്ചത്. കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കവെ മെഡിക്കല്‍ ഓക്‌സിജന്റെ ദൗര്‍ലഭ്യം വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ്. ഓക്‌സിജന്‍ സിലിണ്ടര്‍ നിറയ്ക്കാന്‍ അഞ്ച് മിനിറ്റ് വൈകിയതാണ് ഈ ദാരുണസംഭവത്തിന് കാരണമായതെന്ന് ചിറ്റൂര്‍ ജില്ലാ കലക്ടര്‍ എം ഹരി നാരായണന്‍ അറിയിച്ചു.

ഓക്‌സിജന്‍ സിലിണ്ടര്‍ നിറയ്ക്കാന്‍ വൈകിയതുമൂലം മര്‍ദ്ദം കുറഞ്ഞതാണ് രോഗികളുടെ മരണത്തിനിടയാക്കിയത്. ഓക്‌സിജന്‍ വിതരണം അഞ്ച് മിനിറ്റിനുള്ളില്‍ പുനസ്ഥാപിക്കാന്‍ സാധിച്ചതുമൂലം കൂടുതല്‍ അപകടങ്ങള്‍ ഒഴിവായി. ഇപ്പോള്‍ എല്ലാം സാധാരണനിലയിലാണ്. ഞങ്ങള്‍ ബള്‍ക്ക് സിലിണ്ടറുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വിഷമിക്കേണ്ട കാര്യമില്ല. ജീവനക്കാരുടെ പെട്ടെന്നുള്ള ഇടപെടല്‍ മൂലം ഒരു വലിയ ദുരന്തം ഒഴിവാക്കപ്പെട്ടു. 30 ഡോക്ടര്‍മാരെ ഉടന്‍തന്നെ ഐസിയുവിലേക്ക് മാറ്റി രോഗികള്‍ക്ക് വേണ്ട ചികില്‍സ നല്‍കി.

ഓക്‌സിജന്‍ ദൗര്‍ലഭ്യമില്ലെന്നും വേണ്ടത്ര വിതരണം നടക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പുദൂരില്‍ നിന്ന് ഓക്‌സിജന്‍ ടാങ്കറിന്റെ വരവ് വൈകിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ആശുപത്രിയില്‍ 25 മുതല്‍ 45 മിനിറ്റുനേരത്തേക്ക് ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടെന്ന് രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് രോഗികള്‍ ജീവന് വേണ്ടി പിടയുന്നതും ജീവനക്കാര്‍ രോഗികളെ രക്ഷിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

റുയ ആശുപത്രിയില്‍ 1,100 കിടക്കകളാണുള്ളത്. ഐസിയുവില്‍ 700 കൊവിഡ് രോഗികളാണ് ചികില്‍സയില്‍ കഴിയുന്നത്. 400 പേര്‍ക്ക് ഓക്‌സിജന്‍ ആവശ്യമായതാണ്. 300 കൊവിഡ് രോഗികള്‍ വാര്‍ഡുകളിലും ചികില്‍സയിലുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി വൈ എസ് ജഗമോഹന്‍ റെഡ്ഡി ദു:ഖം രേഖപ്പെടുത്തി. ജില്ലാ കലക്ടറുമായും അദ്ദേഹം സംസാരിച്ചു. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തണമെന്നും ജഗമോഹന്‍ റെഡ്ഡി നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it