Football

ലോകകപ്പ് യോഗ്യത; ഏഷ്യന്‍ ചാംപ്യന്‍മാരെ തളച്ച് ഇന്ത്യ (വീഡിയോ)

ഇന്ത്യന്‍ ടീമിന്റെ തുറുപ്പുചീട്ടായ ക്യാപ്റ്റന്‍ സുനില്‍ ചേത്രിയുടെ അഭാവത്തില്‍ ഇറങ്ങിയ ഇന്ത്യന്‍നിര ആദ്യപകുതിയില്‍ വിയര്‍ത്തെങ്കില്‍ രണ്ടാം പകുതിയിലുടനീളം മുന്നേറി. ആദ്യപകുതിയില്‍ പ്രതിരോധത്തില്‍ ഊന്നിയാണ് ഇന്ത്യ മുന്നേറിയത്.

ലോകകപ്പ് യോഗ്യത; ഏഷ്യന്‍ ചാംപ്യന്‍മാരെ തളച്ച് ഇന്ത്യ (വീഡിയോ)
X

ഷഫീക്ക് പയേത്ത്

ദോഹ: 2022 ലോകകപ്പിനുള്ള ഗ്രൂപ്പ് ഇയിലെ രണ്ടാം റൗണ്ട് യോഗ്യതാ മല്‍സരത്തില്‍ ഏഷ്യന്‍ ചാംപ്യന്‍മാരായ ഖത്തറിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഇന്ത്യ. ദോഹയിലെ അല്‍ സദ്ദ് സ്‌റ്റേഡിയത്തില്‍ നടന്ന ആവേശഭരിതമായ മല്‍സരത്തില്‍ ആയിരക്കണക്കിനു വരുന്ന ഇന്ത്യന്‍ കാണികളുടെ മുന്നിലായിരുന്നു ഇന്ത്യന്‍ ടീമിന്റെ കരുത്തുറ്റ പ്രകടനം. ഇന്ത്യന്‍ ടീമിന്റെ തുറുപ്പുചീട്ടായ ക്യാപ്റ്റന്‍ സുനില്‍ ചേത്രിയുടെ അഭാവത്തില്‍ ഇറങ്ങിയ ഇന്ത്യന്‍നിര ആദ്യപകുതിയില്‍ വിയര്‍ത്തെങ്കില്‍ രണ്ടാം പകുതിയിലുടനീളം മുന്നേറി. ആദ്യപകുതിയില്‍ പ്രതിരോധത്തില്‍ ഊന്നിയാണ് ഇന്ത്യ മുന്നേറിയത്.

ആദില്‍ ഖാന്‍, ജിങ്കന്‍ എന്നിവര്‍ പ്രതിരോധ നിരയില്‍ മുന്നിട്ടുനിന്നു. ഇന്ത്യന്‍ നിരയിലെ യഥാര്‍ഥതാരം ഗോളിയും താല്‍ക്കാലിക ക്യാപ്റ്റന്‍ ചുമതലയുമുള്ള ഗുര്‍പ്രീത് സിങ് സന്ധുവാണ്. ഗുര്‍പ്രീതിന്റെ മികച്ച നിരവധി സേവുകളാണ് ഇന്ത്യയ്ക്ക് തുണയായത്. ഖത്തര്‍ ഇന്ത്യയേക്കാള്‍ മുന്നേറുകയും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍, പ്രതിരോധനിരയുടെ കരുത്തും ഗുര്‍പ്രീതിന്റെ സേവുകളും ഇന്ത്യയെ രക്ഷപ്പെടുത്തുകയായിരുന്നു. പനിയെത്തുടര്‍ന്നാണ് ക്യാപ്റ്റന്‍ ഛേത്രി ഇന്ന് കളിക്കാതിരുന്നത്.

കൂടാതെ ആശിഖ് കുരുണിയന്‍, സുഭാഷിഷ് എന്നിവരെ ഒഴിവാക്കിയാണ് ഇന്ത്യ ഇന്ന് ആദ്യ ഇലവന്‍ പ്രഖ്യാപിച്ചത്. ഗ്രൂപ്പ് ഇയില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ആദ്യജയം സ്വന്തമാക്കി. ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിനാണ് അഫ്ഗാന്‍ പരാജയപ്പെടുത്തിയത്. 27ാം മിനിറ്റില്‍ നൂര്‍ ആണ് അഫ്ഗാനായി ഗോള്‍ നേടിയത്. ജയത്തോടെ രണ്ട് മല്‍സരങ്ങളില്‍നിന്ന് അഫ്ഗാന് മൂന്ന് പോയിന്റായി. ആദ്യ മല്‍സരത്തില്‍ ഖത്തര്‍ അഫ്ഗാനെ പരാജയപ്പെടുത്തിയിരുന്നു.ഇതോടെ പോയിന്റ് നിലയില്‍ ഖത്തര്‍ ഒന്നാമതും ഒമാന്‍, അഫ്ഗാന്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലും ഇന്ത്യ ഒരു പോയിന്റുമായി നാലാമതുമാണ്. ബംഗ്ലാദേശ് അഞ്ചാംസ്ഥാനത്താണ്.

Next Story

RELATED STORIES

Share it