Sub Lead

ഹര്‍ത്താല്‍ തുടങ്ങി; കര്‍ശന സുരക്ഷയൊരുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

അര്‍ധരാത്രിയ്ക്കുശേഷം പ്രഖ്യാപിച്ചതിനാല്‍ ഹര്‍ത്താലിനെക്കുറിച്ച് പൊതുജനങ്ങള്‍ അറിഞ്ഞുവരുന്നതേയുള്ളൂ. രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. കൊച്ചിയില്‍ യാത്രക്കാരെ ബസ്സില്‍നിന്ന് ഇറക്കിവിട്ടു. ചിലയിടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയ പാതകള്‍ ഉപരോധിക്കുകയാണ്. കടകള്‍ തുറക്കാനെത്തിയവരെ തടയുകയും ചെയ്തു.

ഹര്‍ത്താല്‍ തുടങ്ങി; കര്‍ശന സുരക്ഷയൊരുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം
X

തിരുവനന്തപുരം: കാസര്‍കോട് നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് തുടങ്ങി. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അര്‍ധരാത്രിയ്ക്കുശേഷം പ്രഖ്യാപിച്ചതിനാല്‍ ഹര്‍ത്താലിനെക്കുറിച്ച് പൊതുജനങ്ങള്‍ അറിഞ്ഞുവരുന്നതേയുള്ളൂ. രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. കൊച്ചിയില്‍ യാത്രക്കാരെ ബസ്സില്‍നിന്ന് ഇറക്കിവിട്ടു. ചിലയിടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയ പാതകള്‍ ഉപരോധിക്കുകയാണ്. കടകള്‍ തുറക്കാനെത്തിയവരെ തടയുകയും ചെയ്തു.

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരം ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റുചെയ്തു. അക്രമം തുടര്‍ന്നാല്‍ പോലിസ് സംരക്ഷണയോടെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുമെന്നാണ് വിവരം. അതേസമയം, ഹര്‍ത്താലിന് സാമാന്യജനജീവിതം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോകനാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും അടിയന്തര നിര്‍ദേശം നല്‍കി. ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാരസ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാന്‍ നിയമനടപടി കൈക്കൊള്ളും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്നോ സ്വത്തുവകകളില്‍നിന്നോ നഷ്ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുക.

ഇന്ന് തുറക്കുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പോലിസ് സംരക്ഷണം നല്‍കും. അക്രമത്തിന് മുതിരുന്നവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കും. എല്ലാ വിധത്തിലുമുളള അനിഷ്ടസംഭവങ്ങള്‍ തടയുന്നതിന് ആവശ്യമായ സുരക്ഷ എര്‍പ്പെടുത്തും. നിര്‍ബന്ധിത ഹര്‍ത്താലായി മാറാതിരിക്കുന്നതിനാവശ്യമായ നടപടികള്‍ വേണമെന്ന ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എസ്പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടിയെടുക്കണമെന്ന് റേഞ്ച് ഐജി മാരോടും സോണല്‍ എഡിജിപിമാരോടും ഡിജിപി ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it