Latest News

പെന്റഗണ്‍ കരാറിനെതിരേ പ്രതിഷേധം; ചാറ്റ് ജിപിടി ഉപേക്ഷിച്ച് ലക്ഷങ്ങള്‍

പെന്റഗണ്‍ കരാറിനെതിരേ പ്രതിഷേധം; ചാറ്റ് ജിപിടി ഉപേക്ഷിച്ച് ലക്ഷങ്ങള്‍
X

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രതിരോധ വകുപ്പായ പെന്റഗണുമായി ഓപ്പണ്‍ എഐ കരാറില്‍ ഒപ്പുവച്ചതിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സിന്റെ രഹസ്യ ശൃംഖലകളില്‍ എഐ മോഡലുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന കരാറിലാണ് കമ്പനി ഒപ്പുവച്ചത്. കരാര്‍ പുറത്തുവന്നതിന് പിന്നാലെ 25 ലക്ഷത്തിലധികം ഉപയോക്താക്കള്‍ ചാറ്റ് ജിപിടി ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ ശനിയാഴ്ച മാത്രം അമേരിക്കയില്‍ ചാറ്റ് ജിപിടി ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ 29.5 ശതമാനം വര്‍ധനവുണ്ടായതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 'ക്വിറ്റ് ചാറ്റ് ജിപിടി' എന്ന പേരില്‍ വിവിധ വെബ്‌സൈറ്റുകള്‍ വഴി സംഘടിത പ്രചാരണങ്ങളും നടക്കുന്നു. ആപ്പ് സ്‌റ്റോറുകളിലെ റേറ്റിങ് കുറയ്ക്കാനും ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ക്യാമ്പയിനുകള്‍ ആഹ്വാനം ചെയ്യുന്നു.

ഇതിനിടെ ആന്ത്രോപിക് വികസിപ്പിച്ച 'ക്ലോഡ്' എന്ന ചാറ്റ്‌ബോട്ട് ആപ്പിളിന്റെ ആപ്പ് സ്‌റ്റോറില്‍ ഒന്നാം സ്ഥാനത്തെത്തി. മുന്‍പ് പെന്റഗണിന്റെ കരാര്‍ ലഭിച്ചിരുന്നത് ആന്ത്രോപിക്കിനായിരുന്നുവെങ്കിലും സാങ്കേതികവിദ്യ ആഭ്യന്തര നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അവര്‍ കരാറില്‍ നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്ന് കരാര്‍ ഓപ്പണ്‍ എഐ ഏറ്റെടുക്കുകയായിരുന്നു. ഓപ്പണ്‍ എഐയുടെ മുന്‍ നയരേഖയില്‍ സൈനിക ആവശ്യങ്ങള്‍ക്കും യുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. എന്നാല്‍ പെന്റഗണ്‍ കരാറിന് മുന്നോടിയായി ഈ വ്യവസ്ഥ നിശബ്ദമായി നീക്കിയതായാണ് ആരോപണം. ഇതാണ് ഉപയോക്താക്കളുടെ പ്രതിഷേധം ശക്തമാക്കിയത്.

പ്രതിഷേധം ശക്തമായതോടെ സിഇഒ സാം ആള്‍ട്ട്മാന്‍ ഖേദം പ്രകടിപ്പിച്ചു. ആശയവിനിമയത്തിലെ പിഴവുകള്‍ കാരണമാണ് വിവാദം ശക്തമായതെന്നും കാര്യങ്ങള്‍ കൂടുതല്‍ തുറന്ന രീതിയില്‍ കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നുവെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തീരുമാനം 'അവസരവാദപരമായ' നീക്കമായി കാണപ്പെട്ടതില്‍ ക്ഷമ ചോദിച്ചതായി വ്യക്തമാക്കി. തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കരാറില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ഓപ്പണ്‍ എഐ വന്‍തോതിലുള്ള നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും എന്‍എസ്എ പോലുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കായുള്ള ഉപയോഗത്തിനും തങ്ങളുടെ സാങ്കേതികവിദ്യ അനുവദിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.

Next Story

RELATED STORIES

Share it