Football

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്
X

ലണ്ടന്‍:ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഇതുവരെ കാണാത്ത കിരീടപോരാട്ടത്തില്‍ അവസാനദിനം ലിവര്‍പൂള്ളിനെ തള്ളി മാഞ്ചസ്റ്റര്‍ സിറ്റി കിരീടം സ്വന്തമാക്കി. ബ്രൈറ്റണെ 4-1ന് തകര്‍ത്താണ് സിറ്റി തുടര്‍ച്ചയായ രണ്ടാം തവണയും ലീഗ് കിരീടം നേടിയത്. കിരീട നേട്ടത്തിനായി തൊട്ട് പിറകിലുണ്ടായിരുന്ന ലിവര്‍പൂള്‍ വോള്‍വ്‌സിനെ തോല്‍പ്പിച്ചെങ്കിലും ഒരു പോയിന്റ് വ്യത്യാസത്തില്‍ സിറ്റി കിരീടം സ്വന്തമാക്കുകയായിരുന്നു. 38 മല്‍സരങ്ങളില്‍ നിന്നായി സിറ്റിക്ക് 98 പോയിന്റും ലിവര്‍പൂളിന് 97 പോയിന്റുമാണുള്ളത്.

27ാം മിനിറ്റില്‍ ബ്രൈറ്റണാണ് സിറ്റിക്കെതിരേ ആദ്യം മുന്നിലെത്തിയത്. മുറേയാണ് സിറ്റിക്കായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 28ാം മിനിറ്റില്‍ സിറ്റിയുടെ സൂപ്പര്‍ താരം സെര്‍ജിയോ അഗ്വേറയിലൂടെ അവര്‍ സമനില ഗോള്‍ നേടി. അധികം വൈകാതെ സിറ്റി മല്‍സരത്തിന്റെ ആധിപത്യം ഏറ്റെടുത്തു. 38ാം മിനിറ്റില്‍ ലാപോര്‍ടെയുടെ ഹെഡറിലൂടെ സിറ്റി ലീഡ് നേടി. സിറ്റിയുടെ മൂന്നാം ഗോള്‍ മെഹറസിന്റെ വക രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു. 3-1ന്റെ ലീഡോടെ സിറ്റി കിരീടം ഉറപ്പിച്ചു. എന്നാല്‍ തകര്‍പ്പന്‍ ജയത്തിനായി 73ാം മിനിറ്റില്‍ ഗുണ്ടാഗന്റെ ഫ്രീകിക്കിലൂടെ സിറ്റി നാലാം ഗോളും നേടി. പെപ് ഗ്വാര്‍ഡിയോളുടെ ടീമിന്റെ ആറാം ലീഗ് കിരീടമാണിത്.

ലിവര്‍പൂള്‍ വോള്‍വ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോല്‍പ്പിച്ചത്. മാനെയാണ് ലിവര്‍പൂളിന്റെ രണ്ട് ഗോളും നേടിയത്. ആദ്യമായി കിരീടം നേടാമെന്ന ലിവര്‍പൂളിന്റെ സ്വപ്‌നങ്ങള്‍ സിറ്റിയുടെ പ്രകടനത്തിന് മുന്നില്‍ തകരുകയായിരുന്നു. സീസണില്‍ ലീഗിലെ ഭൂരിഭാഗവും ലിവര്‍പൂളിനായിരുന്നു ആധിപത്യം. എന്നാല്‍ കഴിഞ്ഞ ഏഴുമല്‍സരങ്ങളില്‍ സിറ്റി മികച്ച പ്രകടനത്തിലൂടെ മുന്നിലെത്തുകയായിരുന്നു.

ഇന്ന് നടന്ന അവസാന റൗണ്ട് മല്‍സരങ്ങളില്‍ ചെല്‍സി മൂന്നാമതായും ടോട്ടന്‍ഹാം നാലാമതായും ഫിനിഷ് ചെയ്തു. ചെല്‍സി ലെസ്റ്റര്‍ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. എവര്‍ട്ടണ്‍- ടോട്ടന്‍ഹാം മല്‍സരം 2-2 സമനിലയില്‍ കലാശിച്ചു. മറ്റ് മല്‍സരങ്ങളില്‍ ആഴ്‌സണല്‍ ബേണ്‍ലിയെ 3-1നും തോല്‍പ്പിച്ചു. കാര്‍ഡിഫ് 2-0ത്തിന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു. ആഴ്‌സണല്‍ അഞ്ചാം സ്ഥാനത്തും യുനൈറ്റഡ് ആറാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

Next Story

RELATED STORIES

Share it