Sports

ഐപിഎല്ലില്‍ ഇന്ന് ആര്‍സിബി-സണ്‍റൈസേഴ്‌സ് പോര്; മലയാളി താരം ദേവ്ദത്ത് കളിച്ചേക്കും

2018ല്‍ അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്കായി യുഎഇയ്‌ക്കെതിരേ ദേവ് സെഞ്ചുറിയും നേടിയിരുന്നു. 11ാം വയസ്സു മുതല്‍ താരം ബാംഗ്ലൂരില്‍ സ്ഥിര താമസമാണ്.

ഐപിഎല്ലില്‍ ഇന്ന് ആര്‍സിബി-സണ്‍റൈസേഴ്‌സ് പോര്; മലയാളി താരം ദേവ്ദത്ത് കളിച്ചേക്കും
X

ദുബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. താരനിബിഡമായ വിരാട് കോഹ്‌ലി നയിക്കുന്ന ആര്‍സിബിയും ഓസിസ് താരം ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന ഹൈദരാബാദും തുല്യശക്തികളായാണ് വിലയിരുത്തുന്നത്.

2016ല്‍ ഹൈദരാബാദിനെ കന്നിക്കിരീടത്തിലേക്ക് നയിച്ചത് ഡേവിഡ് വാര്‍ണര്‍ ആയിരുന്നു. പന്ത് ചുരുട്ടല്‍ വിവാദത്തിന് ശേഷം കഴിഞ്ഞ വര്‍ഷം വാര്‍ണര്‍ സണ്‍റൈസേഴ്‌സിനൊപ്പം ചേര്‍ന്നെങ്കിലും ക്യാപ്റ്റനായി തിരിച്ചെത്തുന്നത് ഈ സീസണിലാണ്. ബാംഗ്ലൂരിനെ തോല്‍പ്പിച്ചാണ് ഹൈദരാബാദ് 2016ല്‍ കിരീടം നേടിയത്. കന്നിക്കിരീട ലക്ഷ്യവുമായാണ് കോഹ്‌ലിയും ഇറങ്ങുന്നത്. ഇരുടീമും 15 തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ എട്ട് തവണ ഹൈദരാബാദ് വിജയിക്കുകയും ആറ് തവണ ബാംഗ്ലൂര്‍ ജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യു എ ഇയിലെ പിച്ച് ഏത് ടീമിനെ തുണയ്ക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്.

അതിനിടെ ഇന്ന് ആര്‍സിബിക്കായി മലയാളി താരം ദേവദത്ത് പടിക്കല്‍ അരങ്ങേറിയേക്കും.മലപ്പുറം എടപ്പാള്‍ സ്വദേശിയായ ദേവ്ദത്ത് ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനാണ്. ഇക്കഴിഞ്ഞ ആഭ്യന്തര സീസണില്‍ മികച്ച പ്രകടനമാണ് ദേവ്ദത്ത് പുറത്തെടുത്തത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 12 ഇന്നിങ്‌സുകളിലായി 580 റണ്‍സ് താരം നേടിയിരുന്നു. കൂടാതെ വിജയ് ഹസാരെ ട്രോഫിയില്‍ 11 മല്‍സരത്തില്‍ നിന്നായി 609 റണ്‍സും താരം സ്വന്തമാക്കിയിരുന്നു. അണ്ടര്‍ കൂച്ച് ബിഹാര്‍ ട്രോഫിയില്‍ 829 റണ്‍സാണ് ദേവ് നേടിയത്.

2018ല്‍ അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്കായി യുഎഇയ്‌ക്കെതിരേ ദേവ് സെഞ്ചുറിയും നേടിയിരുന്നു. 11ാം വയസ്സു മുതല്‍ താരം ബാംഗ്ലൂരില്‍ സ്ഥിര താമസമാണ്. 20കാരനായ ദേവ് കര്‍ണ്ണാടകയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. കര്‍ണാടക പ്രീമിയര്‍ ലീഗില്‍ ബെല്ലാരി ടസ്‌കേഴ്‌സ് താരമാണ് ദേവ്ദത്ത്. ബെല്ലാരിക്കു വേണ്ടി കളിക്കുന്നതിനിടെയാണ് താരത്തിന് ആര്‍സിബിയുടെ ഓഫര്‍ വന്നത്. മികച്ച പ്രതിഭയായ ദേവിനെ ഇന്ന് അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപോര്‍ട്ട്. ഐപിഎല്‍ ഏറെ ആരാധകര്‍ ഉള്ള ടീമാണ് ആര്‍സിബി. ദേവ്ദത്ത് ഇന്ന് കളിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളി ആരാധകരും.

Next Story

RELATED STORIES

Share it