Football

ഗ്രീക്ക്-ഓസ്‌ട്രേലിയന്‍ ഇന്റര്‍നാഷണല്‍ സ്‌ട്രൈക്കര്‍ അപ്പോസ്‌തൊലോസ് ജിയാനു കേരള ബ്ലാസ്‌റ്റേഴ്‌സില്‍

എ ലീഗ് ക്ലബ്ബായ മക്കാര്‍ത്തര്‍ എഫ്‌സിയില്‍ നിന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തുന്ന താരം 2023 സമ്മര്‍ സീസണ്‍ വരെ യെല്ലോ ജഴ്‌സി അണിയും.

ഗ്രീക്ക്-ഓസ്‌ട്രേലിയന്‍ ഇന്റര്‍നാഷണല്‍ സ്‌ട്രൈക്കര്‍ അപ്പോസ്‌തൊലോസ് ജിയാനു കേരള ബ്ലാസ്‌റ്റേഴ്‌സില്‍
X

കൊച്ചി: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) 2022-23 സീസണിനായി ഗ്രീക്ക്-ഓസ്‌ട്രേലിയന്‍ ഇന്റര്‍നാഷണല്‍ സ്‌ട്രൈക്കര്‍ അപ്പോസ്‌തൊലോസ് ജിയാനുവിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. താരവുമായുള്ള കരാര്‍ ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എ ലീഗ് ക്ലബ്ബായ മക്കാര്‍ത്തര്‍ എഫ്‌സിയില്‍ നിന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തുന്ന താരം 2023 സമ്മര്‍ സീസണ്‍ വരെ യെല്ലോ ജഴ്‌സി അണിയും.

ഗ്രീസില്‍ ജനിച്ച് ജിയോനു, ചെറുപ്പത്തില്‍ തന്നെ ഓസ്‌ട്രേലിയയിലേക്ക് മാറി. ഓക്ലെയ് കാനന്‍സിലെ പ്രഫഷണല്‍ അരങ്ങേറ്റത്തിന് മുമ്പ് വിക്ടോറിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്ട്, സൗത്ത് മെല്‍ബണ്‍ എന്നിവയുടെ യൂത്ത് ടീമുകള്‍ക്ക് വേണ്ടി കളിച്ചു. പതിനാല് വര്‍ഷം മുമ്പ് ഗ്രീക്ക് ഫസ്റ്റ് ഡിവിഷന്‍ ടീമായ അപ്പോലോണ്‍ കലമാരിയസിലേക്കുള്ള ട്രാന്‍സ്ഫറിനെ തുടര്‍ന്ന് വിദേശത്തേക്ക് പോയി. കവാല, പിഎഒകെ, എത്‌നിക്കോസ്, പാനിയോനിയോസ്, ആസ്‌റ്റെറിസ് ട്രിപ്പോളി തുടങ്ങിയ നിരവധി ഗ്രീക്ക് ഫസ്റ്റ് ഡിവിഷന്‍ ടീമുകള്‍ക്കൊപ്പം 150ലധികം മല്‍സരങ്ങള്‍ കളിച്ച താരം 38 ഗോളുകളും 15 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു.2016ല്‍, റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് ചൈനീസ് ക്ലബ്ബായ ഗ്വാങ്‌ഷോ സിറ്റി എഫ്‌സിയില്‍ ചേര്‍ന്നു. ഏഷ്യയിലെ രണ്ട് സീസണുകള്‍ക്ക് ശേഷം സൈപ്രസ് ടീമായ എഇകെ ലാര്‍നാക്കയില്‍ എത്തിയ ജിയാനു, പിന്നീട് ഗ്രീസിലെ ഒഎഫ്‌ഐ ക്രീറ്റ് എഫ്‌സിയിലേക്ക് കളം മാറി.

ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ ഒപ്പിടും മുമ്പ് എ ലീഗ് ടീമായ മക്കാര്‍ത്തര്‍ എഫ്‌സിയിലായിരുന്നു. ക്ലബ്ബിനായി 21 മല്‍സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകളാണ് നേടിയത്. എല്ലാ യൂത്ത് ടീം തലങ്ങളിലും ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച ജിയാനു 12 മല്‍സരങ്ങളില്‍ ഓസ്‌ട്രേലിയന്‍ സീനിയര്‍ ദേശീയ ടീമിനായും ബൂട്ടുകെട്ടി. രണ്ടു ഗോളുകളും നാല് അസിസ്റ്റുകളുമാണ് സമ്പാദ്യം. ഗ്രീക്ക് ദേശീയ ടീമിനായും ഒരു മല്‍സരം കളിച്ചിട്ടുണ്ട്.

അപ്പോസ്‌തൊലോസ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ചേര്‍ന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന്, സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ വിദേശ സൈനിങിനെ കുറിച്ച് സംസാരിക്കവേ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി തങ്ങളുടെ ലക്ഷ്യമായിരുന്നു അദ്ദേഹം. തങ്ങളുടെ കളിശൈലിക്ക് യോജിച്ച കഠിനാധ്വാനിയായ അറ്റാക്കറുമാണ്.ജിയാനുവിന് കേരളത്തില്‍ ഏറ്റവും നല്ല കാലം ആശംസിക്കുന്നുവെന്ന് കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍ ചേരുന്നതില്‍ അത്യന്തം സന്തോഷമുണ്ടെന്ന് അപ്പോസ്‌തൊലോസ് ജിയാനു പറഞ്ഞു. കരാര്‍ ഒപ്പുവച്ചതോടെ, അപ്പോസ്‌തൊലോസ് ജിയാനു സമ്മര്‍ സീസണില്‍ കെബിഎഫ്‌സിയുടെ ആദ്യ വിദേശ സൈനിങായി മാറി. ജിയാനുവിന്റെ വരവ്, വരാനിരിക്കുന്ന സീസണിനായി തയ്യാറെടുക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണ നിരക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന് ക്ലബ്ബ് മാനേജ്‌മെന്റ് അറിയിച്ചു.

Next Story

RELATED STORIES

Share it