മാനസിക വെല്ലുവിളി നേരിടുന്ന സഹോദരന്റെ മൃതദേഹവുമായി സഞ്ചരിച്ച യുവതി കസ്റ്റഡിയില്‍

ക്ലാപ്പന, പെരിനാട് കടവത്ത് ക്ഷേത്രത്തിനുസമീപം വാസവപുരത്ത് വാടകയ്ക്കുതാമസിക്കുന്ന ശിവകാശി സ്വദേശിനി കസ്തൂരി(35)യാണ് കസ്റ്റഡിയിലായത്.

മാനസിക വെല്ലുവിളി നേരിടുന്ന സഹോദരന്റെ മൃതദേഹവുമായി സഞ്ചരിച്ച യുവതി കസ്റ്റഡിയില്‍

ഓച്ചിറ (കൊല്ലം): മാനസികവെല്ലുവിളി നേരിടുന്ന സഹോദരന്റെ മൃതദേഹം ചാക്കില്‍ക്കെട്ടി ബൈക്കില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച യുവതിയെ ചെങ്ങന്നൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. ക്ലാപ്പന, പെരിനാട് കടവത്ത് ക്ഷേത്രത്തിനുസമീപം വാസവപുരത്ത് വാടകയ്ക്കുതാമസിക്കുന്ന ശിവകാശി സ്വദേശിനി കസ്തൂരി(35)യാണ് കസ്റ്റഡിയിലായത്. സഹോദരന്‍ മൈക്കിള്‍രാജി(പുളി -21)നെ കൊലപ്പെടുത്തിയശേഷം മൃതദേഹം മറവുചെയ്യാനുള്ള ശ്രമത്തിലായിരുന്നു യുവതിയെന്ന് പോലിസ് പറഞ്ഞു.

ചെങ്ങന്നൂര്‍ പാണ്ടനാട്ടുള്ള വീടിനുസമീപം മൃതദേഹം കുഴിച്ചുമൂടുന്നതിനായി ഭര്‍ത്താവ് മാസാണം (40), എട്ടുവയസ്സുകാരിയായ മകള്‍ എന്നിവര്‍ക്കൊപ്പം ബൈക്കില്‍ മൃതദേഹവുമായി ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു യുവതി.യാത്രയ്ക്കിടെ ശക്തമായ മഴ വന്നതിനാല്‍ മൃതദേഹം കടത്തിണ്ണയില്‍ കിടത്തി കസ്തൂരിയെ കാവല്‍നിര്‍ത്തി മാസാണം കടന്നുകളയുകയായിരുന്നു. ഏറെസമയം കഴിഞ്ഞും ഭര്‍ത്താവിനെ കാണാത്തതിനെ തുടര്‍ന്ന് ചെങ്ങന്നൂരിലുള്ള ബന്ധുക്കളെ കസ്തൂരി വിവരമറിയിച്ചു. ബന്ധുക്കള്‍ എത്തിയെങ്കിലും സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കിയ അവരും രക്ഷപ്പെട്ടു.

ഭര്‍ത്താവിനെ കാണാതായതിനെത്തുടര്‍ന്ന് രാത്രിതന്നെ കസ്തൂരി മൃതദേഹം ചുമന്ന് ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. മരണത്തില്‍ സംശയംതോന്നിയ ഡോക്ടര്‍ വിവരം ചെങ്ങന്നൂര്‍ പോലിസില്‍ അറിയിച്ചു. യാത്രയില്‍ മൃതദേഹത്തിന്റെ കാല്‍ റോഡിലുരഞ്ഞ് പാദം തകര്‍ന്നിരുന്നു. മൂന്ന് വിരലുകള്‍ക്കും സാരമായ പരിക്കുപറ്റി. ബൈക്കിനുപിന്നിലിരുന്ന കസ്തൂരിയാണ് മൃതദേഹം പിടിച്ചിരുന്നത്. പോലീസ് എത്തി ചോദ്യംചെയ്തപ്പോള്‍ തങ്ങള്‍ കടത്തിണ്ണയില്‍ കഴിയുന്നവരാണെന്നും അസുഖംവന്ന സഹോദരനെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴി മരിച്ചതാണെന്നും കസ്തൂരി മൊഴി നല്‍കി.

എന്നാല്‍ മൃതദേഹപരിശോധനയില്‍ യുവാവിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതായി ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് പോലിസ് കസ്തൂരിയെ കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂര്‍ പോലിസും ഓച്ചിറ പോലിസും വിരലടയാള വിദഗ്ധരും ക്ലാപ്പനയിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. വീട്ടില്‍ താമസിച്ചിരുന്ന ശിവകാശി സ്വദേശികളായ മറ്റൊരു കുടുംബവും ഇവിടെനിന്ന് കടന്നുകളഞ്ഞു. യുവതിയെ പോലിസ് ചോദ്യംചെയ്തുവരികയാണ്. രാത്രിയോടെ കസ്തൂരിയെ ചെങ്ങന്നൂര്‍ പോലിസ് ഓച്ചിറ പോലിസിന് കൈമാറി. മൈക്കിള്‍രാജിന്റെ മൃതദേഹം ശിവകാശിയിലെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

RELATED STORIES

Share it
Top