Sub Lead

ബാബരി വിധി പറഞ്ഞ ജഡ്ജി അബ്ദുല്‍ നസീറിന്റെ സഹോദരന്‍ കര്‍ണാടക ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ പുതിയ വൈസ് പ്രസിഡന്റ്

ബാബരി വിധി പറഞ്ഞ ജഡ്ജി അബ്ദുല്‍ നസീറിന്റെ സഹോദരന്‍ കര്‍ണാടക ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ പുതിയ വൈസ് പ്രസിഡന്റ്
X

ബംഗളൂരു: ബാബരി കേസില്‍ നിര്‍ണായക വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് അബ്ദുല്‍ നസീറിന്റെ സഹോദരനെ കര്‍ണാടക ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ പുതിയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ന്യൂനപക്ഷ മോര്‍ച്ച ദക്ഷിണ കന്നഡ ജില്ലയുടെ വൈസ് പ്രസിഡന്റായാണ് മുഹമ്മദ് ഫാറൂഖിനെ നിയമിച്ചത്. ബിജെപി അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീലാണ് ന്യൂനപക്ഷ മോര്‍ച്ചയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. മുഹമ്മദ് ഫാറൂഖ് മുമ്പ് ദക്ഷിണ കന്നഡ ജില്ലാ വഖ്ഫ് ബോര്‍ഡ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബെല്‍ഗാം: അഹമ്മദ് റാഫി പീര്‍ജാഡെ, ബംഗളൂരു സെന്‍ട്രല്‍: എസ് എന്‍ രാജു, ബംഗളൂരു നോര്‍ത്ത്: മുഹമ്മദ് സിറാജുദ്ദീന്‍, ഉഡുപ്പി: ഇംതിയാസ് മുല്ലഹുബ്ബള്ളി, സലിം അംബഗില്‍ എന്നിവരെയാണ് പുതുതായി നിയമിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ഏകകണ്ഠമായ വിധിയെന്ന് വിശേഷിപ്പിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആണ് വിധി പ്രസ്താവം നടത്തിയത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ഭൂമി ഹിന്ദുക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുനല്‍കണമെന്നായിരുന്നു സുപ്രിംകോടതി വിധി.

1992ല്‍ തകര്‍ക്കപ്പെട്ട പള്ളി നിലനിന്നിരുന്ന 2.7 ഏക്കര്‍ കോമ്പൗണ്ട് ഭൂമിക്ക് പകരമായി പള്ളി നിര്‍മിക്കാന്‍ മുസ്‌ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ സ്ഥലം നല്‍കണമെന്നും സുപ്രിംകോടതി വിധിച്ചു. സുപ്രിംകോടതിയുടെ ഏകപക്ഷീയമായ അന്തിമവിധിക്കെതിരേ വലിയ തരത്തിലുള്ള വിമര്‍ശനമാണ് ഉയര്‍ന്നത്. കേസില്‍ വിധി പുറപ്പെടുവിച്ച ചീഫ് ജസ്റ്റിസിന് രാജ്യസഭാംഗത്വം നല്‍കി കേന്ദ്രസര്‍ക്കാര്‍ ഉപകാരസ്മരണ കാണിക്കുകയും ചെയ്തു.

ബാബരി മസ്ജിദ് കേസില്‍ വിധി പ്രഖ്യാപിച്ച ശേഷം നഗരത്തിലെ മുന്തിയ പഞ്ചനക്ഷത്ര ഹോട്ടലില്‍ പോയി താന്‍ വൈന്‍ കുടിച്ചതായി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ഇപ്പോള്‍ ജസ്റ്റിസ് അബ്ദുല്‍ നസീറിന്റെ സഹോദരന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിയതിനെതിരേയും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്.

Next Story

RELATED STORIES

Share it