Big stories

നെടുങ്കണ്ടം കസ്റ്റഡി മരണം: കേസ് അട്ടിമറിക്കാന്‍ പോലിസിന്റെ സംഘടിതശ്രമം; മൊഴിയെടുക്കല്‍ ഇന്നും തുടരും

ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കുറ്റം മറയ്ക്കാന്‍ പോലിസുകാര്‍ ആസൂത്രിതനീക്കം നടത്തിയതായി വ്യക്തമായത്. രാജ്കുമാറിന്റെ കേസുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പോലിസ് സ്‌റ്റേഷനിലെ രേഖകളില്‍ പോലിസ് തിരുത്തല്‍ വരുത്തിയെന്നതാണ് പ്രധാന കണ്ടെത്തല്‍.

നെടുങ്കണ്ടം കസ്റ്റഡി മരണം: കേസ് അട്ടിമറിക്കാന്‍ പോലിസിന്റെ സംഘടിതശ്രമം; മൊഴിയെടുക്കല്‍ ഇന്നും തുടരും
X

ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ സാമ്പത്തിക തട്ടിപ്പുകേസ് പ്രതി രാജ്കുമാര്‍ മരണപ്പെട്ട കേസ് അട്ടിമറിക്കാന്‍ പോലിസ് സംഘടിതശ്രമം നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കുറ്റകൃത്യം മറയ്ക്കാന്‍ പോലിസുകാര്‍ ആസൂത്രിതനീക്കം നടത്തിയതായി വ്യക്തമായത്. രാജ്കുമാറിന്റെ കേസുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പോലിസ് സ്‌റ്റേഷനിലെ രേഖകളില്‍ പോലിസ് തിരുത്തല്‍ വരുത്തിയെന്നതാണ് പ്രധാന കണ്ടെത്തല്‍.

രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത ദിവസം മുതലുള്ള രേഖകള്‍ തിരുത്തിയെന്നാണ് വ്യക്തമായത്. ജൂണ്‍ 13ന് രാജ്കുമാറിനെ സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചുവെന്നാണ് രേഖയുണ്ടാക്കിയത്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് വനിതാ പോലിസാണെന്നും വരുത്തിത്തീര്‍ക്കാന്‍ ശ്രമമുണ്ടായി. രാജ്കുമാറിന്റെ കുടുംബത്തിന്റെ അടക്കമുള്ള മൊഴികളും സ്‌റ്റേഷനിലെ രേഖകളും തമ്മില്‍ വൈരുധ്യമുണ്ട്. രണ്ട് ജീപ്പ് പോലിസെത്തിയാണ് രാജ്കുമാറിനെ പിടികൂടിയതെന്നായിരുന്നു ദൃക്‌സാക്ഷി ആലിസിന്റെ വെളിപ്പെടുത്തല്‍.

നെടുങ്കണ്ടം പോലിസ് രേഖകളില്‍ ഇക്കാര്യം മറച്ചുവച്ചെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്‌കും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. സബ് ജയിലില്‍ മരിച്ച രാജ്കുമാറിന് കസ്റ്റഡിയില്‍ മര്‍ദനമേറ്റെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ കേസില്‍നിന്ന് തലയൂരാന്‍ പോലിസ് നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് രാജ്കുമാറിന് നാട്ടുകാരുടെ കൈയില്‍നിന്നാണ് മര്‍ദനമേറ്റതെന്ന വാദവുമായി പോലിസ് രംഗത്തെത്തിയത്.

30 ഓളം നാട്ടുകാര്‍ക്കെതിരേ പോലിസ് കേസെടുക്കുകയും അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ പോലിസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായതായി ബോധ്യപ്പെടുകയായിരുന്നു. അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി വാഗമണ്ണിലെ രാജ്കുമാറിന്റെ വീട്ടിലെത്തി അന്വേഷണസംഘം ഇന്ന് മൊഴി രേഖപ്പെടുത്തും. പീരുമേട് ജയിലില്‍നിന്നും വിവരങ്ങള്‍ തേടാന്‍ സാധ്യതയുണ്ട്. രാജ്കുമാറിനെ തെളിവിനായി വീട്ടിലെത്തിച്ചപ്പോള്‍ പോലിസ് ക്രൂരമായി മര്‍ദിച്ചിരുന്നതായി അമ്മ കസ്തൂരിയും അയല്‍വാസിയും വെളിപ്പെടുത്തിയിരുന്നു.

നെടുങ്കണ്ടം പോലിസ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത കഴിഞ്ഞ 12ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് വാഗമണ്‍ കോലാഹലമേട്ടിലെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചത്. തട്ടിച്ച പണം എവിടെവെച്ചെന്ന് ചോദിച്ച് രാജ്കുമാറിനെ വീടിനടുത്തിട്ട് തടിക്കഷണം പോലുള്ള വസ്തുകൊണ്ട് മര്‍ദിച്ചു. മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ പല്ലുപൊട്ടിയിരുന്നുവെന്നും അമ്മ കസ്തൂരി പറഞ്ഞു. പോലിസ് മര്‍ദനത്തില്‍ രാജ്കുമാര്‍ അലറിക്കരഞ്ഞെന്നും ജീപ്പിനുള്ളിലേക്ക് മര്‍ദിച്ചു കയറ്റിയെന്നും ദൃക്‌സാക്ഷിയും അയല്‍വാസിയുമായ രാജേന്ദ്രനും പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളജിലെത്തി സംഘം ഇന്നലെ തെളിവുകള്‍ ശേഖരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തി. രാജ്കുമാറിന്റെ മൃതദേഹത്തില്‍ ചതവുകളുണ്ടായിരുന്നെന്ന് ഡോക്ടര്‍ മൊഴി നല്‍കിയതായാണ് വിവരം. രാജ്കുമാറിന്റെ ശരീരത്തിലെ ചതവുകള്‍ക്ക് ഒരാഴ്ചത്തെ പഴക്കമുണ്ടായിരുന്നെന്നും മൃതദേഹത്തിന് നല്ല ഭാരമുണ്ടായിരുന്നെന്നും ഡോക്ടര്‍ വ്യക്തമാക്കി. കസ്റ്റഡി മരണത്തിനൊപ്പം രാജ്കുമാറിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്.

രാജ്കുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെയും നിക്ഷേപകരുടെയും മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. ജൂലൈ ഏഴിനകം അന്വേഷണപുരോഗതി റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് പ്രത്യേക അന്വേഷണസംഘത്തിന് ഡിജിപി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇടുക്കി തൂക്കുപാലത്തെ വായ്പാ തട്ടിപ്പുകേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്കുമാര്‍ ജൂണ്‍ 21നാണ് മരിച്ചത്. രാജ്കുമാറിന് മര്‍ദനമേറ്റതായി സ്ഥിരീകരിക്കുന്നതായിരുന്നു പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്.

Next Story

RELATED STORIES

Share it