Sub Lead

'ലോര്‍ഡ് ഭൗ ഭൗ' തനിക്കൊപ്പം യാത്രചെയ്തിരുന്നുവെങ്കില്‍ താനും ചോദ്യം ചെയ്യും: കുനാലിനെ പിന്തുണച്ച് കട്ജു

മാധ്യമപ്രവര്‍ത്തനത്തിന് തന്നെ കളങ്കമായാണ് താന്‍ അയാളെ കാണുന്നത്. തനിക്ക് യാത്രാവിലക്ക് പ്രഖ്യാപിക്കാന്‍ ഏത് വിമാന സര്‍വ്വീസിനാണ് ധൈര്യമുള്ളതെന്നും അദ്ദേഹം ചോദിച്ചു.

ലോര്‍ഡ് ഭൗ ഭൗ തനിക്കൊപ്പം യാത്രചെയ്തിരുന്നുവെങ്കില്‍ താനും ചോദ്യം ചെയ്യും: കുനാലിനെ പിന്തുണച്ച് കട്ജു
X

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ കടന്നാക്രമിച്ച് മുന്‍ സുപ്രിംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. 'ലോര്‍ഡ് ഭൗ ഭൗ' വിനെ ചോദ്യം ചെയ്തതിന്റെ പേരില്‍ ചില വിമാനങ്ങള്‍ കുനാല്‍ കമ്രയെ വിലക്കിയിരിക്കുന്നു. താനുമൊന്നിച്ചാണ് യാത്ര ചെയ്തിരുന്നതെങ്കില്‍ ഇതിലും രൂക്ഷമായ ചോദ്യങ്ങള്‍ നേരിടേണ്ടി വരുമായിരുന്നു എന്നാണ് കട്ജു ട്വീറ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തനത്തിന് തന്നെ കളങ്കമായാണ് താന്‍ അയാളെ കാണുന്നത്. തനിക്ക് യാത്രാവിലക്ക് പ്രഖ്യാപിക്കാന്‍ ഏത് വിമാന സര്‍വ്വീസിനാണ് ധൈര്യമുള്ളതെന്നും അദ്ദേഹം ചോദിച്ചു.

അര്‍ണബിനെ 'ലോര്‍ഡ് ഭൗ ഭൗ' എന്നാണ് കട്ജു വിളിച്ചത്. കഴിഞ്ഞ ദിവസം അര്‍ണബ് ഗോസ്വാമിക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത ഹാസ്യകലാകാരന്‍ കുനാല്‍ അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, ദേശീയവാദിയാണോ എന്നത് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കമ്രയുടെ ചോദ്യം. ചോദ്യങ്ങള്‍ക്ക് അര്‍ണബ് മറുപടി നല്‍കിയില്ല. തുടര്‍ന്ന് അര്‍ണബ് തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും കുനാല്‍ വീഡിയോയില്‍ പറയുന്നു.

രോഹിതിന്റെ മാതാവിന് വേണ്ടിയാണ് താനിത് ചെയ്യുന്നതെന്ന് വ്യക്തമാക്കിയായിരുന്നു കുനാല്‍ അര്‍ണബിനെ ചോദ്യം ചെയ്തത്. സംഭവത്തെ തുടര്‍ന്ന് കുനാല്‍ കമ്രയ്ക്ക് വിമാനക്കമ്പനിയായ ഇന്‍ഡിഗോ ആറ് മാസത്തേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നാലെ, സ്‌പൈസ്‌ജെറ്റ്, ഗോ എയര്‍, എയര്‍ ഇന്ത്യ എന്നീ വിമാനക്കമ്പനികളും കുനാല്‍ കമ്രയ്ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി.

കുനാല്‍ കമ്രയ്ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ നടപടിയെ എതിര്‍ത്ത് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അര്‍ണബും റിപ്പബ്ലിക്കിലെ തൊഴിലാളികളും അന്യരുടെ സ്വകാര്യ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറുന്നത് എങ്ങനെയെന്ന് കാണിച്ച് കൊടുക്കുകയായിരുന്നു കുനാലെന്ന് ശശി തരൂര്‍ എംപി ട്വീറ്റ് ചെയ്തിരുന്നു. കുനാല്‍ കമ്രയുടെ വിലക്ക് അര്‍ണബ് എത്രത്തോളം ഭീരുവാണ് എന്നതിന്റെ തെളിവാണെന്ന് ജെഎന്‍യു മുന്‍വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദും ട്വീറ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച മുംബൈ-ലഖ്‌നൗ യാത്രയ്ക്കിടെയാണ് അര്‍ണബിനെ കുനാല്‍ ചോദ്യം ചെയ്തത്.


Next Story

RELATED STORIES

Share it