Others

ഹോക്കി സ്റ്റാര്‍സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; പി ആര്‍ ശ്രീജേഷും സവിതയും മികച്ച ഗോള്‍ കീപ്പര്‍മാര്‍

ഹോക്കി സ്റ്റാര്‍സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; പി ആര്‍ ശ്രീജേഷും സവിതയും മികച്ച ഗോള്‍ കീപ്പര്‍മാര്‍
X

ലൗസന്നെ (സ്വിറ്റ്‌സര്‍ലന്‍ഡ്): 2020-2021 സീസണിലെ ഹോക്കി സ്റ്റാര്‍സ് പുരസ്‌കാരങ്ങള്‍ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ (എഫ്‌ഐഎച്ച്) പ്രഖ്യാപിച്ചു. പുരസ്‌കാര ജേതാക്കള്‍ ഏറെയും ഇന്ത്യന്‍ താരങ്ങളാണ്. മികച്ച പുരുഷ താരത്തിനുള്ള 'പ്ലെയര്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം ഇന്ത്യയുടെ ഹര്‍മന്‍പ്രീത് സിങ് നേടി. ഇന്ത്യയുടെ ഗുര്‍ജിത് കൗറാണ് മികച്ച വനിതാ താരം. ഇന്ത്യയുടെ മലയാളി താരം പി ആര്‍ ശ്രീജേഷ് മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി.

ഇന്ത്യയുടെ സവിത പുനിയയാണ് മികച്ച വനിതാ ഗോള്‍കീപ്പര്‍. മികച്ച പുരുഷ- വനിതാ ടീം പരിശീലകര്‍ക്കുള്ള പുരസ്‌കാരവും ഇന്ത്യന്‍ പരിശീലകരായിരുന്ന ഗ്രഹാം റെയ്ഡും (പുരുഷ ടീം) സ്യോര്‍ദ് മാരിനും (വനിതാ ടീം) നേടി. ഇതിനുപുറമെ പുതുമുഖ താരങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ 'റൈസിങ് സ്റ്റാര്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരങ്ങളും ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി. ഈ വിഭാഗത്തില്‍ വിവേക് സാഗര്‍ പ്രസാദും ശര്‍മിളാ ദേവിയുമാണ് പുരസ്‌കാരം നേടിയത്.

ആഗസ്ത് 23 മുതല്‍ സപ്തംബര്‍ 15 വരെ നടന്ന വോട്ടിങ്ങിലൂടെയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ദേശീയ ടീം ക്യാപ്റ്റന്‍മാരും പരിശീലകരും മാധ്യമപ്രവര്‍ത്തകരുമാണ് വോട്ടിങ്ങില്‍ പങ്കെടുത്തത്. ഇക്കഴിഞ്ഞ ടോക്യോ ഒളിംപിക്‌സില്‍ ചരിത്രനേട്ടമാണ് ഇന്ത്യന്‍ ഹോക്കി ടീമുകള്‍ സ്വന്തമാക്കിയത്. പുരുഷ ടീം 41 വര്‍ഷത്തെ മെഡല്‍ വരള്‍ച്ച അവസാനിപ്പിച്ച് വെങ്കല മെഡല്‍ സ്വന്തമാക്കിയപ്പോള്‍ വനിതാ ടീം സെമിയില്‍ കടന്ന് നാലാം സ്ഥാനം സ്വന്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it