Sub Lead

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഡിഎംകെ സുപ്രിംകോടതിയില്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഡിഎംകെ സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പരിധിയില്‍ നിന്ന് ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികളെ ഒഴിവാക്കിയത് കടുത്ത വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) സുപ്രിംകോടതിയില്‍ ഹരജി നല്‍കി. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം മതേതരത്വത്തിന്റെ അടിസ്ഥാന ഘടനയെ നശിപ്പിക്കുന്നതാണ്. മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള അഭയാര്‍ഥികളെ നിയമത്തിന്റെ ആനൂകൂല്യങ്ങളില്‍ നിന്നൊഴിവാക്കിയതിന് ഒരടിസ്ഥാനവുമില്ലെന്നും ഡിഎംകെ നല്‍കിയ ഹരജിയില്‍ കുറ്റപ്പെടുത്തുന്നു. നിയമത്തിന്റെ യഥാര്‍ഥ ലക്ഷ്യം കൈവരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ഒഴികെ യഥാര്‍ഥത്തില്‍ മതപീഡനത്തിന് ഇരയാവുന്ന അഭയാര്‍ഥികള്‍ക്ക് നിയമത്തിന്റെ ഗുണം ലഭിക്കുന്നില്ല. പൗരത്വ ഭേദഗതി നിയമം തന്നെ തമിഴ് വംശജര്‍ക്കെതിരാണെന്നും ഡിഎംകെ കുറ്റപ്പെടുത്തുന്നു. ഡിഎംകെ ഓര്‍ഗനൈസിങ് സെക്രട്ടറി ആര്‍ എസ് ഭാരതിയാണ് ഹര്‍ജി നല്‍കിയത്.

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന, ക്രൈസ്തവ അഭയാര്‍ഥികള്‍ക്ക് മാത്രമാണ് പൗരത്വ ഭേദഗതി നിയമം അനുസരിച്ച് ഇന്ത്യന്‍ പൗരത്വം നല്‍കൂ. ന്യൂനപക്ഷമായിട്ടുപോലും മുസ്‌ലിംകളെയും ഇതില്‍ നിന്നൊഴിവാക്കി. ഇന്ത്യന്‍ വംശജരായ ശ്രീലങ്കയില്‍ നിന്നെത്തിയ തമിഴ് ജനതയെ ഒഴിവാക്കിയതും കടുത്ത വിവേചനമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ശ്രീലങ്കയില്‍ സിംഹളരും തമിഴ് വംശജരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ചരിത്രപരമായ പ്രത്യേകതകളുണ്ട്. ഇന്ത്യന്‍ തമിഴര്‍ എന്നും ശ്രീലങ്കന്‍ തമിഴര്‍ എന്നും വിളിക്കപ്പെടുന്ന രണ്ട് വിഭാഗങ്ങള്‍ അവിടെയുണ്ട്. ബുദ്ധവിഭാഗത്തില്‍പ്പെട്ട ഭൂരിപക്ഷം വരുന്ന സിംഹളര്‍ തമിഴ് വംശജരെ അധിനിവേശക്കാരായാണ് കണക്കാക്കുന്നത്.

9,75,000 വരുന്ന ശ്രീലങ്കയില്‍ ഇന്ത്യന്‍ തമിഴ് വംശജരുടെ പൗരത്വ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇരുസര്‍ക്കാരുകളും നേരത്തേ സിരിമാവോശാസ്ത്രി ഉടമ്പടി ഉണ്ടാക്കിയതും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ തമിഴ് അഭയാര്‍ഥികളുടെ ദുരവസ്ഥയെക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയാണ്. തമിഴ് അഭയാര്‍ഥികളോടുള്ള കേന്ദ്രത്തിന്റെ രണ്ടാനമ്മയുടെ പെരുമാറ്റം അവരെ നിരന്തരമായ ഭയത്തില്‍ കഴിയാന്‍ ഇടയാക്കിയെന്നും ഹരജിയില്‍ കുറ്റപ്പെടുത്തുന്നു.

Next Story

RELATED STORIES

Share it