Sub Lead

സ്വര്‍ണക്കടത്തുകാര്‍ക്ക് ഒത്താശ: കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍; 320 ഗ്രാം സ്വര്‍ണവും പണവും വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെടുത്തു

ഇയാളില്‍ നിന്ന് അഞ്ച് ലക്ഷത്തോളം രൂപയും ദിര്‍ഹവും സ്വര്‍ണ്ണാഭരണങ്ങളും റാഡോ വാച്ച് പോലുള്ള വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തി.

സ്വര്‍ണക്കടത്തുകാര്‍ക്ക് ഒത്താശ: കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍; 320 ഗ്രാം സ്വര്‍ണവും പണവും വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെടുത്തു
X

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കള്ളക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്തുവന്ന കസ്റ്റംസ് സൂപ്രണ്ട് പോലിസ് പിടിയില്‍. കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പനെയാണ് കരിപ്പൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തത്. ഇയാളില്‍ നിന്ന് അഞ്ച് ലക്ഷത്തോളം രൂപയും ദിര്‍ഹവും സ്വര്‍ണ്ണാഭരണങ്ങളും റാഡോ വാച്ച് പോലുള്ള വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തി. വിമാനത്താവളത്തിന് മുന്‍പിലുള്ള പോലിസ് എയ്ഡ് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ യാത്രക്കാരില്‍ ഒരാളില്‍ നിന്നും 320 ഗ്രാം സ്വര്‍ണം പോലിസ് പിടിച്ചെടുത്തിരുന്നു.

ഇയാളുടെ കൂടെയുള്ള ആളുടെ മൊബൈലിലേക്ക് തുടര്‍ച്ചയായി ഫോണ്‍ വരുന്നത് ശ്രദ്ധിച്ച പോലിസ് അയാളെ മാറ്റി നിര്‍ത്തി ചോദ്യം ചെയ്തു. കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പനായിരുന്നു സ്വര്‍ണ്ണക്കടത്ത് കാരിയറെ തുടര്‍ച്ചയായി വിളിച്ചത്. തുടര്‍ന്ന് ഇയാളുടെ റൂമിലെത്തി പരിശോധന നടത്തിയ പോലിസ്

അഞ്ചു ലക്ഷത്തോളം രൂപയും ദിര്‍ഹങ്ങളും 320 ഗ്രാം സ്വര്‍ണവും റാഡോ വാച്ചും അടക്കം നിരവധി വിലപിടിപ്പുള്ള സാധനങ്ങള്‍ കണ്ടെത്തി. സ്വര്‍ണ്ണക്കടത്ത് സംഘവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പോലിസ് പറഞ്ഞു.

വിമാനത്താവളത്തില്‍ വച്ച് സ്വര്‍ണ്ണക്കടത്തുകാരില്‍ നിന്നും സ്വര്‍ണ്ണം മുനിയപ്പന്‍ ശേഖരിക്കും. വിമാനത്താവളത്തിലെ പരിശോധനകള്‍ പൂര്‍ത്തിയായി പുറത്ത് കടക്കുന്ന കാരിയര്‍ പിന്നീട് മുനിയപ്പനെ വന്ന് കണ്ടു പണം നല്‍കി സ്വര്‍ണം കൊണ്ടു പോവുകയാണ് പതിവ്. അങ്ങനെ സ്വര്‍ണം കൊണ്ടുവരുന്ന കാരിയര്‍മാരുടെ പാസ്‌പോര്‍ട്ടുകളും ഇയാള്‍ കൈവശം വയ്ക്കും. സ്വര്‍ണ്ണത്തിനൊപ്പമാണ് പാസ്‌പോര്‍ട്ടും തിരിച്ചു കൊടുക്കുക.

നാല് പാസ്‌പോര്‍ട്ടുകളും ഇയാളുടെ മുറിയില്‍ നിന്നും കണ്ടെത്തി. മുനിയപ്പനെ പോലിസ് കസ്റ്റഡിയിലെടുത്ത് കരിപ്പൂര്‍ പോലിസ് സ്‌റ്റേഷനിലെത്തിച്ചു.ഇയാള്‍ക്കെതിരേ വിശദമായ റിപ്പോര്‍ട്ട് പോലിസ് കസ്റ്റംസിന് കൈമാറും. മറ്റ് നിയമ നടപടികള്‍ ഇയാള്‍ക്കെതിരെ സ്വീകരിക്കാന്‍ പോലീസിന് നിര്‍വാഹമില്ല. പോലിസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസാണ് നടപടി എടുക്കേണ്ടത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണ്ണക്കടത്ത് സംഘവുമായി വഴിവിട്ട ബന്ധം പുലര്‍ത്തുന്ന ആദ്യത്തെ കേസല്ല ഇത്. കരിപ്പൂരിലെ സ്വര്‍ണ്ണക്കടത്ത് പിടികൂടുന്നതില്‍ പോലീസ് ഫലപ്രദമായി ഇടപെടുന്നതിന്റെ തെളിവ് കൂടിയാണ് ഈ സംഭവം. ഇതുവരെ 53 സ്വര്‍ണക്കടത്ത് കേസുകളാണ് കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് നിയോഗിച്ച പ്രത്യേക പോലിസ് സംഘം ഇത് വരെ കണ്ടെത്തിയത്.

കരിപ്പൂരില്‍ പോലിസിന്റെ സ്വര്‍ണവേട്ട തുടരുകയാണ്. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏര്‍പ്പെടുത്തിയ സംവിധാനമാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ പോലിസ് എയ്ഡ് പോസ്റ്റ്. കസ്റ്റംസിന്റെ പരിശോധന പൂര്‍ത്തിയാക്കി സ്വര്‍ണം കടത്തുന്നവരില്‍നിന്നാണ് ഇവര്‍ സ്വര്‍ണം പിടികൂടുന്നത്.

വിമാനത്താവളത്തിന് പുറത്തെ പോസ്റ്റ് വഴിയുള്ള പോലിസിന്റെ ഈ സ്വര്‍ണ്ണവേട്ട കസ്റ്റംസിനെ സംബന്ധിച്ച് തലവേദനയാണ്. പോലീസ് പിടികൂടിയ സ്വര്‍ണ്ണത്തിന് തുടരന്വേഷണ നടപടികളാണ് കസ്റ്റംസിന് ബുദ്ധിമുട്ടുണ്ടാക്കുന്നത്.

സ്വര്‍ണ്ണം പോലിസ് പിടികൂടിയാലും തുടരന്വേഷണം കസ്റ്റംസിന്റെ ഉത്തരവാദിത്തമാണ്. പ്രതികളെയും തൊണ്ടി വാഹനങ്ങളും റിപ്പോര്‍ട്ട് സഹിതം പോലിസ് കസ്റ്റംസിന് കൈമാറും. പക്ഷേ സ്വര്‍ണ്ണം കോടതിയിലാണ് ഹാജരാക്കുക. കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കി സ്വര്‍ണം വാങ്ങിയ ശേഷമേ അന്വേഷണം തുടങ്ങൂ.

കസ്റ്റംസിനെ വെട്ടിച്ച് പുറത്തെത്തിക്കുന്ന സ്വര്‍ണ്ണമാണ് പോലിസ് പിടികൂടുന്നത്. പിടികൂടിയ സ്വര്‍ണ്ണം യാത്രക്കാര്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ ശരീരത്തിനകത്ത് ഒളിപ്പിച്ചുകൊണ്ട് വരുന്നവയാണ്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പലപ്പോഴും സ്വര്‍ണ്ണം പിടികൂടുന്നതെങ്കില്‍ വിമാനത്താവള പരിസരത്ത് നിരീക്ഷണത്തിലൂടെയും സംശയമുള്ളവരെ പിന്തുടര്‍ന്ന് ചോദ്യം ചെയ്തുമാണ് പോലീസ് സ്വര്‍ണ്ണം പിടികൂടുന്നത്.

കസ്റ്റംസ് അന്വേഷണം സ്വര്‍ണ്ണക്കടത്തുകാരില്‍ ഒതുങ്ങുമ്പോള്‍ സ്വീകരിക്കാനെത്തിയവരും വാഹനങ്ങളും എല്ലാം പോലീസിന്റെ അന്വേഷണത്തില്‍ പിടിയിലാകുന്നു. ജനുവരി 21ന് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചശേഷം കസ്റ്റംസ് പിടികൂടിയതിനേക്കാളും സ്വര്‍ണ്ണം പോലീസ് കരിപ്പൂരില്‍നിന്ന് പിടികൂടിയിട്ടുണ്ട് എന്നാണ് കണക്കുകള്‍.

Next Story

RELATED STORIES

Share it