Football

സാവോ പോളോ സ്‌റ്റേറ്റ് ചാംപ്യന്‍ഷിപ്പില്‍ തോല്‍വി; മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ണിവല്ലില്‍ പങ്കെടുത്തു: നെയ്മറിനെതിരേ വിമര്‍ശനം

സാവോ പോളോ സ്‌റ്റേറ്റ് ചാംപ്യന്‍ഷിപ്പില്‍ തോല്‍വി; മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ണിവല്ലില്‍ പങ്കെടുത്തു: നെയ്മറിനെതിരേ വിമര്‍ശനം
X

സാവോപോളോ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ നിലവില്‍ സാന്റോസ് ക്ലബ്ബിനായി മിന്നും ഫോമിലാണ്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന സാവോപോളോ സ്‌റ്റേറ്റ് ചാംപ്യന്‍ഷിപ്പില്‍ നെയ്മറിന്റെ ക്ലബ്ബ് സാന്റോസ് ചിരവൈരികളായ കൊറിന്തന്‍സിനോട് 2-1ന് പരാജയപ്പെട്ടിരുന്നു. സെമിയില്‍ തോറ്റതോടെ സാന്റോസ് പുറത്തായിരുന്നു. കാലിനേറ്റ ചെറിയ പരിക്കിനെ തുടര്‍ന്ന് നെയ്മര്‍ ബെഞ്ചിലായിരുന്നു. എന്നാല്‍ മല്‍സരത്തിന് ശേഷം റിയോയില്‍ നടന്ന കാര്‍ണിവലില്‍ താരം പങ്കെടുത്തിരുന്നു. ഇത് താരത്തിനെതിരേ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്.സ്വന്തം ടീം പരാജയപ്പെട്ടിരിക്കുമ്പോള്‍ നെയ്മര്‍ കാര്‍ണിവലില്‍ പങ്കെടുത്ത് ആഘോഷിച്ചതിനെതിരേയാണ് വിമര്‍ശകര്‍ രംഗത്തെത്തിയിരിക്കുന്നത്.

നെയ്മറിനെ മല്‍സരത്തില്‍ ഇറക്കാത്തതിനെതിരേയും ആരാധകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനെതിരേ മറുപടിയുമായി സാന്റോസ് കോച്ച് രംഗത്തെത്തി. താരത്തിന് ചെറിയ പരിക്കുണ്ട്. പരിക്ക് കൂടുതല്‍ ഗുരുതരമാവേണ്ടെന്ന് കരുതിയാണ് നെയ്മറെ ഇറക്കാത്തതെന്നും കോച്ച് പറഞ്ഞു.

അതിനിടെ വിമര്‍ശകര്‍ക്കുള്ള മറുപടിയായി സാന്റോസ് നെയ്മര്‍ ഡ്രസ്സിങ് റൂമില്‍ കരയുന്ന വീഡിയോ പുറത്ത് വിട്ടിരുന്നു. സെമി ഫൈനല്‍ മല്‍സരത്തിന് മുമ്പ് സഹതാരങ്ങളോട് കരഞ്ഞ് സംസാരിക്കുന്ന വീഡിയോയാണ് സാന്റോസ് പുറത്ത് വിട്ടത്. എല്ലാ വിധത്തിലും ഞാന്‍ എന്നെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു, എനിക്ക് അനുഭവപ്പെടുന്ന സങ്കടം കാണിക്കുന്നില്ല, ''സ്‌ട്രൈക്കര്‍ പറഞ്ഞു. ''നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ എനിക്കായി കളിക്കുക. നിങ്ങള്‍ ഓരോരുത്തര്‍ക്കും വേണ്ടി കളിക്കാന്‍ ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ഹൃദയത്തില്‍ ഞാന്‍ എത്രമാത്രം നിരാശനാണെന്ന് നിങ്ങള്‍ക്കറിയില്ല-നെയ്്മര്‍ പറഞ്ഞു.

മികച്ച ഫോമിലുള്ള നെയ്മറെ ലോകകപ്പ് യോഗ്യത മല്‍സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ താരത്തിന്റെ പരിക്ക് വീണ്ടും തിരിച്ചടിയാവുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.




Next Story

RELATED STORIES

Share it