Sub Lead

കൊവിഡ്: നിയന്ത്രണങ്ങള്‍ മതചടങ്ങുകള്‍ക്കും ബാധകം; സംസ്ഥാനത്തെ കോടതികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈനിലേക്ക്

കൊവിഡ്: നിയന്ത്രണങ്ങള്‍ മതചടങ്ങുകള്‍ക്കും ബാധകം; സംസ്ഥാനത്തെ കോടതികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈനിലേക്ക്
X

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മതചടങ്ങുകള്‍ക്കും ബാധകമാക്കി. ടിപിആര്‍ 20ന് മുകളിലുള്ള സ്ഥലങ്ങളില്‍ മതചടങ്ങുകള്‍ക്ക് 50 പേര്‍ക്കുമാത്രം അനുമതി നല്‍കും. നേരത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ല്‍ കൂടുതലുള്ള ജില്ലകളില്‍ സാമൂഹിക, സാംസ്‌കാരിക, സാമുദായിക പരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവ 50 പേരായി പരിമിതപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേതുള്‍പ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓണ്‍ലൈനായി നടത്താനും നിശ്ചയിച്ചിരുന്നു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ല്‍ കൂടുതല്‍ വന്നാല്‍ പൊതുപരിപാടികള്‍ നടത്താന്‍ അനുവദിക്കില്ല. മാളുകളില്‍ ജനത്തിരക്കുണ്ടാവാത്ത രീതിയില്‍ 25 സ്‌ക്വയര്‍ ഫീറ്റിന് ഒരാളെന്ന നിലയില്‍ നിശ്ചയിക്കേണ്ടതും അതനുസരിച്ച് മാത്രം ആളുകളെ പ്രവേശിപ്പിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്തെ കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ച മുതല്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി. ഏതെങ്കിലും പ്രത്യേകമായ കേസ് കോടതി മുറിയില്‍ പരിഗണിക്കേതുണ്ടോ എന്ന് ജഡ്ജിമാര്‍ തീരുമാനിക്കും. ജനങ്ങള്‍ പ്രവേശിക്കുന്നതും ജീവനക്കാര്‍ വരുന്നതും നിയന്ത്രിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ 11ന് പുനപ്പരിശോധിക്കും. ഇതുസംബന്ധിച്ച് ഹൈക്കോടതിയാണ് സര്‍ക്കുലര്‍ ഇറക്കിയത്. ചീഫ് ജസ്റ്റിസിന്റ അധ്യക്ഷതയില്‍ ഹൈക്കോടതി ഫുള്‍ കോര്‍ട്ട് സിറ്റിങ് നടത്തിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

കോടതി പ്രവര്‍ത്തനം ഓണ്‍ലൈനാക്കുന്നതില്‍ ബാര്‍ കൗണ്‍സിലിന്റെയും അഡ്വക്കേറ്റ് അസോസിയേഷന്റെയും അഭിപ്രായവും തേടിയിരുന്നു. ഹൈക്കോടതിയിലും കീഴ്‌ക്കോടതികളിലും കേസുകള്‍ പരിഗണിക്കുക ഇനി ഓണ്‍ലൈനിലൂടെയായിരിക്കും. ഒഴിവാക്കാനാവാത്ത കേസുകള്‍ മാത്രം നേരിട്ട് വാദം കേള്‍ക്കും. കോടതി മുറിയില്‍ 15 പേരില്‍ കൂടുതല്‍ അനുവദിക്കില്ല. പൊതുജനങ്ങള്‍ക്ക് കോടതി മുറിയിലേക്കുള്ള പ്രവേശനവും വിലക്കിയിട്ടുണ്ട്. ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് നിയന്ത്രണങ്ങള്‍. കൊവിഡിന്റെ ആദ്യതരംഗമുണ്ടായപ്പോള്‍ പ്രവര്‍ത്തിച്ച രീതിയിലായിരിക്കും കോടതികള്‍ പ്രവര്‍ത്തിക്കുക.

Next Story

RELATED STORIES

Share it