Football

കോഴിക്കോട് സ്വദേശി ഷിബിന്‍ രാജ് കേരള ബ്ലാസ്റ്റേഴ്സില്‍

ഒരു മലയാളി എന്ന നിലയില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാവുക എന്നത് മഹത്തായ ഒരു അനുഭവമാണെന്നും ഇതൊരു തുടക്കം മാത്രമാണെന്നും ഷിബിന്‍ രാജ് പറഞ്ഞു. ഷിബിന്‍ കഴിവും മികച്ച ശാരീരികക്ഷമതയുമുളള മികച്ച കളിക്കാരനാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകന്‍ എല്‍ക്കോ ഷട്ടോരി പറഞ്ഞു.മികച്ച പരിശീലനം നല്‍കി അദ്ദേഹത്തിന്റെ കഴിവ് വികസിപ്പിക്കുന്നതിനുളള വേദിയൊരുക്കാമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും എല്‍ക്കോ ഷട്ടോരി പറഞ്ഞു

കോഴിക്കോട് സ്വദേശി ഷിബിന്‍ രാജ് കേരള ബ്ലാസ്റ്റേഴ്സില്‍
X

കൊച്ചി: പുതിയ മലയാളി താരവുമായി കേരള ബ്ലാസ്റ്റേഴ്സ് കരാര്‍ ഒപ്പുവെച്ചു. കോഴിക്കോട് സ്വദേശിയായ 26 കാരന്‍ ഷിബിന്‍ രാജ് കുന്നിയില്‍ ആണ് ബ്ലാസ്റ്റേഴ്സ് ടീമില്‍ ഇടം നേടിയിരിക്കുന്ന പുതിയ താരം. സായിയുടെ ഭാഗമായി 2007ലാണ് ഷിബിന്‍ രാജ് തന്റെ ഫുട്ബോള്‍ കരിയര്‍ ആരംഭിക്കുന്നത്. 2009ല്‍ ജില്ലാ ടീമിനെ പ്രതിനിധീകരിച്ച് ആദ്യമായി കളത്തിലിറങ്ങി. 2010ല്‍ കല്‍ക്കത്തയില്‍ വെച്ച് നടന്ന ബിസി റോയ് ട്രോഫിയില്‍ കേരള ടീമംഗമായിരുന്നു ഷിബിന്‍ രാജ്. 2010 ല്‍ ചൈനയില്‍ നടന്ന മല്‍സരത്തില്‍ 19വയസ്സിന് താഴെയുളളവരുടെ ദേശീയ ടീമില്‍ ഇടംപിടിക്കാന്‍ ഷിബിന്‍ രാജിന്റെ മികച്ച പ്രകടനം സഹായിച്ചു. സുബ്രതോ കപ്പില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ടീമില്‍ കളിച്ച ഷിബിന്‍ രാജ് മികച്ച കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു. 2011ല്‍ സ്‌കോളര്‍ഷിപ്പോടെ എയര്‍ഫോഴ്സില്‍ ചേര്‍ന്ന ഷിബിന്‍ രാജ് സര്‍വീസസ് ടീമിന്റെ ഭാഗമാവുകയും സന്തോഷ് ട്രോഫി നേടുകയും ചെയ്തു.

പിന്നീട് 2016ല്‍ ഷിബിന്‍ മോഹന്‍ ബഗാന്‍ എഫ്സിയില്‍ ചേര്‍ന്നു. 2018ല്‍ ഗോകുലം എഫ്സി ടീമില്‍ ചേരുകയും ഐ ലീഗില്‍ 11 മല്‍സരങ്ങളില്‍ പങ്കെടുക്കുകയും ടീമിനെ നയിക്കുകയും ചെയ്തു. ഒരു മലയാളി എന്ന നിലയില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാവുക എന്നത് മഹത്തായ ഒരു അനുഭവമാണെന്നും ഇതൊരു തുടക്കം മാത്രമാണെന്നും ഷിബിന്‍ രാജ് പറഞ്ഞു.താന്‍ കഴിവിന്റെ പരമാവധി പ്രകടനം പുറത്തെടുക്കുമെന്നും ടീമിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുതരുന്നു. ഒരു മികച്ച സീസണാണ് ഇനി വരാനിരിക്കുന്നതെന്നും ഷിബിന്‍ രാജ് പറഞ്ഞു.ഷിബിന്‍ കഴിവും മികച്ച ശാരീരികക്ഷമതയുമുളള മികച്ച കളിക്കാരനാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകന്‍ എല്‍ക്കോ ഷട്ടോരി പറഞ്ഞു.മികച്ച പരിശീലനം നല്‍കി അദ്ദേഹത്തിന്റെ കഴിവ് വികസിപ്പിക്കുന്നതിനുളള വേദിയൊരുക്കാമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു. ടീമംഗമായി അദ്ദേഹത്തെ ലഭിക്കുന്നതില്‍ തങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടെന്നും എല്‍ക്കോ ഷട്ടോരി പറഞ്ഞു.

Next Story

RELATED STORIES

Share it