Sub Lead

'വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്വക്വാര്യസ്ഥാപനത്തിന് വിറ്റു'; എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിനെതിരേ പരാതിയുമായി വൈസ് പ്രസിഡന്റ്

വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്വക്വാര്യസ്ഥാപനത്തിന് വിറ്റു; എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിനെതിരേ പരാതിയുമായി വൈസ് പ്രസിഡന്റ്
X

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് സ്വകാര്യസ്ഥാപനത്തിന് വിറ്റെന്ന് പരാതി. എംഎസ്എഫ് വൈസ് പ്രസിഡന്റ് ഷെഫീക്ക് വഴിമുക്കാണ് പി കെ നവാസിനെതിരേ ഗുരുതര ആരോപണമുന്നയിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയത്. സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ നിന്ന് ശേഖരിച്ച വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്വക്വാര്യസ്ഥാപനത്തിന് പണം കൈപ്പറ്റി കൈമാറിയെന്നാണ് ആരോപണം. എംഎസ്എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്റെ പേരില്‍ രൂപീകരിച്ച എജ്യുകെയര്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ പേരില്‍ ഗുരുതര ക്രമക്കേട് നടന്നെന്നാണ് ഷെഫീക്കിന്റെ ആരോപണം.

ഒരു ചര്‍ച്ചയും കൂടിയാലോചനയും നടത്താതെയാണ് പദ്ധതി സംഘടിപ്പിച്ചതെന്നും പദ്ധതിക്കായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ വിശദവിരങ്ങള്‍ സ്‌പോണ്‍സര്‍മാരായ രണ്ട് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വന്‍തുക കൈപ്പറ്റി സംസ്ഥാന പ്രസിഡന്റും സംസ്ഥാന ട്രഷററും ചേര്‍ന്ന് വില്‍പ്പന നടത്തിയെന്നും ഷെഫീക്ക് ആരോപിക്കുന്നു. സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയ പദ്ധതി നിര്‍ത്തിവച്ച് ലീഗ് നേതൃത്വം അന്വേഷണം നടത്തണം. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് 3,000 വിദ്യാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ കൈമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് സംഭവത്തിനാസ്പദമായ സ്‌കോളര്‍ഷിപ്പ് പദ്ധതി എംഎസ്എഫ് പ്രഖ്യാപിച്ചത്.

ഹബീബ് എജ്യുകെയര്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ സംസ്ഥാനത്താകെ ആറായിരത്തിലധികം വിദ്യാര്‍ഥികള്‍ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് പരീക്ഷയെഴുതി തിരഞ്ഞെടുക്കപ്പെടുന്ന ഇരുപതോളം വിദ്യാര്‍ഥികള്‍ക്ക് രണ്ടുകോടിയോളമായിരുന്നു എംഎസ്എഫ് പ്രഖ്യാപിച്ച സ്‌കോളര്‍ഷിപ്പ്. പരീക്ഷ നടത്തിയ ശേഷമാണ് ഈ സ്ഥാപനങ്ങളിലെ ഫീസില്‍ ഇളവ് നല്‍കുക മാത്രമാണ് ചെയ്യുകയെന്ന് അറിയിച്ചത്. രണ്ടുകോടിയുടെ പദ്ധതിയെക്കുറിച്ച് ചോദിച്ചപ്പോഴൊന്നും വ്യക്തമായ മറുപടി നല്‍കിയില്ല. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തിയ പരിശീലനത്തില്‍ മൂവായിരത്തോളം പേരാണ് ആകെ പങ്കെടുത്തത്. ഇവര്‍ക്കായി സിഎ, സിഎംഎ ഉള്‍പ്പെടെ നടത്തിയ പരീക്ഷയ്‌ക്കെതിരേയാണ് ആദ്യഘട്ടത്തില്‍ പരാതി ഉയര്‍ന്നത്.

മെയ് 15നായിരുന്നു പരീക്ഷ. പരീക്ഷാ പേപ്പറില്‍ ചോദ്യങ്ങള്‍ക്ക് പുറമേ രണ്ട് വലിയ സ്വകാര്യവിദ്യാഭ്യാസ കമ്പനികളുടെ പരസ്യമുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ ദിവസം മുതല്‍ വിദ്യാര്‍ഥികളുടെ ഫോണിലേക്ക് കമ്പനികളുടെ ഫോണ്‍ കോള്‍ ഓഫറുകളടക്കം നിരന്തരമെത്തിയതോടെയാണ് പരാതി നല്‍കിയത്. തുടര്‍ന്നാണ് പി കെ നവാസിനെതിരേ വൈസ് പ്രസിഡന്റ് പരാതി നല്‍കിയത്. വിഷയത്തില്‍ ലീഗ് നേതൃത്വം പ്രതികരിച്ചിട്ടില്ല. എംഎസ്എഫിന്റെ സംസ്ഥാന ട്രഷററും പി കെ നവാസും വിദ്യാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ കമ്പനികള്‍ക്ക് കൈമാറിയെന്നാണ് പരാതിയില്‍ പറയുന്നത്.

തട്ടിപ്പ് നടത്തിയ പ്രസിഡന്റിനും പദ്ധതിയില്‍ പങ്കാളിയായ ട്രഷറര്‍ക്കുമെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാണ് ഷെഫീഖ് ആവശ്യപ്പെടുന്നത്. അതേസമയം, ആരോപണം അടിസ്ഥാന രഹിതമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നുമാണ് എംഎസ്എഫ് പ്രതികരിച്ചത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്ന് എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി (ഇന്‍ ചാര്‍ജ്) ആബിദ് ആറങ്ങാടി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കുറച്ചുനാളുകളായി എംഎസ്എഫിനെയും ലീഗിനെയും നേതാക്കളെയും പൊതുമധ്യത്തില്‍ മോശക്കാരാക്കാന്‍ ശ്രമിക്കുന്ന, സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ട ചിലരാണ് വാര്‍ത്തകള്‍ക്ക് പിന്നില്‍. ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. ഹബീബ് എജ്യുകെയറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രേഖകള്‍ സഹിതം അടുത്ത ദിവസം വിശദീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it