Sub Lead

ബാങ്ക് അക്കൗണ്ടുകള്‍ ഇഡി താല്‍ക്കാലികമായി മരവിപ്പിച്ചത് അപലപനീയം: പോപുലര്‍ ഫ്രണ്ട്

അധികാരദുര്‍വിനിയോഗത്തിലൂടെ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്നു

ബാങ്ക് അക്കൗണ്ടുകള്‍ ഇഡി താല്‍ക്കാലികമായി മരവിപ്പിച്ചത് അപലപനീയം: പോപുലര്‍ ഫ്രണ്ട്
X

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘടനയുടെ ബാങ്ക് അക്കൗണ്ടുകള്‍ താല്‍ക്കാലികമായി മരവിപ്പിച്ചത് അപലപനീയമെന്ന് പോപുലര്‍ ഫ്രണ്ട്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സംഘടനയ്‌ക്കെതിരായി തുടര്‍ന്നുവരുന്ന അടിച്ചമര്‍ത്തല്‍ നടപടികളുടെ ഭാഗമാണ് ഇഡിയുടെ ഈ നടപടി. ജനകീയ പ്രസ്ഥാനങ്ങള്‍, എന്‍ജിഒകള്‍, മനുഷ്യാവകാശ സംഘടനകള്‍, പ്രതിപക്ഷ പാര്‍ട്ടികള്‍, മാധ്യമങ്ങള്‍ തുടങ്ങി രാജ്യത്തെ ഫാഷിസ്റ്റ് ഭരണകൂടത്തെ വിമര്‍ശിക്കുന്ന ഏതൊരു ജനാധിപത്യ ശബ്ദത്തിനും പിന്നാലെ കൂടി രാഷ്ട്രീയ യജമാനന്‍മാരുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുകയാണ് ഇഡിയെന്ന് ഒരിക്കല്‍ കൂടി വ്യക്തമാവുകയാണ്.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള 13 വര്‍ഷത്തെ ഇടപാടുകള്‍, ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തില്‍ സാധാരണമാണ്. മാതൃകാപരമായ ദുരിതാശ്വാസരക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സംഘടനയെന്ന നിലയില്‍ രാജ്യം അഭിമുഖീകരിച്ച പ്രകൃതി ദുരന്തങ്ങളടക്കമുള്ള വലിയ പ്രശ്‌നങ്ങള്‍ നേരിടാന്‍ പോപുലര്‍ ഫ്രണ്ട് നടത്തിയ ധനശേഖരണവും നിക്ഷേപങ്ങളും ഉള്‍പ്പെട്ട തുകയാണത്. ഇഡി പ്രസ്താവിച്ച കണക്കുകള്‍ ഒട്ടും ആശ്ചര്യകരമല്ല. സംഘടന അതിന്റെ ഓരോ പൈസയുടെ ഇടപാടുകളും ആദായനികുതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഒരു പതിറ്റാണ്ടിലേറെ കാലത്തെ കണക്കുകള്‍ വച്ച് വാര്‍ത്തകള്‍ സെന്‍സേഷണലൈസ് ചെയ്യുകയാണ്. 2020ല്‍ പോപുലര്‍ ഫ്രണ്ട് 120 കോടി പിരിച്ചെടുത്തതായി പല മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തു. 60 കോടി എന്ന ഇപ്പോഴത്തെ പ്രസ്താവന നേരത്തെയുള്ള വ്യാജ അവകാശവാദം തള്ളിക്കളയുന്നതാണ്. ഇത്തരം ഏജന്‍സികള്‍ പോപുലര്‍ ഫ്രണ്ട് പോലെയുള്ള ജനകീയ പ്രസ്ഥാനങ്ങളെ ലക്ഷ്യമിട്ട് തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിന് മറ്റൊരു തെളിവ് കൂടിയാണിത്.

ആംനസ്റ്റി ഇന്റര്‍നാഷനല്‍, ഗ്രീന്‍ പീസ് തുടങ്ങിയ ലോകപ്രശസ്ത എന്‍ജിഒകളുടെയും മനുഷ്യാവകാശ സംഘടനകളുടെയും ബാങ്ക് അക്കൗണ്ടുകളും ഇതേ രീതിയില്‍ മരവിപ്പിച്ചിരുന്നു. അന്വേഷണമെന്ന പേരിലുള്ള പകപോക്കലിനെ ഭയന്ന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളിലുമുള്ള അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ തങ്ങളുടെ കള്ളപ്പണം സംരക്ഷിക്കാന്‍ ബിജെപിയില്‍ ചേരുന്ന ഒരു പ്രവണത രാജ്യത്ത് ഇതിനകം തന്നെ ഇഡിയുടെ ഇടപെടലിലൂടെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ബിജെപി നേതാക്കളുടെ നൂറുകണക്കിന് കോടികളുടെ അഴിമതികളും കള്ളപ്പണ ഇടപാടുകളും ഇഡിയെ ആശങ്കപ്പെടുത്തുന്നേയില്ല. പ്രതിപക്ഷത്തെ ലക്ഷ്യമിടാനും നിശബ്ദരാക്കാനും ഇഡിയെയും മറ്റ് അന്വേഷണ ഏജന്‍സികളെയും ബിജെപി ദുരുപയോഗം ചെയ്യുന്നത് പതിവായി മാറിയിരിക്കുകയാണ്.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന, ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ജനങ്ങളുടെ വിശ്വാസം സംഘടന നേടിയെടുത്തിട്ടുണ്ട്. ജനങ്ങള്‍ പോപുലര്‍ ഫ്രണ്ടിന് സംഭാവനകള്‍ നല്‍കി സഹായിക്കുന്നുമുണ്ട്. ചെറുതും വലുതുമായ ഏത് സാമ്പത്തിക ഇടപാടുകളും വളരെ സുതാര്യമായി നടത്തണമെന്ന് സംഘടന അതിന്റെ തുടക്കം മുതല്‍തന്നെ ഒരു നയമാക്കി നിഷ്‌കര്‍ഷിക്കുന്നു.

സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയത്തിനെതിരേ പോപുലര്‍ ഫ്രണ്ട് സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാട് മാത്രമാണ് സംഘടനയ്‌ക്കെതിരേ കെട്ടിച്ചമച്ച രാഷ്ട്രീയ പ്രേരിത കേസുകളെന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാം. ആര്‍എസ്എസ്സിന്റെ ദുഷിച്ച പദ്ധതികളോടുള്ള പോപുലര്‍ ഫ്രണ്ടിന്റെ ഉറച്ച നിലപാടും എതിര്‍പ്പും ജനകീയമായി തുടരുക തന്നെ ചെയ്യും. ഇത്തരം ഹീനനടപടികള്‍ ഞങ്ങളെ ഭയപ്പെടുത്തുന്നില്ല. ഈ തടസ്സങ്ങളെ മറികടക്കാന്‍ നിയമപരവും ജനാധിപത്യപരവുമായ എല്ലാ മാര്‍ഗങ്ങളും പോപുലര്‍ ഫ്രണ്ട് സ്വീകരിക്കും. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നീക്കങ്ങളെയും അധികാര ദുര്‍വിനിയോഗത്തെയും അപലപിക്കാന്‍ ജനാധിപത്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായ രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്തു.

Next Story

RELATED STORIES

Share it