ചെസ്സില്‍ കേരളത്തിന്റെ അഭിമാനമായി നിഹാല്‍ സരിന്‍

ചെസ്സില്‍ കേരളത്തിന്റെ  അഭിമാനമായി നിഹാല്‍ സരിന്‍

തൃശൂര്‍: ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളിയാണ് വിശ്വനാഥന്‍ ആനന്ദിനെ സമനിലയില്‍ കുരുക്കിയ നിഹാല്‍ സരിന്‍. ജി.എന്‍ ഗോപാലിനും എസ്.എല്‍ നാരായണനുമാണ് ആദ്യ രണ്ടുപേര്‍. ലോകത്ത് ഈ പദവിയിലെത്തുന്ന 12ാമത്തെ പ്രായം കുറഞ്ഞ ചെസ്സ് താരം കൂടിയാണ് നിഹാല്‍. ആനന്ദിനെ കൂടാതെ കഴിഞ്ഞ വര്‍ഷത്തെ ലോക ചാംപ്യന്‍ഷിപ്പില്‍ റണ്ണറപ്പായ സെര്‍ജി കറിയാക്കിന്‍, നിലവിലെ ലോക മൂന്നാം നമ്പര്‍ താരം മാമദ്യെറോവ്, ലോക 25ാം റാങ്കുകാരന്‍ ഹരികൃഷ്ണ, 44ാം റാങ്കുകാരന്‍ വിദിത്ത് ഗുജറാത്തി എന്നിവരെയാണ് നിഹാല്‍ സമനിലയില്‍ തളച്ചത്.

തൃശൂര്‍ ജില്ലയിലെ പൂത്തോളില്‍ ഡോ. എ. സരിന്റെയും ഡോ. ഷിജിന്‍ എ. ഉമ്മറിന്റെയും മകനായി 2004 ജൂലൈ 13നാണ് നിഹാല്‍ സരിന്റെ ജനനം. ഈ 14കാരന്‍ ഈ രംഗത്തെ പരമോന്നത പട്ടമായ ഗ്രാന്റ് മാസ്റ്റര്‍ പദവി നേടി ലോക ചാംപ്യനായ ഇന്ത്യയുടെ തന്നെ വിശ്വനാഥന്‍ ആനന്ദിനെ വരെ വിറപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. തൃശൂര്‍ ദേവമാത സിഎംഐ പബ്ലിക് സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ നിഹാല്‍ കൊല്‍ക്കത്തയില്‍ നടന്ന ടാറ്റ സ്റ്റീല്‍ രാജ്യന്തര റാപിഡ് ചെസ് മത്സരത്തിലാണ് വിശ്വനാഥന്‍ ആനന്ദിനെ സമനിലയില്‍ കുരുക്കി ചെസ് ലോകത്തെ ഞെട്ടിച്ചത്.

അഞ്ചാം വയസ്സില്‍ ചെസ്സ് കളിച്ച് തുടങ്ങിയ നിഹാല്‍ സരിനെ പിതൃസഹോദരന്‍ ഉമ്മറിന്റെ പ്രേരണയാണ് ഈ രംഗത്തേക്ക് എത്തിച്ചത്. ഉമ്മര്‍ തന്നെയാണ് ആദ്യ ഗുരുവും. ചെസ്സില്‍ രാജ്യത്തിനു അഭിമാനമായി മാറാന്‍ കാരണം സരിന്റെ കഠിന പ്രയത്‌നം തന്നെയായിരുന്നു. ഉമ്മറിന് ശേഷം കോട്ടയം പോട്ടൂര്‍ മാത്യൂ പി ജോസഫായിരുന്നു ഗുരു.

ബാല്യത്തില്‍ തന്നെ പുരസ്‌കാരങ്ങളും ബഹുമതികളും കൊണ്ട് സമപ്രായക്കാരെ അമ്പരപ്പിച്ചു നിഹാല്‍. ആറാം വയസ്സില്‍ കേരള അണ്ടര്‍ സെവന്‍ ചാമ്പ്യന്‍ഷിപ്പ് നേടിയായിരുന്നു തുടക്കം. ജൂനിയര്‍ തലം വരെയുള്ള സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളിലും ജേതാവായി. ആറാം വയസ്സില്‍ തന്നെ അന്താരാഷ്ട്ര ഫിഡെ റേറ്റഡ് താരമായി. ഏറ്റവും പ്രായംകുറഞ്ഞ കേരളത്തിലെ അന്താരാഷ്ട്ര ഫിഡെ റേറ്റഡ് താരവുമായി. 2013ല്‍ ദേശീയ അണ്ടര്‍ 9 ഉള്‍പ്പെടെ ഒമ്പത് വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ രണ്ട് തവണ സംസ്ഥാന ചെസ്സ് ജേതാവായി. ഒമ്പത് വയസ്സില്‍ താഴെയുള്ളവരുടെ സ്‌കൂള്‍തല ദേശീയ മത്സരത്തില്‍ റണ്ണറപ്പ്. 11 വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തിലും സംസ്ഥാന ചെസ്സ് ജേതാവായി.

ലോക അണ്ടര്‍ 10 ബ്ലീറ്റ്‌സില്‍ ഗോള്‍ഡ് മെഡല്‍, 2014ല്‍ അണ്ടര്‍ 10 ലോകചാമ്പ്യന്‍, അണ്ടര്‍ 10 ഏഷ്യന്‍ യൂത്ത് റാപ്പിഡ് ചാമ്പ്യന്‍, 2015ല്‍ അണ്ടര്‍ 12 വെള്ളി മെഡല്‍ ജേതാവ് തുടങ്ങിയ നേട്ടങ്ങളും നിഹാല്‍ സ്വന്തമാക്കി.

2016ല്‍ അസാമാന്യ പ്രതിഭയ്ക്കുള്ള അവാള്‍ഡിനും അര്‍ഹനായി. അബൂദബിയില്‍ നടന്ന ഇന്റര്‍നാഷനല്‍ ചെസ് മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ മൂന്നാം നോമും കരസ്ഥമാക്കിയാണ് കേരളത്തിന്റെ ഏറ്റവും പ്രായംകുറഞ്ഞ ഗ്രാന്റ് മാസ്സറായത്. ഉസ്‌ബെക്കിസ്താന്റെ തെമൂര്‍ കുയ്‌ബോകറോവിനെ സമനിലയില്‍ തളച്ചാണ് മൂന്നാം നോം നിഹാല്‍ സ്വന്തമാക്കിയത്.
shanu

shanu

Our Contributor help bring you the latest article around you


RELATED STORIES

Share it
Top