Football

സൂപര്‍ ലീഗ് കേരള; സെമി ഉറപ്പിക്കാന്‍ മലപ്പുറവും തിരുവനന്തപുരവും ഇന്ന് നേര്‍ക്കുനേര്‍

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം

സൂപര്‍ ലീഗ് കേരള; സെമി ഉറപ്പിക്കാന്‍ മലപ്പുറവും തിരുവനന്തപുരവും ഇന്ന് നേര്‍ക്കുനേര്‍
X

തിരുവനന്തപുരം: സൂപ്പര്‍ ലീഗ് കേരളയില്‍ സെമി ഫൈനല്‍ ഉറപ്പിക്കാന്‍ മലപ്പുറം എഫ്സിയും തിരുവനന്തപുരം കൊമ്പന്‍സും ഇന്ന് ഏറ്റുമുട്ടും. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം. മലപ്പുറം എഫ്സിയെ തോല്‍പ്പിച്ചാല്‍ തിരുവനന്തപുരം കൊമ്പന്‍സ് സെമിയിലേക്ക് മുന്നേറും. മലപ്പുറം എഫ്സിക്ക് സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ന് വിജയം അനിവാര്യമാണ്. തിരുവനന്തപുരം കൊമ്പന്‍സ് ഇന്ന് ജയിച്ചാല്‍ സെമിയിലെത്തുന്ന മൂന്നാമത്തെ ടീമായി മാറും. കാലിക്കറ്റ് എഫ്‌സിയും തൃശൂര്‍ മാജിക്കും ഇതിനകം സെമിഫൈനല്‍ ഉറപ്പിച്ചു കഴിഞ്ഞു. ശേഷിക്കുന്ന രണ്ടു സ്ഥാനങ്ങള്‍ക്കായാണ് മലപ്പുറം, തിരുവനന്തപുരം, കണ്ണൂര്‍ എന്നീ ടീമുകള്‍ പോരാടുന്നത്. നിലവില്‍ എട്ടു മല്‍സരങ്ങളില്‍ നിന്ന് 11 പോയിന്റോടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് തിരുവനന്തപുരം കൊമ്പന്‍സുള്ളത്. മലപ്പുറം എഫ്‌സി എട്ടു മല്‍സരങ്ങളില്‍ 10 പോയിന്റോടെ തൊട്ടു പിന്നില്‍ നാലാം സ്ഥാനത്താണ്. ഈ മല്‍സരം ഉള്‍പ്പടെ ഇരു ടീമുകള്‍ക്കും രണ്ടു മല്‍സരങ്ങളാണ് ലീഗില്‍ ശേഷിക്കുന്നത്.

തിരുവനന്തപുരം കൊമ്പന്‍സും മലപ്പുറം എഫ്‌സിയും തമ്മില്‍ ഇതുവരെ ഏറ്റുമുട്ടിയപ്പോഴെല്ലാം സമനിലയില്‍ കലാശിച്ചിരുന്നു. പ്രഥമ സീസണില്‍ ഇരുവരും ഏറ്റുമുട്ടിയ രണ്ടു മല്‍സരങ്ങളും സമനിലയില്‍ പിരിഞ്ഞു. തിരുവനന്തപുരത്ത് നടന്ന മല്‍സരം 1-1, പയ്യനാട് നടന്ന മല്‍സരം 2-2. ഇത്തവണ പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ പാദ മല്‍സരം 1-1നാണ് അവസാനിച്ചത്. തൃശൂര്‍ മാജിക് എഫ്സിയെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ പിടിച്ചതിന്റെ ആത്മവിശ്വാസവുമായാണ് കൊമ്പന്‍സ് ഇന്ന് സ്വന്തം തട്ടകത്തില്‍ നിര്‍ണായക മല്‍സരത്തിനിറങ്ങുന്നത്. അതേസമയം മലപ്പുറം എഫ്സി കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേറ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് കാലിക്കറ്റിനോട് പരാജയപ്പെട്ടാണ് നിര്‍ണായകമായ പോരാട്ടത്തിനെത്തുന്നത്. പ്രഥമ സീസണില്‍ സെമി കാണാതെ പുറത്തായ മലപ്പുറത്തിന് ഇത്തവണ സെമിയിലേക്ക് മുന്നേറണമെങ്കില്‍ ഒരു സമനിലയ്ക്കപ്പുറം ജയം അനിവാര്യമാണ്. മല്‍സരം ടിവിയില്‍ ഡി ഡി മലയാളത്തിലും മൊബൈലില്‍ sports.com ലും തല്‍സമയം സംപ്രേഷണം നടക്കും.

Next Story

RELATED STORIES

Share it