Sub Lead

ഗ്രൂപ്പുകളില്‍ അഭിപ്രായ ഭിന്നത; കെപിസിസി പുനസംഘടന ഉടനുണ്ടാവില്ല

ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം സമ്പൂര്‍ണ പുനസംഘടന മതിയെന്നാണ് ധാരണ. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി അഞ്ച് സമിതികള്‍ രൂപീകരിക്കാനാണ് നിലവിലെ തീരുമാനം. എ, ഐ ഗ്രൂപ്പുകള്‍ ഭിന്നാഭിപ്രായങ്ങളില്‍ ഉറച്ചുനിന്നതോടെയാണ് പുനസംഘടനാ തീരുമാനം ഉപേക്ഷിച്ചത്.

ഗ്രൂപ്പുകളില്‍ അഭിപ്രായ ഭിന്നത; കെപിസിസി പുനസംഘടന ഉടനുണ്ടാവില്ല
X

തിരുവനന്തപുരം: നേതൃത്വത്തില്‍ ഏകാഭിപ്രായം ഇല്ലാത്തതിനാല്‍ കെപിസിസി പുനസംഘടന ഉടനുണ്ടാവില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം സമ്പൂര്‍ണ കെപിസിസി പുനസംഘടന മതിയെന്നാണ് ധാരണ. പുനസംഘടനയ്ക്കു പകരം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി അഞ്ച് സമിതികള്‍ രൂപീകരിക്കാനാണ് നിലവിലെ തീരുമാനം. ഭാഗീകമായെങ്കിലും പുനസംഘടന നടത്തുന്നതിനു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ശ്രമിച്ചെങ്കിലും എ, ഐ ഗ്രൂപ്പുകള്‍ ഭിന്നാഭിപ്രായങ്ങളില്‍ ഉറച്ചുനിന്നതോടെയാണ് പുനസംഘടനാ തീരുമാനം ഉപേക്ഷിച്ചത്.

തിരഞ്ഞെടുപ്പ് കമ്മിറ്റി, പ്രചാരണ കമ്മിറ്റി, സോഷ്യല്‍മീഡിയ കമ്മിറ്റി, പബ്ലിസിറ്റി കമ്മിറ്റി, കോര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയാണ് രൂപീകരിക്കുക. ചെയര്‍മാനും കണ്‍വീനറും ഉള്‍പ്പടെ പരമാവധി പത്തുപേര്‍ ഓരോ സമിതിയിലുമുണ്ടാവും. കൂടാതെ, കെ മുരളീധരന്‍ അധ്യക്ഷനായ കെപിസിസി പ്രചാരണസമിതിയും പുനസംഘടിപ്പിക്കും. ഈ സമിതിയില്‍ 25 പേരുണ്ടാവും. യുഎഇ സന്ദര്‍ശനം കഴിഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ എത്തിയാലുടന്‍ സമിതിയെ സംബന്ധിച്ച് പ്രഖ്യാപനമുണ്ടാവും. വിവിധ കമ്മിറ്റികളിലേക്കുള്ള പേരുകള്‍ കണ്ടെത്താന്‍ സംസ്ഥാനതലത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

15ന് കെപിസിസി ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നാണ് കെപിസിസി അധ്യക്ഷന്‍ പറഞ്ഞിരുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ സാഹചര്യത്തില്‍ ഭാഗിക പുനസംഘടന നടത്തുന്നത് പോലും പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ നിലപാട്. ഭാരവാഹികളുടെ എണ്ണം 15 ആയി കുറയ്ക്കാനുള്ള ഹൈക്കമാന്റ് തീരുമാനത്തോടും ഗ്രൂപ്പുകള്‍ എതിര്‍പ്പറിയിച്ചു. ജനറല്‍ സെക്രട്ടറിമാരിലും സെക്രട്ടറിമാരിലും ഇപ്പോഴുള്ള ഒഴിവുകള്‍ നികത്തിയാല്‍ മതിയെന്നും ധാരണ ഉയര്‍ന്നുവന്നിരുന്നു.

നിലവിലെ കമ്മിറ്റിയില്‍ 23 ജനറല്‍ സെക്രട്ടറിമാരില്‍ 19 പേരാണ് നിലവിലുള്ളത്. ശേഷിച്ചവര്‍ മറ്റ് സ്ഥാനങ്ങള്‍ ലഭിച്ചപ്പോള്‍ ഒഴിവായി. 44 സെക്രട്ടറിമാരില്‍ നിലവിലുള്ളത് 33 പേരാണ്. ഈ ഒഴിവുകള്‍ നികത്തുകയാണെങ്കില്‍ മുന്‍ ഡിസിസി അധ്യക്ഷന്‍മാര്‍ക്കാവും മുന്‍ഗണന. അടുത്തമാസം മൂന്നുമുതല്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ യാത്ര തുടങ്ങുകയാണ്. അതിനുള്ളില്‍ ഭാഗിക പുനസംഘടനയാണെങ്കിലും പൂര്‍ത്തിയാക്കാനാകില്ല. മാത്രമല്ല പുനസംഘടനയെച്ചൊല്ലിയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇനി സമയമില്ല. ഈ സാഹചര്യത്തില്‍ വിവിധ പ്രചാരണകമ്മിറ്റികള്‍ രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ഉമ്മന്‍ചാണ്ടിയുടേയും ചെന്നിത്തലയുടേയും നിലപാട്.

അതേസമയം, തിരഞ്ഞെടുപ്പിനെ നേരിടാനുള്ള നടപടികളിലേക്ക് കെപിസിസി നേതൃത്വം നീങ്ങി. രാവിലെ ഡിസിസി പ്രസിഡന്റുമാരുടേയും കെപിസിസി ഭാരവാഹികളുടേയും സംയുക്തയോഗവും ഉച്ചയ്ക്ക് ശേഷം ലോക്‌സഭാ മണ്ഡലങ്ങളുടെ ചാര്‍ജ്ജുള്ള നേതാക്കളുടേയും ജില്ലാതല സംഘടനാകാര്യ സമിതി അംഗങ്ങളുടേയും യോഗവും ചേര്‍ന്നു.





Next Story

RELATED STORIES

Share it