Top

ഐഎസ് ബന്ധം: കോയമ്പത്തൂര്‍ സ്വദേശിയായ രണ്ടാം പ്രതിക്ക് ജാമ്യം; പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് എന്‍ഐഎ പ്രത്യേക കോടതി

സംസ്ഥാനത്ത് ആദ്യമായാണ് ഐഎസുമായി ബന്ധപ്പെട്ട വിചാരണത്തടവുകാരിലൊരാള്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിക്കുന്നത്്.

ഐഎസ് ബന്ധം: കോയമ്പത്തൂര്‍ സ്വദേശിയായ രണ്ടാം പ്രതിക്ക് ജാമ്യം; പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് എന്‍ഐഎ പ്രത്യേക കോടതി
X

കൊച്ചി: ഐഎസ് ബന്ധം ആരോപിച്ച് കോയമ്പത്തൂരുനിന്നും 2019 ജൂണ്‍ 14ന് അറസ്റ്റുചെയ്ത കോയമ്പത്തൂര്‍ സ്വദേശിയായ രണ്ടാം പ്രതി ഷെയ്ക്ക് ഹിദായത്തുള്ളയ്ക്ക് കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി പി കൃഷ്ണകുമാര്‍ ജാമ്യം അനുവദിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഐഎസുമായി ബന്ധപ്പെട്ട വിചാരണത്തടവുകാരിലൊരാള്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിക്കുന്നത്്.

2018ലെ ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനത്തിന്റെ തുടര്‍ച്ചയായി കേരളത്തിലും തമിഴ്‌നാട്ടിലും സമാന ആക്രമണത്തിന് സാധ്യതയുണ്ടെന്ന ആരോപണത്തെതുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചത്. കോടതിയില്‍ ലഭ്യമായിട്ടുള്ള രേഖകള്‍ പരിശോധിച്ചതില്‍ രണ്ടാം പ്രതിക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളുള്ളതായി പറയാനാവില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.

രണ്ടാം പ്രതി നിരോധിത സംഘടനയായ ഐഎസില്‍ അംഗമായതിനോ പിന്തുണച്ചതിനോ ആരെയെങ്കിലും ഐഎസിലേക്ക് ക്ഷണിച്ചതിനോ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് ഉത്തരവില്‍ പറയുന്നു.

ഇയാളെ സംബന്ധിച്ച ചില വീഡിയോകള്‍ പരിശോധിക്കുമ്പോള്‍ ഐഎസിനെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാണ്. എന്നാല്‍ ഇയാള്‍ക്ക് ജാമ്യം നിഷേധിക്കാന്‍ മതിയായ കാരണങ്ങളില്ലെന്നും ഉത്തരവില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയിട്ടുള്ള വിവിധ രേഖകള്‍ പരിശോധിച്ചാല്‍ ഐഎസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധമുള്ളതായി പ്രഥമദൃഷ്ട്യാ കണ്ടെത്താനാവില്ലെന്ന് അഭിഭാഷകരായ അഡ്വക്കേറ്റ് വി എസ് സലീം, അഡ്വ.എസ് ഷാനവാസ് എന്നിവര്‍ കോടതിയില്‍ ബോധിപ്പിച്ചു. കേസിലെ പ്രതികള്‍ അന്വേഷണ സംഘവുമായി പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും നിസാര സംശയത്തിന്റെ പേരിലാണ് പ്രതികളെ അറസ്റ്റു ചെയ്തിട്ടുള്ളതെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ബോധിപ്പിച്ചു. കേസില്‍ ആരോപിക്കുന്ന സംഭവങ്ങള്‍ കോയമ്പത്തൂര്‍ കേന്ദ്രമായി നടന്നതായാണ് വ്യക്തമാകുന്നത്. അതിനാല്‍ ഈ കേസ് കേരളത്തില്‍ പരിഗണിക്കാന്‍ പാടില്ലാത്തതാണെന്നും പ്രതിഭാഗം വാദിച്ചു.

പ്രതികളിലൊരാള്‍ കേരളത്തിലെ ചിലരുമായി ബന്ധപ്പെട്ട് ഐഎസിന്റെ ആശയം പ്രചരിപ്പിക്കുന്നതിന് ശ്രമിച്ചിട്ടുണ്ടെന്നും അവര്‍ ഈ കേസില്‍ സംരക്ഷിത സാക്ഷികളാണെന്നും എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു. ജാമ്യാപേക്ഷ പരിഗണിക്കവേ തന്നെ കോടതി കേസ് ഡയറി പൂര്‍ണമായും പരിശോധിച്ചു വിലയിരുത്തിയ ശേഷമാണ് രണ്ടാം പ്രതിക്ക് ജാമ്യം അനുവദിച്ചത്.

രണ്ടുതരത്തിലുള്ള തെളിവുകളാണ് എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത്. സംരക്ഷിതസാക്ഷികളുടെ മൊഴിയും ഡിജിറ്റല്‍ രേഖകളുമാണ് ഹാജരാക്കിയത്. മുദ്രവെച്ച കവറില്‍ ഹാജരാക്കിയിരുന്ന മൊഴികള്‍ സംരക്ഷിത സാക്ഷികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ എന്‍ഐഎ കോടതിയില്‍ വാദത്തിനിടെ വായിച്ചുകേള്‍പ്പിച്ചു. 2019ല്‍ കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് അസ്ഹറുദ്ദീന്‍ രണ്ടാം പ്രതിയുടെ വീട്ടില്‍വെച്ച് ഐഎസുമായി ബന്ധപ്പെട്ട ക്ലാസുകള്‍ നടത്തിയിട്ടുണ്ടെന്നും മൊഴികള്‍ ഉണ്ടെന്നും എന്‍ഐഎ ബോധിപ്പിച്ചു. ജിഹാദിനെക്കുറിച്ചും ലോകം മുഴുവന്‍ മുസ്ലീങ്ങള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും ഒന്നാം പ്രതി ക്ലാസുകള്‍ എടുത്തിട്ടുണ്ടെന്ന് തെളിവുകളുണ്ടെന്ന് എന്‍ഐഎ പറഞ്ഞു.

ശ്രീലങ്കന്‍ ഐഎസ് നേതാവായ സഹറന്‍ഹാഷിമിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കണമെന്ന് ഒന്നാം പ്രതി ക്ലാസുകളില്‍ പറഞ്ഞതായും തെളിവുകളുണ്ടെന്ന് എന്‍ഐഎ അവകാശപ്പെട്ടു.2017 മുതല്‍ ഐഎസില്‍ പ്രവര്‍ത്തിക്കുന്നവരാണ് പ്രതികളെന്നും ഇവര്‍ ഐഎസിന്റെ പ്രചാരണത്തിനായി ഗുഢാലോചന നടത്തി ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും രഹസ്യക്ലാസുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും എന്‍ഐഎ ബോധിപ്പിച്ചു.

ജമാഅത്തെ ഇസ്‌ലാമിയുടെ പോഷകസംഘടനയായ വഹ്ദത്തെ ഇസ്‌ലാമിയുമായി ഒന്നാം പ്രതി സഹകരിച്ചിട്ടുണ്ടെന്നും എന്‍ഐഎ വാദിച്ചു. കോയമ്പത്തൂരിലെ റയാന്‍ മസ്ജിദില്‍ ഒന്നാം പ്രതി പ്രഭാഷണം നടത്തിയിട്ടുണ്ട്. ഒന്നാം പ്രതിക്കെതിരേ ഐഎസുമായി ബന്ധപ്പെട്ട ചിലതെളിവുകള്‍ പ്രഥമദൃഷ്ടാ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് ഇയാള്‍ക്ക് ജാമ്യം അനുവദിക്കാന്‍ ആവില്ലെന്ന് വ്യക്തമാക്കിയ കോടതി അസ്ഹറുദ്ദീന്റെ ജാമ്യാപേക്ഷതള്ളി. എന്‍ഐഎക്കു വേണ്ടി അഭിഭാഷകരായ കെ എന്‍ രവീന്ദ്രന്‍, അര്‍ജുന്‍ അമ്പലപ്പറ്റ എന്നിവരും പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ അഡ്വ. വി എസ് സലീം, അഡ്വ.എസ് ഷാനവാസ് എന്നിവര്‍ ഹാജരായി.

ശ്രീലങ്കയിലുണ്ടായ സ്‌ഫോടനത്തില്‍ മലയാളി യുവാക്കള്‍ക്ക് ബന്ധമുണ്ടോയെന്ന അന്വേഷണത്തിനിടയിലാണ് കോയമ്പത്തൂര്‍ സ്വദേശി വൈ ഷെയ്ഖ് ഹിദായത്തുള്ള(39) അറസ്റ്റിലായത്. 2019 ഏപ്രില്‍ 21ന് ശ്രീലങ്കയിലുണ്ടായ സ്‌ഫോടനത്തിനു മുന്‍പുള്ള ആസൂത്രണ ഘട്ടത്തില്‍ ഒന്നാം പ്രതിയായ അസ്ഹറുദ്ദീന്‍ ശ്രീലങ്കയിലെ ചില യുവാക്കളുമായി ഓണ്‍ലൈന്‍ വഴി ആശയവിനിമയം നടത്തിയെന്നാണ് എന്‍ഐഎ അവകാശപ്പെടുന്നത്.ഖിലാഫ ജിഎഫ്എക്‌സ് എന്ന ഓണ്‍ലൈന്‍ കൂട്ടായ്മയിലൂടെയാണ് ഹിദായത്തുള്ളയും അസ്ഹറുദ്ദീനും മറ്റു പ്രതികളും കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചു കൂട്ടായ പ്രവര്‍ത്തനം തുടങ്ങിയതെന്നും അന്വേഷണ സംഘം അവകാശപ്പെട്ടിരുന്നു.


Next Story

RELATED STORIES

Share it