Football

സന്തോഷ് ട്രോഫി: അങ്കത്തിനൊരുങ്ങി കേരളം; സീസണ്‍ നയിക്കും

കൊച്ചി: 73ാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യപിച്ചു. കഴിഞ്ഞ തവണ കേരളം ചാംപ്യന്മാരായപ്പോള്‍ ടീമിലുണ്ടായിരുന്ന മധ്യനിര താരം എസ് സീസണ്‍ (തിരുവനന്തപുരം) ആണ് കിരീടം നിലനിര്‍ത്താനായി കച്ചമുറുക്കിയിരിക്കുന്ന കേരള ടീമിനെ നയിക്കുന്നത്. 20 അംഗ ടീമിനെയാണ് കൊച്ചിയില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ എം ഐ മേത്തര്‍, മുഖ്യകോച്ച് വി പി ഷാജി എന്നിവര്‍ ചേര്‍ന്ന് പ്രഖ്യാപിച്ചത്. ഗോള്‍ കീപ്പര്‍ വി മിഥുന്‍(കണ്ണൂര്‍) ആണ് വൈസ് ക്യാപ്റ്റന്‍. മുഹമ്മദ് അഷര്‍, എസ് ഹജ്മല്‍ എന്നിവരാണ് മറ്റു ഗോള്‍കീപ്പര്‍മാര്‍. പ്രതിരോധ നിര-വൈ പി മുഹമ്മദ് ഷെരീഫ്(മലപ്പുറം),അലക്‌സ് ഷാജി(വയനാട്),രാഹുല്‍ വി രാജ്(തൃശൂര്‍),എസ് ലിജോ(ത്ിരുവനന്തപുരം),മുഹമ്മദ് സല(മലപ്പുറം),എസ് ഫ്രാന്‍സിസ്(തിരുവനന്തപുരം),എം സഫ് വാന്‍ (മലപ്പുറം)മധ്യനിരജിഫ്റ്റി സി ഗ്രേഷ്യസ്(കോട്ടയം), മുഹമ്മദ് ഇനയത്ത്(തിരുവനന്തപുരം),മുഹമ്മദ് പറക്കോട്ടില്‍(പാലക്കാട്),ജിപ്‌സണ്‍ ജസ്റ്റസ്് തിരുവനന്തപുരം),ജി ജിതിന്‍(തൃശൂര്‍). മുന്നേറ്റ നിര-പി സി അനുരാഗ്(തൃശൂര്‍),ക്രിസ്റ്റി ഡേവിസ്(തൃശൂര്‍),സ്‌റ്റെഫിന്‍ ദാസ്്(തൃശൂര്‍), സജിത് പൗലോസ്(തിരുവനന്തപുരം) എന്നിങ്ങനെയാണ് ടീമിലുള്ളത്. ഇതില്‍ ഒമ്പതു പേര്‍ പുതുമുഖങ്ങളാണ്. മിഥുന്‍,രാഹുല്‍,സീസണ്‍,ലിജോ എന്നിവര്‍ നാലു തവണയും എസ് ഹജ്മല്‍ മൂന്നു തവണയും, മുഹമ്മദ് പറക്കോട്ടില്‍ രണ്ടു തവണയും സജിത് പൗലോസ്്,ജി ജിതിന്‍,ജിപ്‌സണ്‍,പി സി അനുരാഗ്, വൈ പി മുഹമ്മദ് ഷെരീഫ് എന്നിവര്‍ ഒരു തവണയും സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി ബൂട്ടണിഞ്ഞവരാണ്. മില്‍ട്ടണ്‍ ആന്റണിയാണ് ടീമിന്റെ സഹ പരിശീലകന്‍. പി സി സുബീഷ് കൂമാര്‍ ആണ് ഗോള്‍ കീപ്പര്‍. കഴിഞ്ഞ തവണ കേരള ടീം ചാംപ്യന്മാരയപ്പോള്‍ ടീമിലെ നിര്‍ണായക കളിക്കാരായിരുന്ന വിബിന്‍ തോമസ്, ശ്രീരാഗ്, എം എസ് ജിതിന്‍, അഫ്ത്താല്‍ എന്നിവര്‍ ഇത്തവണ ടീമില്‍ ഇല്ല. എം എസ് ജിതിന്‍, അഫ്ത്താല്‍ എന്നിവര്‍ കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നതിനാലാണ് ടീമില്‍ ഇല്ലാത്തത്. വിബിന്‍ തോമസ്, ശ്രീരാഗ് എന്നിവര്‍ കേരള പോലീസിന്റെ ടീമിലാണ്. ഓള്‍ ഇന്ത്യാ തലത്തില്‍ പോലീസ് ടീമുകളുടെ മല്‍സരം ഉള്ളതിനാല്‍ ഇവരെ വിട്ടു തരാന്‍ കഴിയില്ലെന്ന് അറിയിച്ചതായി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ പറഞ്ഞു.ടീമില്‍ മികച്ച പ്രതീക്ഷയാണുളളതെന്ന് മുഖ്യ പരിശീലകന്‍ വി പി ഷാജി പറഞ്ഞു. പരിചയ സമ്പന്നരും പുതുമുഖങ്ങളും ഉള്‍പ്പെടുന്നതാണ് ടീം. അതു കൊണ്ടു തന്നെ കേരളം കിരീടം നിലനിര്‍ത്തുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും വി പി ഷാജി പറഞ്ഞു. നിലവിലെ ചാംപ്യന്‍സ് എന്ന നിലയില്‍ കുടുതല്‍ ഉത്തരവാദിത്വവും സമ്മര്‍ദ്ദവും ഉണ്ടെന്ന് നായകന്‍ സീസണ്‍ പറഞ്ഞു. നല്ല ടീമും നല്ല കോച്ചിംഗും സ്്റ്റാഫുകളുമാണുള്ളത്. അതു കൊണ്ടു തന്നെ ഇത്തവണയും കിരിടം കേരളത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷ. കഴിഞ്ഞ തവണ സന്തോഷ് ട്രോഫി കളിച്ച ഒമ്പതു പേര്‍ ഇത്തവണയും ടീമിലുണ്ട്്. ഇതു കൂടാതെ മുമ്പു കളിച്ചവരും ഉണ്ട്.പുതുമുഖങ്ങളായി എത്തിയിരിക്കുന്നവരും മികച്ച മല്‍സരം കളിച്ചു പരിചയമുളളവരാണ്.ഈ വര്‍ഷത്തെ പൂള്‍ കുറച്ച് കഠിനമാണ്. തെലുങ്കാന,സര്‍വീസസ് എന്നിവരുമായുള്ള മല്‍സരം കഠിനമായിരിക്കും. എങ്കിലും വിജയിക്കാനാവുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും സീസണ്‍ പറഞ്ഞു. ദക്ഷിണ മേഖല യോഗ്യതാ മല്‍സരങ്ങള്‍ നടക്കുന്ന തമിഴ്‌നാട്ടിലെ നെയ്‌വേലിയിലേയ്ക്ക്, ധന്‍ബാദ് എക്‌സ്പ്രസ്സില്‍ ജനുവരി 31നു രാവിലെ 7.10ന് ടീം പുറപ്പെടും. ദക്ഷിണ മേഖല യോഗ്യതാ റൗണ്ട് മല്‍സരങ്ങളില്‍ ഗ്രൂപ്പ് ബിയിലാണ് കേരളം. ഫെബ്രുവരി നാലിന് കേരളം തെലുങ്കാനയെ നേരിടും. ഫെബ്രുവരി ആറിന് കേരളത്തിന്റെ എതിരാളികള്‍ പോണ്ടിച്ചേരിയാണ്. ഫെബ്രുവരി എട്ടിന് കേരളം സര്‍വീസസിനെയാണ് നേരിടുക.


Next Story

RELATED STORIES

Share it