Football

സൂപ്പര്‍ ലീഗ് കേരള; തൃശൂര്‍ മാജിക്കില്‍ കൊമ്പന്മാര്‍ വീണു

തൃശൂര്‍ മാജിക് എഫ്‌സി തിരുവനന്തപുരം കൊമ്പന്‍സിനെ ഒരുഗോളിന് തോല്‍പ്പിച്ചു

സൂപ്പര്‍ ലീഗ് കേരള; തൃശൂര്‍ മാജിക്കില്‍ കൊമ്പന്മാര്‍ വീണു
X

തിരുവനന്തപുരം: കോഴിക്കോടിനു പിന്നാലെ അനന്തപുരിയിലും തൃശൂര്‍ മാജിക് എഫ്‌സിക്ക് വിജയം. സൂപ്പര്‍ ലീഗ് കേരള മൂന്നാം റൗണ്ടിലെ ആദ്യ മല്‍സരത്തില്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിനെ തൃശൂര്‍ മാജിക് എഫ്‌സി ഒരുഗോളിന് തോല്‍പ്പിച്ചു. ആദ്യ പകുതിയില്‍ നായകന്‍ മെയില്‍സണ്‍ ആല്‍വസാണ് വിജയഗോള്‍ കണ്ടെത്തിയത്. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും എവെ ഗ്രൗണ്ടില്‍ വിജയം നേടിയ തൃശൂര്‍ മൂന്നു മല്‍സരങ്ങളില്‍ നിന്ന് ആറുപോയന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി.

പന്ത്രണ്ടാം മിനിറ്റില്‍ കോര്‍ണറില്‍ നിന്നുവന്ന പന്ത് തേജസ് കൃഷ്ണ ഫ്രാന്‍സിസ് അഡോക്ക് നല്‍കി. ഘാനക്കാരന്‍ കൃത്യമായി ഹെഡ് ചെയ്തു നല്‍കിയ പന്തിനെ ഗോള്‍ വലയിലെത്തിച്ചാണ് ക്യാപ്റ്റന്‍ മെയില്‍സണ്‍ ആല്‍വസ് തൃശൂരിനെ മുന്നിലെത്തിച്ചത്. ഹോം ഗ്രൗണ്ടില്‍ കൊമ്പന്‍സിന്റെ സീസണിലെ രണ്ടാം തോല്‍വിയാണിത്. 6,941 പേരാണ് ഇന്നലെ മല്‍സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയത്.

ശനിയാഴ്ചയാണ് സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിലെ മലബാര്‍ ഡെര്‍ബി നടക്കുന്നത്. മൂന്നാം റൗണ്ടിലെ രണ്ടാം മല്‍സരത്തില്‍ മലപ്പുറം എഫ്‌സി കാലിക്കറ്റ് എഫ്‌സിയെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം. രണ്ടു മല്‍സരങ്ങളില്‍ നിന്നായി നാലു പോയന്റുള്ള മലപ്പുറം ഇതുവരെ തോല്‍വി വഴങ്ങിയിട്ടില്ല. രണ്ടു മല്‍സരങ്ങളില്‍ നിന്നായി മൂന്നു പോയന്റുള്ള കാലിക്കറ്റ് എഫ്‌സി കഴിഞ്ഞ മല്‍സരത്തില്‍ സ്വന്തം ഗ്രൗണ്ടില്‍ തൃശൂര്‍ മാജിക് എഫ്‌സിയോട് പരാജയപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it