Feature

പോര്‍ട്ടോ റൊണാള്‍ഡോയ്ക്ക് വില്ലനാവുമോ; യുവന്റസിന് ചാംപ്യന്‍സ് ലീഗില്‍ ഇന്ന് അഗ്നിപരീക്ഷ

2009ന് ശേഷം ടീം ഇത് വരെ നോക്കൗട്ട് റൗണ്ടില്‍ കയറിയിട്ടില്ല.

പോര്‍ട്ടോ റൊണാള്‍ഡോയ്ക്ക് വില്ലനാവുമോ; യുവന്റസിന് ചാംപ്യന്‍സ് ലീഗില്‍ ഇന്ന് അഗ്നിപരീക്ഷ
X


ടൂറിന്‍: ചാംപ്യന്‍സ് ലീഗില്‍ യുവന്റസിന് ഇന്ന് നിലനില്‍പ്പിനായുള്ള പോരാട്ടം. പ്രീക്വാര്‍ട്ടറിലെ ആദ്യപാദത്തില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബ് എഫ് സി പോര്‍ട്ടോയോട് 2-1ന്റെ തോല്‍വിയാണ് യുവന്റസ് വാങ്ങിയത്. ഇന്ന് യുവന്റസിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മല്‍സരത്തില്‍ വന്‍ മാര്‍ജിനിലുള്ള ജയമാണ് യുവന്റസിന് ആവശ്യം. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്‍ തന്നെയാണ് കോച്ച് പിര്‍ളോയുടെ പ്രതീക്ഷ. ഇറ്റാലിയന്‍ സീരി എയില്‍ ലാസിയോയ്‌ക്കെതിരായ മല്‍സരത്തില്‍ റൊണാള്‍ഡോയ്ക്ക് വിശ്രമം നല്‍കിയിരുന്നു. ഇന്നത്തെ മല്‍സരത്തിന് മുന്നോടിയായിട്ടാണ് വിശ്രമം. ഡിബാല ഇന്ന് ടീമില്‍ തിരിച്ചെത്തുന്നതും യുവന്റസിന് മുന്‍തൂക്കം നല്‍കും. സീരി എയില്‍ മൂന്നാം സ്ഥാനത്തുള്ള യുവന്റസിന് ലീഗ് കിരീടം എന്ന സ്വപ്‌നവും പാതി വഴിയിലാണ്.ഇന്റര്‍ മിലാനും എസി മിലാനുമാണ് കിരീടപോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. പിര്‍ളോയ്ക്കും ടീമിനും ഇറ്റലിയില്‍ നിവര്‍ന്നുനില്‍ക്കണമെങ്കില്‍ ചാംപ്യന്‍സ് ലീഗിലെങ്കിലും ബഹുദൂരം മുന്നിലെത്തണം.


ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പുറത്താവന്നത് യുവന്റസിന്റെ സ്ഥിരം ശൈലിയാണ്. ഇതിന് ഇന്ന് മാറ്റം വരുമോ എന്ന കണ്ടറിയാം. കഴിഞ്ഞ ഏഴ് ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലും യുവന്റസ് പുറത്തായിരുന്നു. ചാംപ്യന്‍സ് ലക്ഷ്യം വച്ച് ടീമിലെത്തിച്ച റൊണാള്‍യോക്കും കഴിഞ്ഞ രണ്ട് സീസണിലും യുവന്റസിനെ രക്ഷിക്കാനായില്ല. താരത്തെ ക്ലബ്ബിലെത്തിച്ചതിനെതിരേ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. റൊണാള്‍ഡോയില്ലാതെ യുവന്റസ് നിരവധി സീരി എ കിരീടങ്ങള്‍ നേടിയിട്ടുണ്ടെന്നും ലീഗ് കിരീടത്തിന് വേണ്ടി മാത്രം താരത്തെ ടീമില്‍ നിലനിര്‍ത്തേണ്ടെന്നുമാണ് പഴയ താരങ്ങള്‍ അഭിപ്രായപ്പെടുന്നത്. ചാംപ്യന്‍സ് ലീഗിലെ ക്രിസ്റ്റ്യാനോയുടെ റെക്കോഡുകളെ തുടര്‍ന്നാണ് താരത്തെ ഇറ്റലിയിലെത്തിച്ചത്. എന്നാല്‍ യുവന്റസിനായി ചാംപ്യന്‍സ് ലീഗില്‍ തിളങ്ങാന്‍ റോണോയ്ക്കായിട്ടില്ല. ചാംപ്യന്‍സ് ലീഗില്‍ പോര്‍ട്ടോയ്ക്ക് വേണ്ടത്ര മികച്ച റെക്കോഡ് ഇല്ല. 2009ന് ശേഷം ടീം ഇത് വരെ നോക്കൗട്ട് റൗണ്ടില്‍ കയറിയിട്ടില്ല. എന്നാല്‍ വന്‍ ജയം തന്നെയാണ് ലക്ഷ്യമെന്നും ടീം ഒരുങ്ങിതന്നെയാണെന്നും പോര്‍ട്ടോ കോച്ച് അഭിപ്രായപ്പെട്ടു. ഇന്ന് അര്‍ദ്ധരാത്രി 1.15ന് നടക്കുന്ന മല്‍സരത്തില്‍ സ്വന്തം നാട്ടിലെ ക്ലബ്ബ് തന്നെ റൊണാള്‍ഡോയ്ക്ക്് വിലങ്ങ് തടിയാവുമോ എന്ന് കാണാം.




Next Story

RELATED STORIES

Share it