Big stories

ഡീഗോ ജോട്ടയ്ക്ക് വിട; ലോക ഫുട്ബോളിന് ദു:ഖദിനം; പോര്‍ച്ചുഗലിന് തീരാ നഷ്ടം

ഡീഗോ ജോട്ടയ്ക്ക് വിട; ലോക ഫുട്ബോളിന് ദു:ഖദിനം; പോര്‍ച്ചുഗലിന് തീരാ നഷ്ടം
X

ആന്‍ഫീല്‍ഡ്: തന്റെ 28ാം വയസ്സില്‍ ഡീഗോ ജോട്ട ഫുട്ബോള്‍ ലോകത്തോട് വിടപറയുമ്പോള്‍ നഷ്ടമായത് പോര്‍ച്ചുഗല്‍ ദേശീയ ഫുട്ബോളിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും. ഇന്നു പുലര്‍ച്ചെ പ്രാദേശിക സമയം 12.30 ഓടെയാണ് സഹോദരനൊപ്പം ഡീഗോ ജോട്ട കാറപകടത്തില്‍ മരിച്ചത്. ജോട്ട സഹോദരന്‍മാര്‍ സഞ്ചരിച്ച ലംബോര്‍ഗിനി കാര്‍ മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ ടയര്‍ ഊരിത്തെറിക്കുകയും മറിഞ്ഞ കാര്‍ തീപിടിക്കുകയുമായിരുന്നു. സ്‌പെയിനില്‍ വച്ചായിരുന്നു അപകടം. ലിവര്‍പൂളിനൊപ്പം നിരവധി നേട്ടങ്ങള്‍ കൊയ്ത ഫോര്‍വേഡിന്റെ മരണം ഫുട്ബോള്‍ ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്.


ലിവര്‍പൂളിനൊപ്പം കുന്നോളം നേട്ടങ്ങള്‍ കൊയ്ത താരമാണ് ജോട്ട. പോര്‍ച്ചുഗലിനൊപ്പം രണ്ട് യുവേഫാ നേഷന്‍സ് ലീഗ് കിരീടവും താരം നേടിയിട്ടുണ്ട്. 2026 ഫുട്ബോള്‍ ലോകകപ്പിലെ പോര്‍ച്ചുഗലിന്റെ പ്രധാന പ്രതീക്ഷകളില്‍ ഒരാളാണ് ഡീഗോ ജോട്ട. പോര്‍ച്ചുഗല്‍ ഫുട്ബോളിന്റെ തീരാനഷ്ടമെന്ന് തന്നെ പറയാം. പോര്‍ച്ചുഗലിന്റെ പ്രധാന വിജയങ്ങളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കൊപ്പം മികവ് പുലര്‍ത്തിയ താരമാണ് ജോട്ട. 2025ലും 2019ലുമാണ് ജോട്ട പോര്‍ച്ചുഗലിനൊപ്പം നേഷന്‍സ് ലീഗ് കിരീടം നേടിയത്. 2024-25 സീസണില്‍ ലിവര്‍പൂളിനെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരാക്കുന്നതിലും ജോട്ട വഹിച്ച പങ്ക് ചെറുതല്ല. പുതിയ സീസണിലെ ലിവര്‍പൂളിന്റെ ഒന്നാം നമ്പര്‍ പ്രതീക്ഷയും ഈ താരത്തിലുണ്ടായിരുന്നു.


വിശ്വസിക്കാനാവാത്ത നഷ്ടമെന്നാണ് ലിവര്‍പൂള്‍ എഫ് സി താരത്തിന്റെ മരണത്തില്‍ പ്രതികരിച്ചത്. ഫുട്ബോളിലെ കറുത്ത ദിനമെന്നാണ് ആരാധകര്‍ പ്രതികരിച്ചത്.പോര്‍ച്ചുഗലിലെ പാസോസ് ഡി ഫെരീര ക്ലബ്ബിലൂടെയാണ് താരത്തിന്റെ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ചത്. 2016ല്‍ അത്ലറ്റിക്കോ മാഡ്രിഡിലൂടെയാണ് സീനിയര്‍ ടീമിലെ കരിയര്‍ തുടങ്ങിയത്. പിന്നീട് വോള്‍വ്സിനായി കളിച്ചു. 2020ലാണ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ലിവര്‍പൂളിലെത്തിയത്.


ലിവര്‍പൂളിലെത്തിയതിന് ശേഷം താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ലിവര്‍പൂളിലെ പ്രകടനം പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പവും തുടര്‍ന്നു. 182 മല്‍സരങ്ങളില്‍ നിന്ന് ലിവര്‍പൂളിനായി 65 ഗോളുകള്‍ താരം നേടി. ഇക്കഴിഞ്ഞ സീസണ്‍ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സീസണായിരുന്നു. ദേശീയ ടീമിനൊപ്പം യുവേഫാ നേഷന്‍സ് ലീഗ് കിരീടവും ലിവര്‍പൂളിനൊപ്പം ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടവും താരം നേടി. കരിയറില്‍ നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ജോട്ടയുടെ വിയോഗം.


2019ലാണ് പോര്‍ച്ചുഗല്‍ ദേശീയ ടീമിലേക്ക് വിളിയെത്തുന്നത്. തുടര്‍ന്നുള്ള രാജ്യത്തിന്റെ എല്ലാ മല്‍സരങ്ങളിലും ജോട്ട സ്ഥാനം ഉറപ്പിച്ചിരുന്നു. 49 മല്‍സരങ്ങളില്‍ നിന്നായി രാജ്യത്തിന് വേണ്ടി 14 ഗോളുകള്‍ താരം നേടി. ദീര്‍ഘകാല സൂഹൃത്ത് റൂത്ത് കര്‍ദോസോയെ വിവാഹം ചെയ്ത് രണ്ടാഴ്ചക്കുള്ളിലാണ് ഡിഗോയുടെ മരണം. ദീര്‍ഘകാലമായി ഒന്നിച്ചു താമസിക്കുന്ന ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്.


പോര്‍ച്ചുഗല്‍ എന്ന ടീമിന്റെ ലോകകപ്പ് സ്വപ്നങ്ങളിലെ പ്രധാന പ്രതീക്ഷയായിരുന്നു ജോട്ട. പോര്‍ച്ചുഗല്‍ എന്ന ടീമിന്റെയും ലിവര്‍പൂള്‍ എന്ന ക്ലബ്ബിന്റെയും മല്‍സരങ്ങളില്‍ ഇനി ഈ 28കാരന്‍ ഇല്ല. ചെറുപ്രായത്തില്‍ ഡീഗോ ജോട്ട ഈ ലോകത്തോട് വിടപറയുമ്പോള്‍ അടഞ്ഞത് ലോക ഫുട്ബോളിലെ ഒരു സുപ്രധാന അധ്യായമാണ്.








Next Story

RELATED STORIES

Share it