Football

സൂപര്‍ ലീഗ് കേരള: കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി-തൃശൂര്‍ മാജിക് എഫ്‌സി ഫൈനല്‍ ഇന്ന്

സൂപര്‍ ലീഗ് കേരള: കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി-തൃശൂര്‍ മാജിക് എഫ്‌സി ഫൈനല്‍ ഇന്ന്
X

കണ്ണൂര്‍: സൂപര്‍ ലീഗ് കേരള രണ്ടാം സീസണിലെ കൊട്ടിക്കലാശം ഇന്ന്. കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ രാത്രി 7.30ന് കണ്ണൂര്‍ വാരിയേഴ്സ് എഫ്സി തൃശൂര്‍ മാജിക് എഫ്സിയെ നേരിടും. ഫൈനലില്‍ ആര് ജയിച്ചാലും കന്നി കിരീടനേട്ടമാകും. സ്വന്തം തട്ടകത്തില്‍ ഒരു ജയം പോലും രുചിച്ചിട്ടില്ലാത്ത വാരിയേഴ്‌സ് കിരീടമെന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ് പന്തു തട്ടുന്നത്. സെമി ഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരും ഗ്രൂപ്പിലെ ടോപ്പേഴ്സുമായ കാലിക്കറ്റ് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് കണ്ണൂര്‍ വാരിയേഴ്സ് ഫൈനലിന് യോഗ്യത നേടിയത്. മലപ്പുറം എഫ്സിയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് തൃശൂര്‍ ഫൈനലിന് വരുന്നത്. ഒരു കോടി രൂപയാണ് ജേതാക്കള്‍ക്ക് സമ്മാനത്തുക. റണ്ണേഴ്‌സ് അപ്പിന് 25 ലക്ഷവും.

മലയാളിയായ സിനാന്റെ ഗോളടി മികവിലാണ് കണ്ണൂരിന്റെ പ്രതീക്ഷ, ഒപ്പം അഡ്രിയാനോയും കരീം സംബുവും ചേരുമ്പോള്‍ മുന്നേറ്റ നിര ശക്തമാണ്, ആദ്യ മല്‍സരങ്ങളില്‍ മങ്ങി സെമിയില്‍ ഹാട്രിക്ക് മികവുമായി തിരിച്ചെത്തിയ മാര്‍ക്കസ് ജോസഫാണ് തൃശൂര്‍ മാജിക്ക് എഫ്‌സിയുടെ മുന്‍നിരയിലെ പോരാളി. സൂപര്‍ ലീഗിലാദ്യമായി ഇത്തവണ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കാനവസരം ലഭിച്ച ടീമുകള്‍ തമ്മിലാണ് കലാശപോരെന്നത് ഇന്നത്തെ ഫൈനലിന്റെ പ്രത്യേകതയാണ്. സ്വന്തം തട്ടകത്തില്‍ കളിച്ച അഞ്ചില്‍ മൂന്നും തോറ്റ കണ്ണൂര്‍ വാരിയേഴ്‌സിന് ഇവിടെ രണ്ടുമല്‍സരം സമനിലയില്‍ കലാശിച്ചു.

മികച്ച ഫോമില്‍ തുടരുന്ന മുഹമ്മദ് സിനാന്‍ തന്നെയാണ് കണ്ണൂര്‍ വാരിയേഴ്സിന്റെ പ്രധാന ശക്തി കേന്ദ്രം. 21 വയസുമാത്രം പ്രായമുള്ള സിനാന്‍ നിലവില്‍ 10 മല്‍സരങ്ങളില്‍ നിന്ന് നാലു ഗോളും രണ്ട് അസിസ്റ്റും നേടി ഏറ്റവും അധിക ഗോള്‍ നേടിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. സെമിയില്‍ ഗ്രൂപ്പ് ഘട്ടങ്ങളില്‍ 21 ഗോള്‍ നേടിയ കാലിക്കറ്റ് എഫ്സിക്ക് മുന്‍പില്‍ നിക്കോളാസും വികാസും നയിക്കുന്ന പ്രതിരോധ നിര കോട്ടകെട്ടി. രണ്ട് മല്‍സരങ്ങളിലും ക്ലീന്‍ഷീറ്റും സ്വന്തമാക്കി. ഈ സീസണില്‍ ആദ്യ മല്‍സരത്തില്‍ തൃശൂരിനോട് സമനില പാലിച്ച കണ്ണൂര്‍ തൃശൂരില്‍ രണ്ടു ഗോള്‍ വിജയം നേടി വിജയിച്ചിരുന്നു.

സൂപര്‍ ലീഗിലെ മികച്ച ടീമുകളില്‍ ഒന്നാണ് തൃശൂര്‍ മാജിക് എഫ്സി. ഗ്രൂപ്പ് മല്‍സരങ്ങള്‍ അവസാനിച്ചപ്പോള്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തായി ഫിനിഷ് ചെയ്തു. ലീഗില്‍ ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയതും അടിച്ചതും തൃശൂര്‍ മാജിക് എഫ്‌സിയാണ്. കൂടാതെ ഐ ലീഗില്‍ മികച്ച താരങ്ങളില്‍ ഒരാളായിരുന്നു മാര്‍ക്കസ് ജോസഫ് പരിക്ക് മാറി തിരിച്ചെത്തി മികച്ച ഫോമിലാണ്. സെമി ഫൈനലില്‍ മലപ്പുറത്തിനെതിരേ ഹാട്രിക്ക് ഗോളാണ് താരം നേടിയത്. ഒപ്പം അഫ്‌സലുമുണ്ട്. ലെനി റോഡ്രിഗസ് നയിക്കുന്ന മധ്യനിരയും മേഴ്സണ്‍ ആല്‍വസ് നയിക്കുന്ന പ്രതിരോധ നിരയും മികച്ചതാണ്. ഗോള്‍ പോസ്റ്റില്‍ ഇന്ത്യന്‍ അണ്ടര്‍ 23 കമാലുദ്ദീന്‍ ഡബിള്‍ സ്ട്രോങ്. രാത്രി 7.30 മുതല്‍ സോണി ടെന്‍, ഡി ഡി മലയാളം, സ്‌പോര്‍ട്‌സ് ഡോട്ട് കോം (വെബ്‌സൈറ്റ്) എന്നിവയിലൂടെ തല്‍സമയം സംപ്രേഷണം നടക്കും.

Next Story

RELATED STORIES

Share it