News

ഖത്തര്‍ ലോകകപ്പ്: ടീമുകള്‍ 48 ഉണ്ടാവില്ലെന്ന സൂചനയുമായി ഫിഫ

ഖത്തര്‍ ലോകകപ്പ്: ടീമുകള്‍ 48  ഉണ്ടാവില്ലെന്ന സൂചനയുമായി ഫിഫ
X

ദോഹ: 2022ലെ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ 48 ടീമുകളെ പങ്കെടുപ്പിക്കുകയെന്നതു അസാധ്യമാണെന്നു വ്യക്തമാക്കി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. ഫുട്‌ബോള്‍ ലോകകപ്പില്‍ ടീമുകളുടെ പങ്കാളിത്തം 32ല്‍ നിന്ന് 48 ആക്കി ഉയര്‍ത്താന്‍ ഫിഫ തീരുമാനിച്ചിട്ടുണ്ടെങ്കിലും അത് 2022ല്‍ സാധ്യമാകില്ലെന്നാണ് ഫിഫ നല്‍കുന്ന സൂചന.

2026ല്‍ യുഎസ്, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിലാണ് പുതിയ മാറ്റം നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു. അതേസമയം നടപ്പിലാവില്ലെന്ന് ഉറപ്പിച്ച് പറയാനും ജിയോനി തയ്യാറായില്ല.

2022 എന്നത് വളരെ അടുത്താണ്. എങ്കിലും ഖത്തറിനോട് ഇതു സംബന്ധിച്ച് സംസാരിക്കുന്നുണ്ട്. പക്ഷെ അപ്പോഴേക്കും ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നത് പ്രയാസകരമായ കാര്യമായിരിക്കും. മാര്‍ച്ചില്‍ മാത്രമെ ഈ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ' ജിയാനി കൂട്ടിച്ചേര്‍ത്തു.

ടീമുകളുടെ എണ്ണം കൂടുമ്പോള്‍ ഏഷ്യയില്‍ നിന്നുള്ള ടീമുകളുടെ പങ്കാളിത്തവും ലോകകപ്പില്‍ വര്‍ധിക്കും. നിലവില്‍ 32ല്‍ 4.5 ശതമാനമാണ് ഏഷ്യന്‍ രാജ്യങ്ങളുടെ പങ്കാളിത്തം. ടീമുകളുടെ എണ്ണം 48 ആവുന്നതോടെ ഇത് 8.5 ആയി വര്‍ധിക്കും. അഥവാ, ഏഷ്യയില്‍ നിന്ന് 9 ടീമുകള്‍ക്കു വരെ ലോകകപ്പ് കളിക്കാനാവും. 8 ടീമുകള്‍ ഏഷ്യന്‍ യോഗ്യത റൗണ്ടിലൂടെ ലോകകപ്പിനു നേരിട്ടു യോഗ്യത നേടും. ഒരു ടീമിന് പ്ലേ ഓഫ് വഴിയും ലോകകപ്പിലെത്താം. എഎഫ്‌സി റാങ്കിങ് പ്രകാരം ഏഷ്യയില്‍ ഇന്ത്യ 15ാമതാണ്.

ആഞ്ഞു ശ്രമിച്ചാല്‍ ഇന്ത്യയ്ക്കും ലോകകപ്പിലേക്ക് യോഗ്യത നേടാനുള്ള സാധ്യത കൂടുകയാണെന്നു ചുരുക്കം. 2022 ലെ ലോകകപ്പില്‍ 48 ടീമിനെ പങ്കെടുപ്പിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്.




Next Story

RELATED STORIES

Share it